തിരുവനന്തപുരം: മുന്‍ എം പിയും സി പി എം നേതാവുമായ പി സതീദേവിയെ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി നിയമിക്കാന്‍ പാര്‍ട്ടിയില്‍ ധാരണയായതായി റിപ്പോര്‍ട്ട്. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സതീദേവിയെ നിയമിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യം ഇതുവരെ സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ടുചെയ്തിട്ടില്ല. ‘അനുഭവിച്ചോ’ വിവാദത്തിന്റെ പേരില്‍ എം സി ജോസഫൈന്‍ രാജിവച്ചതോടെ രണ്ടുമാസമായി വനിതാ കമ്മിഷന് അദ്ധ്യക്ഷയില്ലാത്ത അവസ്ഥയായിരുന്നു. ഇതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

നിലവില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ് പി സതീദേവി. 2004-ല്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ചിരുന്നു. എന്നാല്‍ 2009 ല്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു ചാനലിന്റെ ഫോണ്‍ പരിപാടിയില്‍ ഗാര്‍ഹിക പീഡനത്തെക്കുറിച്ച്‌ പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയതിന്റെ പേരിലാണ് ജോസഫൈന് രാജിവയ്‌ക്കേണ്ടിവന്നത്. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും ഉപദ്രവത്തെക്കുറിച്ച്‌ പൊലീസിനെ അറിയിച്ചില്ലെന്നു പരാതിക്കാരി പറഞ്ഞപ്പോള്‍, ‘എന്നാല്‍ പിന്നെ അനുഭവിച്ചോ കേട്ടോ’ എന്നായിരുന്നു ജോസഫൈന്റെ പ്രതികരണം. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.ഇതോടെ പാര്‍ട്ടി ഇടപെട്ട് രാജിവയ്പ്പിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക