സൈബര്‍ സെല്ലിന്റെ പേരില്‍ വ്യാജ സന്ദേശം ലഭിച്ച വിദ്യാര്‍ത്ഥി മനംനൊന്ത് ആത്മഹത്യ ചെയ്തു. കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആദിനാഥാണ് ആത്മഹത്യ ചെയ്തത്. ചേവായൂരിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ലാപ്‌ടോപ്പില്‍ സിനിമ കണ്ടു കൊണ്ടിരിക്കെയാണ് സൈബര്‍ സെല്ലിന്റെ പേരില്‍ ലാപ് ടോപ്പില്‍ വ്യാജ സന്ദേശം ലഭിച്ചത്. നിയമ വിരുദ്ധമായ സൈറ്റിലാണ് കയറിയതെന്നും 33,900 രൂപ ഉടൻ അടയ്‌ക്കണം എന്നുമാവശ്യപ്പെട്ടായിരുന്നു സന്ദേശം. നാഷ്ണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റ് ഉപയോഗിച്ചായിരുന്നു ഹാക്കര്‍ പണം ആവശ്യപ്പെട്ടത്. ബ്രൗസര്‍ ലോക്ക് ചെയ്‌തെന്നും കമ്ബ്യൂട്ടര്‍ ഹാക്ക് ചെയ്‌തെന്നും സന്ദേശത്തിലുണ്ടായിരുന്നു.
നിയമവിരുദ്ധമായ സൈറ്റാണ് ഉപയോഗിച്ചതെന്നും 6 മണിക്കൂറിനുള്ളില്‍ പണമടയ്‌ക്കണമെന്നും ഭീഷണിപ്പെടുത്തി. പണം അടച്ചില്ലെങ്കില്‍ രണ്ട് ലക്ഷം രൂപ പിഴയൊടുക്കേണ്ടി വരുമെന്നും പോലീസ് വീട്ടില്‍ വന്ന് അറസ്റ്റ് ചെയ്യുമെന്നും രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചെയ്തതെന്നും സന്ദേശത്തിലുണ്ടായിരുന്നു. സന്ദേശം ലഭിച്ചതിന് ശേഷമുള്ള ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത ചേവായൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.