തിരുവനന്തപുരം: പതിന്നാല് ജില്ലകളിലെയും ഡി.സി.സി ഭാരവാഹികളുടെ സാദ്ധ്യതാപട്ടിക ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാര്‍ നാളെ പാര്‍ട്ടി നേതൃത്വത്തിന് കൈമാറും. ഡി.സി.സി പ്രസിഡന്റുമാരുമായും മുതിര്‍ന്ന നേതാക്കളുമായും ജനറല്‍ സെക്രട്ടറിമാര്‍ ഇന്ന് അവസാനവട്ട ചര്‍ച്ച നടത്തും.
ഭാരവാഹികളും എക്സിക്യുട്ടീവ് അംഗങ്ങളുമടക്കം 51 പേരെയാകും 11 ഡി.സി.സികളില്‍ പരമാവധി ഉള്‍ക്കൊള്ളിക്കുക. എന്നാല്‍ ഇടുക്കി, വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ കുറവുണ്ടാകും. ഗ്രൂപ്പുകളുടെ ശുപാര്‍ശകള്‍ ഉള്‍പ്പെടെ ഓരോ ജില്ലയിലും 150 പേരുകള്‍വരെ ലഭിച്ചിട്ടുണ്ട്. ചര്‍ച്ച ചെയ്ത് ഇതില്‍ ചില പേരുകളില്‍ മുന്‍ഗണനാക്രമം നിശ്ചയിച്ചശേഷമാകും പട്ടിക കൈമാറുക.
-->
കെ.പി.സി.സി നേതൃത്വം സാദ്ധ്യതാ പട്ടിക പരിശോധിച്ചശേഷം ഈ മാസം പത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. വലിയ ജില്ലകളില്‍ ഡി.സി.സി ജനറല്‍സെക്രട്ടറിമാരായി പരമാവധി 15 പേരേ ഉണ്ടാകാവൂ എന്നാണ് നിര്‍ദ്ദേശം. ഇതില്‍ രണ്ടുപേര്‍ വനിതകളും രണ്ടുപേര്‍ പട്ടികജാതി-വര്‍ഗ പ്രതിനിധികളുമാകണം. യുവാക്കളുടെ ക്വാട്ടയില്‍ നാലുപേരെ ഉള്‍പ്പെടുത്തണം. പൊതുവിഭാഗത്തില്‍ ഏഴുപേര്‍. തിരുവനന്തപുരം പോലുള്ള ജില്ലകളിലാണ് പുന:സംഘടന വലിയ വെല്ലുവിളിയുയര്‍ത്തുന്നത്. ജില്ലയിലെ രണ്ട് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നിന്നുള്ള എം.പിമാര്‍ക്ക് പുറമേ തലസ്ഥാനത്ത് നിര്‍ണായക സ്വാധീനമുള്ള കെ. മുരളീധരന്റെ താല്പര്യങ്ങളും കണക്കിലെടുത്തുള്ള പട്ടിക വേണം തയ്യാറാക്കാന്‍.
കെ.പി.സി.സി സെക്രട്ടറിമാര്‍: ചര്‍ച്ച തുടരുന്നു
കെ.പി.സി.സി സെക്രട്ടറിമാരുടെ പാനല്‍ അന്തിമമാക്കുന്നതു സംബന്ധിച്ച് ഹൈക്കമാന്‍ഡുമായി ഡല്‍ഹിയില്‍ നടത്തുന്ന ചര്‍ച്ചകള്‍ തുടരുന്നു. സെക്രട്ടറിമാരായി നാല്പത് പേര്‍ മതിയെന്നാണ് ധാരണയുള്ളത്. എന്നാല്‍, വിവിധ നേതാക്കള്‍ സമര്‍പ്പിച്ച പേരുകളുള്‍പ്പെടെ ഇരുന്നൂറോളം പേരുകളടങ്ങുന്ന സാദ്ധ്യതാപട്ടികയുമായാണ് കെ.പി.സി.സി പ്രസിഡന്റ് ഡല്‍ഹിയിലെത്തിയത്. സംഘടനാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിന്റെ റിട്ടേണിംഗ് ഓഫീസറായ കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വര സംസ്ഥാനത്തെത്തി ചുമതലയേറ്റാല്‍പ്പിന്നെ പാര്‍ട്ടി പുന:സംഘടന നടക്കില്ല. അഥവാ നടന്നാല്‍ അതിനെതിരെ ആര്‍ക്കെങ്കിലും നിയമവഴി തേടാനാകും. കര്‍ണാടകയില്‍ ഇപ്പോള്‍ നിയമസഭാസമ്മേളനം നടക്കുകയാണ്. അതുകഴിഞ്ഞ് ഈ മാസം പത്തിനുശേഷം എപ്പോള്‍ വേണമെങ്കിലും അദ്ദേഹമെത്തി ചുമതലയേല്‍ക്കാം. അതിനുമുമ്ബ് പരമാവധി പുന:സംഘടന നടത്തിയെടുക്കാനാണ് കെ.പി.സി.സിയുടെ നീക്കം.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക