പുതുപ്പരിയാരം: നാടിനെ വിറപ്പിച്ച പുലി വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങി. കൂട്ടിലെ പുലിയെ മാറ്റുന്നതിനിടയില്‍ സഹായത്തിനെത്തിയ വാര്‍ഡ് മെംബറും പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ കെ.കെ. ഉണ്ണികൃഷ്ണന്​ (50) പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. വലത്തെ കൈയിലെ നടുവിരലടക്കം മൂന്ന് വിരലുകള്‍ക്കാണ് സാരമായ പരിക്ക്.

പാലക്കാട് ജില്ല ആശുപത്രിയിലെ പ്രഥമ ശ്രുശ്രൂഷക്ക് ശേഷം വിദഗ്​ധ ചികിത്സക്ക് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മൂന്ന് മാസക്കാലം അകത്തേത്തറ, പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തുകളിലെ ജനവാസ മേഖലയില്‍ ഭീതി പരത്തിയ പുലികളിലൊന്നാണ് കെണിയില്‍ കുടുങ്ങിയത്. ധോണി മൂലപ്പാടം വെട്ടം തടത്തില്‍ ലിജി ജോസഫിന്‍റെ വീട്ട് വളപ്പില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെള്ളിയാഴ്ച പുലര്‍ച്ചെ 3.45ന് ഇര തേടിയെത്തിയ പുലി കെണിയില്‍ കുടുങ്ങുകയായിരുന്നു. പുലിയെ അതിരാവിലെ തന്നെ വനം വകുപ്പ് ഓഫീസിലേക്ക് മാറ്റി. തൃശൂരില്‍ നിന്നെത്തിയ വനം വകുപ്പിന്‍റെ വെറ്റിനറി ഡോക്ടര്‍ പുലിയെ പരിശോധിച്ചു. ഏകദേശം മൂന്ന് വയസ് പ്രായമായ ആണ്‍പുലിയാണെന്നും ആരോഗ്യസ്ഥിതി മോശമല്ലെന്നും പരിശോധനയില്‍ വ്യക്തമായി.

മുഖ്യ വനപാലകന്‍റെ നിര്‍ദേശപ്രകാരം ഡി.എഫ്.ഒ, വെറ്റിനറി ഡോക്ടര്‍ ,ജന്തുശാസ്ത്ര വിദഗ്​ധന്‍ എന്നിവരടങ്ങിയ അഞ്ചംഗ സമിതി പുലിയെ പരിശോധിച്ച്‌ ഉന്നത ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് പുലിയെ ഏത് വനമേഖലയില്‍ തുറന്ന് വിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവും.

ഒരാഴ്ചക്കിടയില്‍ മൂലപ്പാടത്തെ വീട്ടില്‍ രണ്ട് തവണ പുലി എത്തി കോഴിയെ പിടികൂടിയിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളില്‍ പുലിയുടെ വ്യക്തമായ ചിത്രങ്ങള്‍ കണ്ടു. ധോണിയിലും പരിസരങ്ങളിലും മാത്രം 17 തവണ പുലി ഇറങ്ങി ജനവാസ മേഖലയിലെത്തിയിരുന്നു. 12ഓളം വളര്‍ത്താടുകളെയും നാലിലധികം നായകളെയും കൊന്ന് തിന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക