കോട്ടയം: ഏറ്റുമാനൂരിൽ ഓട്ടോറിക്ഷാ ഡ്രൈവർ റോഡിൽ ഉപേക്ഷിച്ചയാൾ മരിച്ച സംഭവത്തിൽ ദുരൂഹത. മരിച്ചത് അതിരമ്പുഴ പുത്തൻ പുരയ്ക്കൽ സ്വദേശി ബിനുവാണെന്നു (36) തിരിച്ചറിഞ്ഞു. ബിനുവും ബന്ധുവായ നൗഫലുമാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. ഇരുവരും മദ്യപിച്ചിരുന്നു. ബിനുവിന് അപസ്മാരമുണ്ട്. അതിനാൽ മരണ കാരണത്തിൽ സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷനില്‍ അർധരാത്രി 12.10ന് ആയിരുന്നു സംഭവം. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വലതു വശത്തേക്ക് മറിയുകയായിരുന്നു. ബിനുവിന്റെ ദേഹത്തേക്കാണ് ഓട്ടോറിക്ഷ മറിഞ്ഞതെന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സമയം സെൻട്രൽ ജംക്‌ഷനിൽ ഉണ്ടായിരുന്ന നാട്ടുകാരുടെ നേതൃത്വത്തില്‍ ഓട്ടോ നേരെ വയ്ക്കുകയും പരുക്കേറ്റ ബിനുവിനെ നടപ്പാതയിൽ ഇരുത്തുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരുവരും പരസ്പരം സംസാരിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. പുലർച്ചെ 3 മണിയോടെ നൗഫൽ ഓട്ടോറിക്ഷ എടുത്തുപോയി. ബിനു കടത്തിണ്ണയിൽ ഇരുന്നു. അൽപം കഴിഞ്ഞ് അസ്വസ്ഥനായ ബിനു‌ പിന്നീട് മരിച്ചു. ബിനു അനക്കമില്ലാതെ കിടക്കുന്നത് കണ്ട് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു.

അഗ്നിശമന സേനയുടെ ആംബുലൻസിൽ ബിനുവിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ചു. മൃതദേഹം ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലാണ്. പോസ്റ്റ്മോർട്ടം ഉടനെ നടക്കും. മരണ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിൽ ലഭിച്ചേക്കുമെന്നാണ് സൂചന. ഓട്ടോയ്ക്കും ഓട്ടോ ഡ്രൈവർക്കുമായുള്ള തിരച്ചിൽ ആരംഭിച്ചെന്ന് ഏറ്റുമാനൂർ പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക