കോട്ടയത്തെ കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ പങ്കെടുത്ത കെ റെയിൽ പ്രതിഷേധ പരിപാടിയിൽ നിന്നും കോട്ടയം ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് വിട്ടു നിന്നതാണ് വിവാദങ്ങൾക്ക് കാരണം. ഫ്ലക്സ് ബോർഡിൽ ചിത്രം വയ്ക്കാത്തതുകൊണ്ടാണ് ഡിസിസി പ്രസിഡൻറ് വിട്ടുനിന്നത് എന്ന ആരോപണം കോട്ടയത്തെ യുഡിഎഫ് ജില്ലാ ഭാരവാഹികൾ ഉയർത്തിയപ്പോൾ കൃത്യമായ വിശദീകരണവുമായി ഇന്ന് നാട്ടകം സുരേഷ് പത്രസമ്മേളനം നടത്തി.

വ്യക്തമായ കാരണങ്ങൾ ഉള്ളതുകൊണ്ടാണ് യോഗത്തിൽ പങ്കെടുക്കാതെ മാറിനിന്നതൊന്നും, ആ കാരണങ്ങൾ പാർട്ടി വേദിയിൽ വ്യക്തമാക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷനേതാവ് ജില്ലയിൽ എത്തുമ്പോൾ പാർട്ടിയുടെ ജില്ലാ അധ്യക്ഷൻ വിവരം അറിയാറില്ല എന്നും ഡിസിസി പ്രസിഡൻറ് വ്യക്തമാക്കി. ബഹിഷ്കരണത്തിന് യഥാർത്ഥ കാരണം കോട്ടയത്തെ യുഡിഎഫ് ജില്ലാ ചെയർമാൻ കൺവീനർ എന്നിവർ മതിയായ കൂടിയാലോചന ഇല്ലാതെ പരിപാടികൾ പ്രഖ്യാപിക്കുന്നതും, കോൺഗ്രസ് ജില്ലാ കമ്മിറ്റിയെ മറികടന്ന് സമാന്തര പ്രവർത്തനം നടത്തുന്നതുമാണ് എന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ സംസാരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇടയിലൂടെ രക്ഷപ്പെട്ടത് ഫിലിപ്പ് ജോസഫ്

രമേശ് ചെന്നിത്തലയുടെ വിശ്വസ്തനും, ഐ എൻ ടി യു സി കോട്ടയം ജില്ലാ പ്രസിഡൻറുമായ ഫിലിപ്പ് ജോസഫ് ആണ് വിവാദങ്ങൾക്കിടയിൽ രക്ഷ നേടിയ നേതാവ്. ഇന്നലെ പ്രതിപക്ഷനേതാവ് ജില്ലയിൽ എത്തുന്ന ദിവസം തന്നെ രാവിലെ ചങ്ങനാശ്ശേരിയിൽ അദ്ദേഹത്തിനെതിരെ ഐഎൻടിയുസി പ്രവർത്തകരുടെ പ്രതിഷേധ മാർച്ച് നടന്നിരുന്നു. ഇത് സംസ്ഥാനതലത്തിൽ വാർത്തയാകുകയും ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റിന്റ മനസ്സറിവില്ലാതെ ഇത്തരം ഒരു നീക്കം നടക്കുകയില്ല എന്നും ആരോപണവും ഉയർന്നിരുന്നു. എന്നാൽ ഡിസിസി പ്രസിഡൻറ് പ്രതിപക്ഷനേതാവ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പങ്കെടുക്കാതെ വന്നതോടെ വിവാദം ദിശമാറി പോകുകയായിരുന്നു.

കോട്ടയത്തെ കലങ്ങി മറിയുന്ന കോൺഗ്രസ് രാഷ്ട്രീയം:

കുറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു അഗ്നിപർവ്വതം ഇന്നലെ പൊട്ടിത്തെറിക്കുകയായിരുന്നു. കെപിസിസി ഭാരവാഹി കൂടിയായ യുഡിഎഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യനും, കോട്ടയം ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷും തമ്മിൽ നടക്കുന്ന ശീതസമരം ആണ് ഇന്നലെ പൊട്ടിത്തെറിയോളം എത്തിയത്. ജില്ലയിൽ നിന്നുള്ള കെപിസിസി ഭാരവാഹി എന്ന ലേബലിൽ സമാന്തര പ്രവർത്തനങ്ങൾ നടത്തി കോട്ടയത്ത് പാർട്ടിയിൽ അധീശത്വം ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് കെപിസിസി ജനറൽ സെക്രട്ടറി നടത്തുന്നതെന്നാണ് ഒരു വിഭാഗം ആരോപണമുന്നയിക്കുന്നത്. എന്നാൽ ഡിസിസി പ്രസിഡൻറ് യുഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിന്നത് തികച്ചും അപക്വമായി എന്ന ആരോപണമാണ് മറുപക്ഷം ഉന്നയിക്കുന്നത്.

ഉമ്മൻചാണ്ടിയുടെ ഇടപെടൽ അനിവാര്യം:

കോട്ടയത്ത് കോൺഗ്രസിൽ സമാധാനം പുനസ്ഥാപിക്കാനും, ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്ന സാഹചര്യം ഉറപ്പിക്കുവാനും ഉമ്മൻചാണ്ടിക്ക് മാത്രമേ കഴിയൂ എന്നാണ് ഇപ്പോൾ ഒരു വിഭാഗം പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ഉമ്മൻ ചാണ്ടിയുടെ സജീവമായ ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടാകുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

കെ റെയിൽ സമരം ഏറ്റവും ശക്തമായി നടത്തിയ ജില്ലയാണ് കോട്ടയം. കെപിസിസി പ്രസിഡൻറ് നൽകിയ ആഹ്വാനപ്രകാരം റെയിൽ കുറ്റികൾ പരസ്യമായി പിഴുതെടുത്ത് മാറ്റിയ ആദ്യത്തെ ജില്ലയും കോട്ടയമാണ്. ഈ സമരങ്ങൾക്ക് നേതൃത്വം നൽകിയത് ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് ആണ്. അതുകൊണ്ടു തന്നെ ജില്ലയിലെ പ്രവർത്തകർക്കിടയിൽ വലിയ സ്വാധീനവും സ്വീകാര്യതയും അദ്ദേഹത്തിനുണ്ട്.

ഉമ്മൻ ചാണ്ടിയുടെ നോമിനിയായി ഡിസിസി അധ്യക്ഷ പദവിയിൽ എത്തിയ അദ്ദേഹം ഉമ്മൻചാണ്ടിയോട് അചഞ്ചലമായ കൂറുപുലർത്തുന്ന ഒരു നേതാവ് കൂടിയാണ്. അതുകൊണ്ടുതന്നെ ഉമ്മൻചാണ്ടി ആവശ്യപ്പെട്ടാൽ സമാധാന സമവായ നീക്കങ്ങൾക്ക് ഡിസിസി പ്രസിഡൻറ് വഴങ്ങുമെന്ന് തന്നെയാണ് രാഷ്ട്രീയ വൃത്തങ്ങളും വിലയിരുത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക