വീട്ടില്‍ നിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ ഗായകൻ എം.ജി. ശ്രീകുമാർ 25,000 രൂപ പിഴയടച്ച വാർത്ത പുറത്തുവന്നിരുന്നു.എറണാകുളത്തെ മുളകുകാട് ഗ്രാമപഞ്ചായത്താണ് ഗായകന് പിഴ ചുമത്തിയത്. വീട്ടില്‍ നിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ ഒരു വിനോദസഞ്ചാരി പകർത്തി അധികൃതരെ അറിയിക്കുകയായിരുന്നു.
ഈ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് ഗായകൻ. വീട്ടില്‍ നിന്ന് ജോലിക്കാരി വലിച്ചെറിഞ്ഞത് മാലിന്യമല്ലെന്നും മാമ്ബഴമാണെന്നുമാണ് അദ്ദേഹം പറയുന്നത്. ബോള്‍ഗാട്ടിയിലെ വീട്ടില്‍ വളരെ ചുരുങ്ങിയ ദിവസം മാത്രമേ താമസിക്കാറുള്ളൂവെന്നും അല്ലാത്ത സമയങ്ങളില്‍ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് മറ്റിടങ്ങളിലാണ് ഉണ്ടാകാറുള്ളതെന്നും എം.ജി. ശ്രീകുമാർ വിശദീകരിച്ചു.
-->
അതിനാല്‍ വലിയ മാലിന്യമൊന്നും ആ വീട്ടില്‍ കാണില്ല. വീട്ടുമുറ്റത്തെ മാവില്‍ നിന്ന് മാമ്ബഴം താഴേക്ക് വീഴും. ആ തരത്തില്‍ അണ്ണാൻ കടിച്ചെറിഞ്ഞ മാമ്ബഴമാണ് വെളുത്ത പേപ്പറില്‍ പൊതിഞ്ഞ് വീട്ടുജോലിക്കാരി കായലിലെ വെള്ളത്തിലേക്ക് ഇട്ടത്. അതിന്റെ വിഡിയോ ആരോ എടുത്ത് അയച്ചു കൊടുത്തു. ആ സമയത്ത് താൻ വീട്ടിലുണ്ടായിരുന്നില്ല. പിഴ ചുമത്തിയ കാര്യം അധികൃതർ വിളിച്ചു പറയുകയായിരുന്നു.
വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പിഴയൊടുക്കാൻ നോട്ടീസ് ഒട്ടിച്ചത് ശ്രദ്ധയില്‍ പെടുകയും ചെയ്തു. ജോലിക്കാരി ചെയ്തത് തെറ്റാണ്. ഒരിക്കലും അങ്ങനെ ഒരു സാധനവും വലിച്ചെറിയാൻ പാടില്ല. വീട്ടുടമസ്ഥനെന്ന ഉത്തരവാദിത്തമുള്ളത് കൊണ്ടാണ് 25000 രൂപ പിഴയടക്കാൻ തയാറായതെന്നും അദ്ദേഹം വ്യക്തമാക്കി. അതിലൂടെ മാതൃകയായി മാറാനാണ് ശ്രമിച്ചത്. മാങ്ങയണ്ടിക്ക് 25000 രൂപ പിഴയൊടുക്കേണ്ടി വരുന്നത് സംഭവം ആദ്യമായായിരിക്കുമെന്നും എം.ജി. ശ്രീകുമാർ പറഞ്ഞു.
മാലിന്യമല്ല, മാങ്ങയാണ് കായലിലേക്ക് ഇട്ടതെന്ന് എവിടെ തെളിയിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.ആശുപത്രികളില്‍ നിന്ന് ടണ്‍ കണക്കിന് മാലിന്യങ്ങളാണ് നദികളിലൂടെ ഒഴുകുന്നത്. അതൊന്നും ശ്രദ്ധിക്കാൻ ആരുമില്ല. ഒരു മാമ്ബഴം കായലിലേക്ക് ഇട്ടതിന് 25000 രൂപ പിഴയൊടുക്കിയെങ്കില്‍ വലിയ വലിയ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവർ എത്ര വലിയ പിഴയൊടുക്കേണ്ടി വരുമെന്നും എം.ജി. ശ്രീകുമാർ ചോദിച്ചു.
കൊച്ചിയിലെത്തിയ വിനോദസഞ്ചാരി പകർത്തിയ വിഡിയോയിലാണ് എം.ജി. ശ്രീകുമാറിന്റെ വീട്ടില്‍ നിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. ഈ വിഡിയോ തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷിനെ ടാഗ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുകയും ചെയ്തു. തെളിവ് സഹിതം പരാതി നല്‍കിയാല്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിക്കുകയായിരുന്നു.
തുടർന്ന് പഞ്ചായത്ത് ഉടൻ തന്നെ നടപടിയെടുക്കുകയായിരുന്നു.എം.ജി. ശ്രീകുമാറിന്റെ വീട്ടില്‍ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് വിഡിയോയില്‍ വ്യക്തമാണെങ്കിലും ആരാണ് ചെയ്തതെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല. വീട്ടുജോലിക്കാരിയാണ് മാലിന്യം വലിച്ചെറിഞ്ഞതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. പഞ്ചായത്ത് നോട്ടീസ് നല്‍കിയതിന് പിന്നാലെ ശ്രീകുമാർ പിഴയടക്കുകയായിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക