തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്ക് ഹൈകമാന്‍ഡ് നിര്‍ദ്ദേശിച്ച ശ്രീനിവാസന്‍ കൃഷ്ണന്‍റെ പേര് ഒഴിവാക്കി മൂന്നംഗ പാനല്‍ ഹൈകമാന്‍ഡിന് കെ.പി.സി.സി കൈമാറി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തര്‍, കെ.പി.സി.സി നിര്‍വാഹകസമിതിയംഗം എം. ലിജു, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ എന്നിവരുടെ പേരുകളാണ് പട്ടികയില്‍ ഇടംപിടിച്ചതെന്ന് അറിയുന്നു.
ഈ പാനലില്‍ നിന്നോ അല്ലെങ്കില്‍ പുറത്ത്നിന്ന് മറ്റൊരാളെയോ സ്ഥാനാര്‍ഥിയായി ഹൈകമാന്‍ഡ് തീരുമാനിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കും. പ്രഖ്യാപനം മിക്കവാറും ഇന്ന്തന്നെ ഉണ്ടാകുമെന്ന് അറിയുന്നു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും ആശയക്കുഴപ്പത്തിനും ഒടുവിലാണ് കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിന് വിജയസാധ്യതയുള്ള ഏക രാജ്യസഭാ സീറ്റിലേക്ക് പാനല്‍ തയാറായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് തോറ്റവരെ പരിഗണിക്കേണ്ടെന്ന ആവശ്യം ഉയര്‍ന്നെങ്കിലും സ്വീകരിക്കപ്പെട്ടില്ല. യുവത്വം മാത്രമാണ് സ്ഥാനാര്‍ഥിത്വത്തിന് മാനദണ്ഡമാകേണ്ടതെന്ന വാദവും പാനല്‍ തയാറാക്കുന്നതില്‍ പരിഗണിച്ചില്ല. അതേസമയം ഈ ആവശ്യങ്ങളും മാനിക്കപ്പെടുംവിധമാണ് പാനലിന് സംസ്ഥാന നേതൃത്വം രൂപം കൊടുത്തത്.
-->

രാജ്യസഭയില്‍ എ.കെ ആന്‍റണിയുടെ കാലാവധി പൂര്‍തതിയാകുന്ന ഒഴിവിലേക്ക് പരിഗണിക്കപ്പെട്ട മൂന്ന് പേരില്‍ രണ്ട് പേര്‍ എ ഗ്രൂപ്പില്‍ നിന്നുള്ളവരും ഒരാള്‍ കെ. സുധാകരന്‍റെ വിശ്വസ്തനുമാണ്. എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണനെ പരിഗണിക്കണമെന്ന ഹൈകമാന്‍ഡ് നിര്‍ദ്ദേശത്തോട് തുടക്കംമുതല്‍ സംസ്ഥാന നേതാക്കള്‍ക്ക് യോജിപ്പില്ലായിരുന്നു. അതിനാല്‍ത്തന്നെ അദ്ദേഹത്തെ പാനലില്‍ ഉള്‍പ്പെടുത്താനും കെ.പി.സി.സി തയാറായില്ല. ഇത് സംസ്ഥാന നേതൃത്വത്തിന്‍റെ അസാധാരണ തീരുമാനമാണ്.
സമീപകാലംവരെ യൂത്ത്കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്ററായിരുന്ന ജെബി അടുത്തിടെയാണ് മഹിളാകോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായത്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ഹസന്‍ ഇപ്പോള്‍ യു.ഡി.എഫ് കണ്‍വീനറാണ്. കെ.പി.സി.സി ജന. സെക്രട്ടറിയും ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റുമായിരുന്ന ലിജു പാര്‍ട്ടിയില്‍ പുതുതലമുറയിലെ പ്രമുഖനാണ്.
ഈ പാനലില്‍ നിന്നോ അല്ലെങ്കില്‍ പുറത്ത്നിന്ന് മറ്റൊരാളെയോ ഇനി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കേണ്ടത് ഹൈകമാന്‍ഡ് ആണ്. സാധാരണ ഈ പാനലില്‍ നിന്ന് ഒരാളെയാണ് തീരുമാനിക്കുകയെങ്കിലും ശ്രീനിവാസന്‍ കൃഷ്ണന്‍ ഉള്‍പ്പെടെ പാനലില്‍ ഇല്ലാത്ത ആരുടെ പേരും ഹൈകമാന്‍ഡിന് നേരിട്ട് പരിഗണിക്കാന്‍ സാധിക്കും. അതിന് ഹൈകമാന്‍ഡ് മുതിരുമോയെന്നാണ് ഇനി അറിയേണ്ടത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക