കോട്ടയം: സില്‍വര്‍ ലൈന്‍ പദ്ധതി പാര്‍ട്ടിയുടെ അടിത്തറ ഇളക്കുമെന്ന മുന്നറിയിപ്പുമായി കേരള കോണ്‍​ഗ്രസ് എമ്മിന്റെ ഒരു വിഭാ​ഗം നേതാക്കള്‍. കോട്ടയം ജില്ലയില്‍ ഉള്‍പ്പെടെ പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലകളിലെല്ലാം കെ റെയില്‍ വിരുദ്ധ സമരം ശക്തമാണെന്നും ജനവികാരം പാര്‍ട്ടിക്കെതിരാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇനിയും പദ്ധതിയെ എതിര്‍ക്കാതിരുന്നാല്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ യുഡിഎഫിലേക്ക് ചേക്കേറുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.

കേരള കോണ്‍​ഗ്രസിന്റെ കോട്ടയത്തെ ഒരു മുതിര്‍ന്ന നേതാവിന്റെ നേതൃത്വത്തിലാണ് കെ റെയില്‍ വിരുദ്ധ നിലപാട് സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നത്. ഇടത് മുന്നണിയിലും പൊതു സമൂഹത്തിന് മുന്നിലും പാര്‍ട്ടി നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ ഏപ്രില്‍ ഒന്നിന് കോട്ടയത്ത് യുഡിഎഫ് നടത്തുന്ന ജനസദസില്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച്‌ ശക്തി തെളിയിക്കാനാണ് വിമത വിഭാ​ഗം ശ്രമിക്കുന്നത്. ഇതിനടെ, ജോസ് കെ മാണിയുമായി ഇടഞ്ഞ് നില്‍ക്കുന്നവരെ തങ്ങള്‍ക്കൊപ്പം കൂട്ടാന്‍ ജോസഫ് ​ഗ്രൂപ്പും ശ്രമം തുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ റെയില്‍ പദ്ധതിയെ പരസ്യമായി പിന്തുണക്കാനോ എതിര്‍ക്കാനോ കഴിയാത്തതാണ് കേരള കോണ്‍​ഗ്രസ് എമ്മിന് തിരിച്ചടിയാകുന്നത്. മധ്യതിരുവിതാംകൂറില്‍ സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ കേരള കോണ്‍​ഗ്രസ് എമ്മിന് നിര്‍ണായക സ്വാധീനമുണ്ട്. കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരി, പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂര്‍, കടുത്തുരുത്തി, വൈക്കം, പത്തനംതിട്ട ജില്ലയില്‍ ആറന്മുള, കോയിപ്പുറം, ഇരവുപേരൂര്‍, കല്ലൂപ്പാറ, കവിയൂര്‍, കുന്നന്താനം, എറണാകുളം ജില്ലയില്‍ പിറവം ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍, വടക്കന്‍ കേരളത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് സ്വാധീനമുള്ള കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും സമരം ശക്തമാണ്. കത്തോലിക്കാ സഭ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതും പാര്‍ട്ടിയെ വെട്ടിലാക്കി. എന്നാല്‍, സിപിഎമ്മിനൊപ്പം നിന്ന് ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനോ, സമരക്കാര്‍ക്കൊപ്പം നിന്ന് പദ്ധതിയെ എതിര്‍ക്കാനോ കേരള കോണ്‍​ഗ്രസ് എമ്മിന് കഴിയാത്ത സാഹചര്യമാണ് നിലവില്‍.

ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സംഘര്‍ഷമുണ്ടായ മാടപ്പള്ളി സന്ദര്‍ശിച്ച്‌ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. പദ്ധതിയെ നിശിതമായി വിമര്‍ശിച്ച്‌ അദ്ദേഹം ലേഖനവും എഴുതിയിരുന്നു. കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂര്‍, ചെങ്ങന്നൂര്‍, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലെ പല പഞ്ചായത്തുകളും സില്‍വര്‍ലൈന്‍ പദ്ധതിയോടെ ഇല്ലാതാവുകയാണ്. ജനങ്ങള്‍ വിഷമിക്കുമ്ബോള്‍, ജനങ്ങള്‍ ഒരു കാരണവുമില്ലാതെ സ്വന്തം ഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെടുമ്ബോള്‍ മത മേലധ്യക്ഷന്‍മാര്‍ ഇടപെടുമെന്നും അതിനെ വിമോചന സമരമെന്ന് പേരില്‍ സര്‍ക്കാര്‍ മുദ്ര കുത്തുന്നത് അപഹാസ്യമാണെന്നും ആര്‍ച്ച്‌ ബിഷപ്പ് ചൂണ്ടികാണിച്ചിരുന്നു.

സമരത്തിനെതിരെ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ഓര്‍ത്തഡോക്സ് സഭയെയും ചൊടിപ്പിച്ചിരിക്കുകയാണ്. ചെങ്ങന്നൂരില്‍ സമരരംഗത്ത് ഓര്‍ത്തഡോക്സ് സഭയുമുണ്ടായിരുന്നു. കല്ലിടുന്നത് തടയാന്‍ ശ്രമിച്ച ഒരു വൈദികനെ പൊലീസ് മര്‍ദ്ദിച്ചതിനെതിരെ രൂക്ഷപ്രതികരണവുമായി സഭ രംഗത്തുവന്നു. ചെങ്ങന്നൂരും കേരള കോണ്‍ഗ്രസ് എമ്മിന്റെ സജീവ പ്രവര്‍ത്തന മേഖലയാണ്.

പദ്ധതിയോടുള്ള എതിര്‍പ്പ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ തത്ക്കാലം മൗനം പാലിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. സില്‍വര്‍ ലൈന്‍ പാത കടന്നുപോകുന്ന അമ്ബതോളം നിയോജക മണ്ഡലങ്ങളിലെ ഭരണപക്ഷ എംഎ‍ല്‍എമാരും ആശങ്കയിലാണ്. രണ്ടാംഘട്ടത്തില്‍ ആരാധനാലയങ്ങളിലും മറ്റും കല്ലിടുന്നതോടെ എതിര്‍പ്പുകള്‍ രൂക്ഷമാകുമെന്ന ആശങ്കയിലാണ് കേരള കോണ്‍​ഗ്രസ് എം നേതൃത്വം. ജോസ് കെ മാണിയുടെ ഈ നിശബ്ദതയെ മുതലെടുക്കാനാണ് സിപിഎമ്മും സിപിഐയും കരുക്കള്‍ നീക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക