പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന് പിന്തുണയുമായി മാണി സി കാപ്പൻ എംഎൽഎ. കുർബാനമധ്യേ പിതാവ് വിശ്വാസികളോട് പ്രസംഗിച്ച കാര്യങ്ങൾ വിവാദമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും, ഇത് അദ്ദേഹത്തിൻറെ പ്രസംഗത്തിൻറെ പാവനതയും, ഉദ്ദേശശുദ്ധിയും വളച്ചൊടിക്കാൻ ഉള്ള തൽപ്പരകക്ഷികളുടെ കടന്നുകയറ്റമാണെന്നും എംഎൽഎ പ്രസ്താവനയിൽ തുറന്നടിച്ചു. ഈ വിഷയം വിവാദമാക്കാൻ ശ്രമിക്കുന്നതിനു പിന്നിൽ നർക്കോട്ടിക് ലോബിയുടെ അതിശക്തമായ പ്രേരണയാകും എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. നാർകോട്ടിക് ഉപയോഗം ലോകം മുഴുവൻ നിരോധിക്കപ്പെട്ടിട്ടുള്ളതും, എതിർക്കപ്പെടേതുണ്ടതാണ്. ഇക്കാര്യങ്ങൾ പിതാവ് തുറന്നു പറയുമ്പോൾ മാത്രം വിവാദമാകുന്നത് എന്തുകൊണ്ടാണ് എന്നും അദ്ദേഹം ചോദിച്ചു.

പിതാവ് ഏതെങ്കിലും മതത്തിനെതിരെ പറഞ്ഞു എന്ന വ്യാഖ്യാനം നടത്തുന്ന വരെയാണ് കരുതിയിരിക്കേണ്ടത് എന്നും, കുർബാനമധ്യേ പിതാവ് വിശ്വാസികളോട് പറഞ്ഞ കാര്യങ്ങൾ അഭിപ്രായസ്വാതന്ത്ര്യം ആയി കാണേണ്ടതേ ഉള്ളൂ എന്നും മാണി സി കാപ്പൻ തൻറെ പ്രസ്താവനയിൽ വ്യക്തമാക്കി. പ്രസ്താവനയിൽ വിയോജിപ്പുള്ള വർക്ക് ആശയ സംവാദത്തിനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട് എന്നും അതിനുപകരം വിഷയത്തെ തെരുവിലേക്ക് വലിച്ചിഴക്കുന്നത് ശരിയാണോ എന്ന് ബന്ധപ്പെട്ടവർ പരിശോധിക്കേണ്ടതാണ് എന്നും പ്രസ്താവനയിൽ പറയുന്നു. ഇന്നലെ മുസ്‌ലിംസംഘടനകൾ ബിഷപ്പ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം ആവണം എംഎൽഎ ഇവിടെ സൂചിപ്പിച്ചത് എന്നാണ് കരുതേണ്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഷ്ട്രീയ നേതാക്കളിൽ പാലാ ബിഷപ്പ് കൈക്കൊണ്ട നിലപാടുകൾ, അതിനുണ്ടായ സാഹചര്യവും, അത് ദുർവ്യാഖ്യാനം ചെയ്യുവാനുള്ള കുൽസിത ശ്രമങ്ങളും എല്ലാം എടുത്തുകാട്ടി വിശദമായ ഒരു പ്രസ്താവനയാണ് മാണി സി കാപ്പൻ നടത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ സമഗ്രവും പക്വവുമായ ഒരു പ്രതികരണം ആയിട്ടാണ് സഭാ കേന്ദ്രങ്ങളും ഈ പ്രസ്താവനയെ വിലയിരുത്തുന്നത്. ക്രൈസ്തവ മേഖലകളിൽ വലിയ സ്വീകാര്യതയാണ് മാണി സി കാപ്പൻ നടത്തിയ പ്രസ്താവനയ്ക്ക് ലഭിക്കുന്നത്. രാവിലെ പാലാ അരമനയിൽ എത്തി മാർ ജോസഫ് കല്ലറങ്ങാടുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം പത്രക്കുറിപ്പ് പുറത്തുവിട്ടത്.

പ്രസ്താവനയുടെ പൂർണരൂപം:

എട്ടു നോമ്പ് ആചരിക്കുന്നതിൽ പ്രമുഖമായ കേരളത്തിലെ കത്തോലിക്കാപളളികളിൽ ഒന്നാണ് കുറവിലങ്ങാട് മർത്താ മറിയംപള്ളി. സെപ്തംബർ ഒന്നുമുതൽ എട്ടുവരെയുള്ള എട്ടു നോമ്പ് ആചരണത്തിൻ്റെ ഭാഗമായുള്ള പെരുന്നാൾ കുർബാനയോടനുബന്ധിച്ച് തൻ്റെ രൂപതാംഗങ്ങളോട് രൂപതാദ്ധ്യക്ഷൻ എന്ന നിലയിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നടത്തിയ പ്രസംഗം വിവാദമാക്കാനാണ് ഇപ്പോൾ നടക്കുന്ന ശ്രമം. ഇത് അതിൻ്റെ പാവനതയെയും ഉദ്ദേശ ശുദ്ധിയെയും വളച്ചൊടിക്കുന്നതിൽ തല്പരരായിട്ടുള്ളവരുടെ കടന്നുകയറ്റമാണ്.

സഭാ മക്കളും പ്രത്യേകിച്ച് കുട്ടികൾ മയക്കുമരുന്ന് ബന്ധങ്ങളിൽപ്പെടുതെന്ന മുന്നറിയിപ്പാണ് ബിഷപ്പ് നൽകിയത്. നാർക്കോട്ടിക്സ് ലോബിയുടെ അതിശക്തമായ പ്രേരണയാകും ഇതൊരു വിവാദ വിഷയമാക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. നാർക്കോട്ടിക് വസ്തുക്കളുടെ ഉപയോഗം കുട്ടികളെയും മുതിർന്നവരെയും സംബന്ധിച്ചടത്തോളം ലോകം ഒട്ടാകെ നിരോധിച്ചിരിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതുമാണ്.

ഇക്കാര്യം കല്ലറങ്ങാട്ട് പിതാവ് മാത്രം പറയാൻ പാടില്ല എന്നു പറയുന്നതിൻ്റെ സാംഗത്യം മനസിലാകുന്നില്ല.വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ പുകയില വസ്തുക്കൾ വിതരണം ചെയ്യുന്ന കടകൾക്കുപോലും ദൂരപരിധി നിശ്ചയിച്ചിട്ടുണ്ട്.പാലാ ബിഷപ്പ് പറഞ്ഞിട്ടുള്ളത് ഏതെങ്കിലും സമുദായത്തിന് എതിരെയല്ല. ഒരു മതത്തെയും കുറ്റപ്പെടുത്തിയിട്ടില്ല. സമുദായങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെയാണ് ബിഷപ്പിൻ്റെ അഭിപ്രായം. സർക്കാരും വിവിധ രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും മുതിർന്നവരും ഒറ്റക്കെട്ടായി മയക്കുമരുന്നിനെതിരെയുള്ള ശബ്ദത്തെ പിന്തുണയ്ക്കേണ്ടതാണ്.

ഇതോടൊപ്പം പാലാ ബിഷപ്പ് പറഞ്ഞത് ഏതെങ്കിലും മതത്തിനെതിരെയാണെന്ന വ്യാഖ്യാനം നൽകി മുതലെടുപ്പ് നടത്തുവാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണം. കുർബാന മധ്യേ വിശ്വാസികളോടായി ബിഷപ്പ് പറഞ്ഞതിനെ അഭിപ്രായ സ്വാതന്ത്ര്യമായി കണ്ടാൽ മതിയാകും. ബിഷപ്പിൻ്റെ ആശയത്തോട് വിയോജിപ്പുള്ളവർക്കു ആശയസംവാദത്തിനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതിനെ തെരുവിലേയ്ക്കു വലിച്ചിഴക്കുന്ന നിലപാട് ശരിയാണോ എന്ന് ബന്ധപ്പെട്ടവർ പരിശോധിക്കണം. സാമുദായിക ഐക്യവും മതസൗഹാർദ്ദവുമാണ് നാടിൻ്റെ കരുത്ത്. അത് നിലനിർത്താൻ എല്ലാവരും ഒറ്റക്കെട്ടായി ശ്രമിക്കണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക