നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ പൾസ് മനസ്സിലാക്കുന്നതിന് സിപിഎം പ്രാദേശിക നേതൃത്വത്തിന് വീഴ്ചപറ്റിയെന്ന് ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ. ജോസ് കെ മാണിയുടെ പരാജയം മുൻകൂട്ടി മനസ്സിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ല എന്നാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കേരള കോൺഗ്രസ് എൽഡിഎഫിലേക്ക് എത്തിയപ്പോൾ നേതാക്കൾ മാത്രമാണ് മുന്നണിയിലേക്ക് കടന്നു വന്നതെന്നും, കാലാകാലങ്ങളായി കേരള കോൺഗ്രസിനും കെഎം മാണിക്കും വോട്ട് ചെയ്ത വോട്ടർമാർ യുഡിഎഫിൽ അടിയുറച്ചു നിന്നു എന്നും റിപ്പോർട്ട് വിലയിരുത്തുന്നുണ്ട്. എന്നാൽ ഈ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെ കേരള കോൺഗ്രസ് കടന്നു വന്നതോടുകൂടി തങ്ങൾക്കനുകൂലമായി വലിയ രീതിയിൽ വോട്ടുകൾ മാറിയുമെന്നാണ് പ്രാദേശിക നേതൃത്വം വിലയിരുത്തിയത്.

ഉപ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി നിന്നും വിജയം നേടിയ മാണി സി കാപ്പനെ ജോസ് കെ മാണിക്കുവേണ്ടി ഒഴിവാക്കിയ തീരുമാനത്തെ ജനങ്ങൾ അംഗീകരിച്ചില്ല. ഇത്തരമൊരു തീരുമാനം ഒഴിവാക്കേണ്ടതായിരുന്നു എന്ന് ബ്രാഞ്ച് സെക്രട്ടറിമാർ വരെ അന്വേഷണ കമ്മീഷന് മൊഴി നൽകി എന്നാണ് അറിയാൻ കഴിയുന്നത്. പാലായിലെ ജോസ് കെ മാണിയുടെ പരാജയം പഠിക്കുവാൻ ജില്ലാകമ്മിറ്റി നിയോഗിച്ചത് ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ പ്രൊഫസർ എം ടി ജോസഫ്, ടി ആർ രഘുനന്ദൻ എന്നിവരടങ്ങിയ രണ്ടംഗ കമ്മിറ്റിയെ ആണ്. മൂന്നുതവണ കമ്മിറ്റി സിറ്റിംഗ് നടത്തി. ലോക്കൽ ഭാരവാഹികൾ മുതൽ ബ്രാഞ്ച് സെക്രട്ടറിമാർ വരെയുള്ള അവരിൽ നിന്നും നേരിട്ടാണ് വിവരശേഖരണം നടത്തിയത്. പാലായിൽ നിന്നും മാറി കടുത്തുരുത്തിയിൽ മത്സരിച്ചിരുന്നുവെങ്കിൽ ജോസ് കെ മാണിക്ക് അല്പംകൂടി വിജയസാധ്യത ഉണ്ടായിരുന്നേ എന്നും കമ്മിറ്റി വിലയിരുത്തുന്നുണ്ട്. പാർട്ടി ഭാരവാഹികൾക്കെതിരെ യാതൊരു തരത്തിലുള്ള അച്ചടക്ക നടപടിയും റിപ്പോർട്ട് ശുപാർശ ചെയ്യുന്നില്ല എന്നാണ് അറിയാൻ കഴിയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തോൽപ്പിച്ചത് വോട്ടുകച്ചവടം അല്ല:

ബിജെപി യുഡിഎഫിന് അനുകൂലമായി വോട്ട് മറിച്ചതാണ് തൻറെ പരാജയത്തിന് കാരണമായി എന്നാണ് ജോസ് കെഎംമാണി പലപ്പോഴും വ്യക്തമാക്കിയിരുന്നത്. തനിക്കെതിരെ വ്യാപകമായ വ്യക്തിഹത്യ ഉണ്ടായി എന്നും ഇതും പരാജയത്തിലേക്ക് നയിച്ചു എന്നും അദ്ദേഹം പലവട്ടം ആവർത്തിച്ചിരുന്നു. എന്നാൽ ഇത്തരം നിരീക്ഷണങ്ങൾ ഒന്നും സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷൻ നടത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്. പാലായിൽ യു ഡി എഫിൽ നിന്ന് വേണ്ടത്ര വോട്ടുകൾ എൽഡിഎഫിലേക്ക് എത്തിക്കുവാൻ കേരള കോൺഗ്രസിന് കഴിയുന്നില്ല എന്നുള്ള കണ്ടെത്തലും കേരള കോൺഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. കടുത്തുരുത്തിയിൽ മത്സരിച്ചിരുന്നു എങ്കിൽ അദ്ദേഹത്തിന് അല്പം കൂടി വിജയസാധ്യത ഉണ്ടായിരുന്നു എന്ന് പറയുന്നതും പാലായിൽ തീരെ വിജയസാധ്യത ഇല്ല എന്ന് പറഞ്ഞുവെക്കുന്നത് പോലെയാണെന്നും നിരീക്ഷണങ്ങളുണ്ട്.

കേരള കോൺഗ്രസിന് സ്വാധീനം ഉണ്ടായിരുന്നുവെങ്കിൽ പാലായിലും കടുത്തുരുത്തിയിലും അവർ ജയിക്കുമായിരുന്നല്ലോ എന്ന സിപിഐ റിപ്പോർട്ടും ഇപ്പോൾ ചർച്ചയായി ഉയരുകയാണ്. കേരള കോൺഗ്രസ് അവകാശപ്പെടുന്നതുപോലെ ഈ രണ്ട് നിയോജകമണ്ഡലങ്ങളിലും ഇവർക്ക് ശക്തമായ വേരോട്ടം ഇല്ല എന്ന് തന്നെയാണ് ഇപ്പോൾ ഇടതുമുന്നണിയുടെ വിലയിരുത്തൽ എന്നുവേണം കരുതാൻ. കടുത്തുരുത്തിയിൽ ഇടതു മുന്നണിക്കു വേണ്ടി മോൻസ് ജോസഫ് വിജയം നേടിയിട്ടുള്ള ആളാണ്. ജോസ് കെ മാണി ഇടതുപാളയത്തിലേക്ക് എത്തിയിട്ടും മോൻസിനെ അവിടെ പരാജയപ്പെടുത്താൻ കഴിയാത്തതും കേരള കോൺഗ്രസിൻറെ ഇടതുമുന്നണിയിലെ മുഖം നഷ്ടപ്പെടുത്തുന്നു. പാലായെ പോലെ കടുത്തുരുത്തിയിലും ജില്ലാ കമ്മിറ്റി അന്വേഷണ കമ്മീഷൻ കണ്ടെത്തലുകൾ കേരള കോൺഗ്രസിന് തിരിച്ചടിയാണ്. സ്ഥാന മോഹികളായ കേരള കോൺഗ്രസുകാർ തന്നെ കടുത്തുരുത്തിയിൽ പാലം വലിച്ചു എന്നനിലയിലാണ് അന്വേഷണ കമ്മീഷൻ കണ്ടെത്തൽ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക