പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ ലൗജിഹാദ്, നർക്കോട്ടിക് ജിഹാദ് പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണമാണ് ഇന്നലെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഫേസ്ബുക്കിലൂടെ നടത്തിയത്. എന്നാൽ ഇന്ന് അദ്ദേഹം നിലപാടിൽ മയം വരുത്തിയ പ്രതികരണവുമായി രംഗത്തെത്തി. ഇന്നലെ പാലാ രൂപത ആസ്ഥാനത്തേക്ക് വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും, പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളികളും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് കൂടുതൽ വിശദീകരണവുമായി രംഗത്തുവന്നത്.

പ്രതിപക്ഷ നേതാവിൻറെ വാക്കുകൾ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഘപരിവാർ കേരളത്തിൽ ഒരു ക്രിസ്ത്യൻ – മുസ്ലിം വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. നിങ്ങൾ അത് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധിച്ചാലറിയാം. പല അക്കൗണ്ടുകളും കൈകാര്യം ചെയ്യുന്നത് സംഘപരിവാർ ആണ്. ആ സംഘപരിവാർ അജണ്ടയിൽ ഇരു സമുദായങ്ങളും പെട്ടു പോകരുത് എന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്. ബിഷപ്പ് ഹൗസിലേക്ക് മാർച്ച് ചെയ്തുകൊണ്ട് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയാണ് ചില ആളുകൾ. അതും എതിർക്കപ്പെടേണ്ടത് തന്നെയാണ്.

കേരളത്തിൽ സമുദായ സംഘർഷം ഉണ്ടാക്കുന്ന ഒരു ഘട്ടം വന്നാൽ അതിൽ കക്ഷി ചേരുകയാണോ ഞങ്ങളെപ്പോലുള്ള ആളുകൾ ചെയ്യേണ്ടത്? അതിനകത്ത് ഒരിക്കലും കക്ഷി ചേരില്ല, കക്ഷി ചേരാതെ അത് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിൽ ഞങ്ങൾക്ക് രാഷ്ട്രീയം ഉണ്ടാവില്ല. ഞങ്ങൾക്ക് രാഷ്ട്രീയത്തേക്കാൾ ഉപരി കേരളത്തിൽ മതസൗഹാർദ്ദം നിലനിൽക്കണം, സമുദായ മൈത്രി നിലനിൽക്കണം. കേരളത്തിൽ ഒരു നല്ല പൈതൃകവും പാരമ്പര്യവുമുണ്ട്. ഇക്കാര്യത്തിൽ. അത് ചിന്നഭിന്നമായി പോകുവാൻ ഒരു കാരണവശാലും സമ്മതിക്കരുത്.

പാലാ ബിഷപ്പിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശനും, പിടി തോമസും രംഗത്തെത്തിയ അതിനെതിരെ ക്രൈസ്തവ മേഖലകളിൽ വലിയ പ്രതിഷേധമാണ് ഉണ്ടായത്. പാർട്ടിക്കുള്ളിലും ഇതുസംബന്ധിച്ച് എതിരഭിപ്രായങ്ങൾ ഉയർന്നു എന്ന സൂചനയും ലഭ്യമാണ്. പി ടി തോമസ് പണ്ടുമുതലേ സഭാ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ആളാണെന്നും, മത മേലധ്യക്ഷൻമാരെ അവഹേളിച്ച് മുൻപും സംസാരിച്ചിട്ടുണ്ട് എന്നും ക്രൈസ്തവ ഗ്രൂപ്പുകൾ വ്യാപകമായി ആരോപണമുയർന്നിരുന്നു. അന്തരിച്ച മുൻ ഇടുക്കി ബിഷപ്പ് മാർ ആനിക്കുഴിക്കാട്ടിലുമായി നേരത്തെ അദ്ദേഹം പരസ്യ ഏറ്റുമുട്ടൽ നടത്തിയിരുന്നു. പിന്നീട് നടന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ സിറ്റിങ് എംപി ആയിരുന്ന പിടി തോമസിന് ഇടുക്കി പാർലമെൻറ് ടിക്കറ്റ് പാർട്ടി നിഷേധിക്കുകയും ചെയ്തിരുന്നു. പി ടിക്ക് പകരം മത്സരിച്ച ഡീൻ കുര്യാക്കോസ് ഇടുക്കി പാർലമെൻറ് സീറ്റിൽ സഭയുടെ എതിർപ്പ് നേരിട്ട ദയനീയമായി പരാജയപ്പെടുകയും ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക