![](https://keralaspeaks.news/wp-content/uploads/2024/05/n608439500171566356206206617ce0f6c7bcd9d32622f8216e94db1335be23e86d95327f5ed9a223166362.jpg)
സിപിഎം മണ്ണാർക്കാട് ഏരിയ സെന്റർ അംഗവും പികെ ശശിയുടെ സഹോദരി ഭർത്താവുമായ കെ ശോഭൻകുമാറിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം നേതൃത്വത്തിന് പരാതി നല്‍കി. പാർലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ലെന്നാണ് ആരോപണം. കെ ശോഭൻകുമാറിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പരാതി. ഇന്നത്തെ ഏരിയ കമ്മറ്റി യോഗത്തില്‍ ഇത് ചർച്ചയായേക്കും.
ശോഭൻകുമാർ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണ്ണാർക്കാട് മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത അടിയേറ്റ നിയമസഭാ മണ്ഡലമായ മണ്ണാർക്കാട് തുടക്കം മുതല്‍ വലിയ ആവേശത്തിലാണ് സിപിഎം പ്രവർത്തിച്ചിരുന്നത്. ഏറെ നിർണായകമായ തെരഞ്ഞെടുപ്പില്‍ ഏരിയ സെൻ്റർ അംഗം തന്നെ വോട്ട് ചെയ്യാതിരുന്നത് ഗുരുതര വീഴ്ചയാണെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിൻ്റെ വാദം.
വയനാട്ടില്‍ സുല്‍ത്താൻ ബത്തേരി സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന ശോഭൻകുമാർ 2020 ലാണ് മണ്ണാർക്കാട്ടേക്ക് താമസം മാറിയത്. 2021 ല്‍ നടന്ന പാർട്ടി സമ്മേളനത്തില്‍ ഏരിയ സെന്റർ അംഗമായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മണ്ണാർക്കാട് സ്ഥിര താമസമാക്കി അഞ്ച് വർഷമായിട്ടും ശോഭൻകുമാറിന്റെ വോട്ട് മണ്ണാർക്കാട്ടേക്ക് മാറ്റിയിട്ടില്ല. മണ്ണാർക്കാട് വോട്ടില്ലാത്ത ശോഭൻകുമാർ വയനാട്ടിലും വോട്ട് ചെയ്തിട്ടില്ല. ഇതിനെതിരൊണ് പാർട്ടിയില്‍ ഒരു വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്.
മണ്ണാർക്കാട് തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്നതിനാലാണ് വയനാട്ടില്‍ വോട്ട് ചെയ്യാൻ പോകാതിരുന്നതെന്നാണ് ശോഭൻകുമാറിൻ്റെ വിശദീകരണം. രണ്ട് തവണ മണ്ണാർക്കാട്ടേക്ക് വോട്ട് മാറ്റാൻ അപേക്ഷ നല്‍കിയിരുന്നതാണെന്നും അതു നടന്നില്ലെന്നും ശോഭൻകുമാർ പറഞ്ഞു. 2021 ലെ നിയമസഭതെരഞ്ഞെടുപ്പില്‍ ചിലർ വോട്ട് ചെയ്തില്ലെന്ന കാരണത്താല്‍ കാരാകുറിശ്ശി ലോക്കല്‍ കമ്മിറ്റി അംഗവും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കല്ലടി ഉണ്ണിക്കമ്മുവിനെ പാർട്ടി പുറത്താക്കിയിരുന്നു. ഇതേ നിലപാട് ശോഭൻകുമാറിൻ്റെ കാര്യത്തിലും വേണമെന്നും പാർട്ടിയില്‍ ആവശ്യമുയർന്നിട്ടുണ്ട്. മണ്ണാർക്കാട് മണ്ഡലം തെരഞ്ഞെടുപ്പ് സെക്രട്ടറിയും കെടിഡിസി അധ്യക്ഷനുമായ പികെ. ശശിയുടെ സഹോദരി ഭർത്താവാണ് ശോഭൻകുമാർ.