കോട്ടയം: സി.പി.എമ്മിലെ തലമുറ മാറ്റത്തിനൊപ്പം ചേര്‍ന്നു ജില്ലയും. പ്രായപരിധിയുടെ കടമ്ബയില്‍ രണ്ടു പേര്‍ സംസ്‌ഥാന സമിതിയില്‍ നിന്ന്‌ ഒഴിവായപ്പോള്‍ രണ്ടു പേര്‍ സംസ്‌ഥാന സമിതിയില്‍ ഉള്‍പ്പെട്ടും ഒരാള്‍ സെക്രട്ടറിയേറ്റില്‍ എത്തിയും കരുത്തു കാട്ടി. മന്ത്രി വി.എന്‍. വാസവന്‍ സംസ്‌ഥാന സെക്രട്ടറിയേറ്റില്‍ സ്‌ഥാനം ഉറപ്പിച്ചപ്പോള്‍, സംസ്‌ഥാന സമിതിയിലേക്കു ജില്ലാ സെക്രട്ടറി എ.വി. റസലും കെ. അനില്‍കുമാറും എത്തി. വൈക്കം വിശ്വന്‍, കെ.ജെ. തോമസ്‌ എന്നിവര്‍ സംസ്‌ഥാന സമിതിയില്‍നിന്ന്‌ ഒഴിവായി. എന്നാല്‍, പ്രത്യേക ക്ഷണിതാക്കളായി തുടരും.

വാസവന്റെ സെക്രട്ടറിയേറ്റ്‌ സ്‌ഥാനവും റസലിന്റെ സംസ്‌ഥാന സമിതി അംഗത്വവും നേരത്തെ തന്നെ ഉറപ്പായിരുന്നു. എന്നാല്‍, അനില്‍ കുമാറിന്റെ വരവ്‌ അപ്രതീക്ഷിതമായി. സെക്രട്ടറിയേറ്റില്‍ ഇടംപിടിച്ചതോടെ, വാസവന്റെ പാര്‍ട്ടിയിലെ കരുത്തു വീണ്ടും വര്‍ധിച്ചു. ജില്ലാ സെക്രട്ടറിയായുള്ള പ്രവര്‍ത്തന മികവാണ്‌ ആദ്യം മന്ത്രിയായും ഇപ്പോള്‍ സെക്രട്ടറിയേറ്റ്‌ അംഗമായും തെരഞ്ഞെടുക്കപ്പെടാന്‍ ഇടയാക്കിയത്‌. പലപ്പോഴും സി.പി.എമ്മിനു ദുഷ്‌പേരു കേള്‍പ്പിക്കുന്ന പരുക്കന്‍ മുഖം ഒഴിവാക്കി ജനകീയ പ്രശ്‌നങ്ങളില്‍ സജീമായി ഇടപെട്ടും കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലെത്തിക്കാന്‍ നടത്തിയ നീക്കങ്ങളും സംസ്‌ഥാന നേതൃത്വത്തിന്റെ പ്രീതിക്കു കാരണമായിരുന്നു. നിലവില്‍ സി.ഐ.ടി.യു. ദേശീയ കൗണ്‍സില്‍ അംഗമാണ്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്‌ഥാന സമ്മേളന പ്രതിനിധി പോലുമല്ലാതിരുന്ന കെ. അനില്‍കുമാര്‍ അവസാന നിമിഷ ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടാണ്‌ സ്‌ഥാനം ഉറപ്പിച്ചത്‌.
ഡി.വൈ.എഫ്‌.ഐ. കാലത്തെ പ്രവര്‍ത്തന മികവ്‌, ധൈഷണിക മുഖം, ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിക്ക്‌ പരിച ഒരുക്കുന്നതിലെ ശ്രദ്ധ എന്നിവയെല്ലാം മുതല്‍ക്കൂട്ടായെന്നാണു സൂചന. സംസ്‌ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും അനിലിനു തുണയായി. മുന്‍ ജില്ലാ പഞ്ചായത്ത്‌ അംഗവമായ അനില്‍ നിലവില്‍ ജില്ലാ കമ്മിറ്റിയംഗമാണ്‌. നദീ പുനര്‍ സംയോജനപദ്ധതിയിലുടെ ശ്രദ്ധ നേടിയ ഇദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ നിന്നു മത്സരിച്ചിരുന്നു.

വൈക്കം വിശ്വന്‍, കെ.ജെ. തോമസ്‌ എന്നിവര്‍ സംസ്‌ഥാന സമിതിയില്‍ നിന്ന്‌ ഒഴിവാകുന്നതും പാര്‍ട്ടിക്കു നഷ്‌ടം തന്നെയാണ്‌. ജില്ലയില്‍ പാര്‍ട്ടി ദുര്‍ബലമായിരുന്ന കാലയളവിലും സജീവായി നയിച്ചിരുന്നവരാണ്‌ ഇരുവരും. കേന്ദ്ര സെന്റര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എസ്‌.എഫ്‌.ഐ. മുന്‍ സംസ്‌ഥാന പ്രസിഡന്റ്‌ ജെയ്‌ക്‌ സി. തോമസിന്റെ പേര്‌ സംസ്‌ഥാന സമിതിയിലേക്കും പി.കെ. ഹരികുമാറിന്റെ പേര്‌ കണ്‍ട്രോള്‍ കമ്മിഷനിലേക്കും ഉയര്‍ന്നു കേട്ടിരുന്നെങ്കിലും പരിഗണിച്ചില്ല. തൃശൂര്‍ ജില്ലയുടെ പ്രതിനിധിയായി സംസ്‌ഥാന സെക്രട്ടറിയേറ്റില്‍ ഇടംപിടിച്ച പി.കെ. ബിജുവിനെ ജില്ലയുടെ കൂടി പ്രതിനിധിയായും കണക്കാക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക