ഇടുക്കി: ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതം തുറന്ന് സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ ജലം പുറത്തേക്കൊഴുക്കിയിട്ടും വൈദ്യുതി ഉത്പാദനം 45 മില്യണ്‍ യൂണിറ്റ് വരെ കൂട്ടിയിട്ടും ജലനിരപ്പ് താഴുന്നില്ല. അണക്കെട്ട് തുറന്ന് രണ്ട് ദിവസം പിന്നിടുമ്ബോള്‍ അരയടി പോലും ജലനിരപ്പ് താഴ്ന്നിട്ടില്ല.

ചൊവ്വാഴ്ച ജലനിരപ്പ് 2398.08 അടിയിലെത്തിയപ്പോഴാണ് ഷട്ടറുകള്‍ തുറന്നത്. ഇന്നലെ രാത്രി അവസാനം വിവരം ലഭിക്കുമ്ബോള്‍ 2398 അടിയാണ് ജലനിരപ്പ്. കുറഞ്ഞത് വെറും 0.08 അടി. ഷട്ടര്‍ വഴി പുറത്തേക്കൊഴുക്കുന്ന ജലത്തേക്കാള്‍ കൂടുതലാണ് ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലം. വൃഷ്ടി പ്രദേശത്ത് മഴ തീരെ കുറവായിരുന്നെങ്കിലും 11.726 ദശലക്ഷം ഘനമീറ്റര്‍ ജലമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. എന്നാല്‍ 7.245 ദശലക്ഷം ഘനമീറ്റര്‍ ജലമാണ് 24 മണിക്കൂറില്‍ പുറത്തേക്കൊഴുക്കിയത്. 9.9258 ദശലക്ഷം ഘനമീറ്റര്‍ ജലം വൈദ്യുതി ഉത്പാദിപ്പിക്കാനായി കൂടി എടുത്തത് കൊണ്ടാണ് നേരിയ കുറവ് ജലനിരപ്പിലുണ്ടായത്. 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ന്യൂനമര്‍ദത്തെ തുടര്‍ന്ന് ശക്തമായ മഴയുണ്ടാകുമെന്ന കേന്ദ്ര ശക്തമായ മഴ ഭീഷണിയെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ജലനിരപ്പ് 2398.08 അടി പിന്നിട്ട സമയത്ത് ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയത്. രാവിലെ 10.59ന് ആണ് ആദ്യ ഷട്ടര്‍ തുറന്നത്, പിന്നീട് 1.30 മണിക്കൂര്‍ ഇടവേളയില്‍ മറ്റ് രണ്ട് ഷട്ടറുകളും തുറന്നു.മഴ ശക്തമായാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ തുറക്കേണ്ടി വന്നേക്കും. കേന്ദ്രജല കമ്മിഷന്റെ പുതുക്കിയ റൂള്‍ ലെവല്‍ അനുസരിച്ച്‌ ഇന്ന് മുതല്‍ 2399.31 വരെ ജലനിരപ്പുയര്‍ത്താം. എന്നാല്‍ കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച്‌ വൃഷ്ടിപ്രദേശത്ത് മഴ കൂടുതല്‍ കനക്കുകയും ഡാമിലേക്കുള്ള നീരൊഴുക്ക് ഇതിലും കൂടുകയും ചെയ്താല്‍ ജലനിരപ്പ് ഇതിലും ഉയരും. അപ്പോള്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയ‌ത്തുകയല്ലാതെ മറ്റ് പോംവഴികളില്ലാതെ വരും. ഇന്നലെ വൈകിട്ടോടെ ഇടുക്കിയില്‍ മഴ വീണ്ടും ശക്തമായിട്ടുണ്ട്. തുലാമഴ കൂടി വരാനിരിക്കെ ഇടുക്കിയിലെ ജലനിരപ്പ് കാര്യമായി കുറയാതെ തുടരുന്നത് പെരിയാര്‍ തീരവാസികള്‍ക്കിടയില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

ആകെയുള്ള അഞ്ച് ജനറ്റേറുകളില്‍ നാലും പ്രവര്‍ത്തിപ്പിച്ച്‌ കെ.എസ്.ഇ.ബി പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഒരു ജനറേറ്റര്‍ മാസങ്ങളായി തകരാറിലാണ്. ഇന്നലെ മൂലമറ്റം പവര്‍ഹൗസില്‍ 14.859 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 28.512 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളാമണ് ഒഴുകിയെത്തിയത്. ‘വലിയ തോതില്‍ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് കുറയ്ക്കുകയല്ല ലക്ഷ്യം. നിലവിലെ റൂള്‍കര്‍വ് പാലിച്ച്‌ ജലനിരപ്പ് നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഓരോ മണിക്കൂറിലും സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്.- എസ്. സുപ്രിയ (ഡാം സേഫ്‌റ്റ് ചീഫ് എന്‍ജിനിയര്‍)​

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക