മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട്​ ആര്യന്‍ ഖാന്‍റെ ജാ​മ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും.ഹര്‍ജിയുടെ പകര്‍പ്പ് കിട്ടിയില്ലെന്ന് നാര്‍ക്കോട്ടിക് കണ്‍​ട്രോള്‍ ബ്യൂറോക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ്​ പറഞ്ഞതോടെയാണ് വാദം കേള്‍ക്കല്‍ മാറ്റിവെച്ചത്. ബുധനാഴ്ച മുംബൈ പ്രത്യേക എന്‍.ഡി.പി.എസ് കോടതി ആര്യന്​ ജാമ്യം നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ്​ ആര്യന്‍ ബോം​ബെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയത്​.

നിലവില്‍ ആര്‍തര്‍ റോഡ് ജയിലിലാണ്​ മൂന്നാഴ്ചയായി ആര്യന്‍. പിതാവും ബോളിവുഡ്​ താരവുമായ ഷാരൂഖ്​ ഖാന്‍ ആര്യനെ കാണാനായി വ്യാഴാഴ്ച രാവിലെ ആര്‍തര്‍ റോഡ്​ ജയിലിലെത്തിയിരുന്നു. മിനിറ്റുകള്‍ മാത്രമായിരുന്നു ഷാരൂഖിന്​ മകനെ കാണാന്‍ അനുവാദം നല്‍കിയത്​. നിമിഷങ്ങള്‍ക്കകം താരം ജയിലില്‍ നിന്ന്​ മടങ്ങുകയും ചെയ്​തു. ഒക്​ടോബര്‍ മൂന്നിനാണ്​ 23കാരനായ ആര്യനെ നാര്‍കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ്​ ചെയ്യുന്നത്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രഥമദൃഷ്​ട്യാ ആര്യനെതിരെ തെളിവുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ മുംബൈ പ്രത്യേക എന്‍.ഡി.പി.എസ്​ കോടതി ആര്യന്‍റെ ജാമ്യാപേക്ഷ തള്ളിയത്​. സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ അര്‍ബാസ് സേഠ് മര്‍ച്ചന്‍റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ലഭ്യമായ തെളിവുകള്‍ പ്രകാരം പ്രതികള്‍ കുറ്റക്കാരല്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും ജാമ്യം ലഭിച്ചാല്‍ വീണ്ടും അതേ കുറ്റകൃത്യം ചെയ്യില്ലെന്ന് ഉറപ്പില്ലെന്നുമാണ് ജഡ്ജി വി.വി. പാട്ടീല്‍ ജാമ്യം നിഷേധിച്ചുകൊണ്ട് ചൂണ്ടിക്കാട്ടിയത്.

നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ടിലെ 29ഉം 37ഉം വകുപ്പുകള്‍ കേസില്‍ ബാധകമാണ്. അതുകൊണ്ടുതന്നെ, കുറ്റം ചെയ്തിട്ടില്ലെന്ന പ്രതികളുടെ വാദം ഈ ഘട്ടത്തില്‍ തൃപ്തികരമല്ല. ആര്യന്‍ ഖാന് ജാമ്യം നല്‍കുകയാണെങ്കില്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള വലിയ സാധ്യതയുണ്ട്. ആര്യന്‍ ഖാന്‍റെ വാട്സാപ്പ് ചാറ്റുകള്‍ ലഹരിവസ്തുക്കള്‍ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി വ്യക്തമാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക