
നവിമുംബൈ :മുംബൈയിലെ എഴുത്തുകാരി മായാദത്തിൻ്റെ ചെറുകഥാ സമാഹാരം “കാവാചായയും അരിമണികളും” നെരൂളിലെ ന്യൂ ബോംബെ കേരളീയ സമാജം അക്ഷര സന്ധ്യയിൽ ചർച്ച ചെയ്തു. പി.ആർ. സഞ്ജയ് ആമുഖം പറഞ്ഞ ചടങ്ങിൽ സമാജം വൈസ് പ്രസിഡൻ്റ് കെ.ടി. നായർ അദ്ധ്യക്ഷനായിരുന്നു. അനിൽ പരുമല സ്വാഗതം പറഞ്ഞു. ചെറുകഥാകൃത്തും നോവലിസ്റ്റുമായ കണക്കൂർ ആർ സുരേഷ് കുമാർ ചർച്ച നയിച്ചു. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളെ ആദ്യം വെളിപ്പെടുത്തുന്നത് ചെറുകഥകളാണെന്ന് കണക്കൂർ തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. കഥാകൃത്ത് സമൂഹത്തിന്റെ ആത്മാവില്‍ മുക്കിയെടുത്ത ഒരു ലിറ്റ്മസ് പേപ്പര്‍ ഉയര്‍ത്തിക്കാട്ടുകയാണെന്ന് എഴുത്തുകാരൻ കൂടിയായ കണക്കൂർ അഭിപ്രായപ്പെട്ടു.
കെ.കെ.മോഹൻദാസ്, സുരേഷ് നായർ, പി.വിശ്വനാഥൻ, ഷാബു ഭാർഗ്ഗവൻ, രാമകൃഷ്ണൻ പാലക്കാട്, സജി തോമസ്, എസ്.അഭിലാഷ്, പി.എസ് സുമേഷ്, എസ് സുരേന്ദ്രബാബു, എം.ജി.അരുൺ, എം.വി. ബാബുരാജ്, മാത്യു തോമസ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. മായാദത്തിൻ്റെ നിരീക്ഷണ പാടവവും എഴുത്തുരീതിയും ചർച്ചയിൽ പങ്കെടുത്ത നിരീക്ഷകർ ഊന്നിപ്പറഞ്ഞു. കഥയെഴുത്ത് നിസ്സാര കാര്യമല്ലെന്നും എഴുത്തുകൾ പുസ്തകമാക്കേണ്ടത് ആവശ്യമാണെന്നും കഥാകാരിക്ക് ആശംസകൾ അറിയിച്ച് പി.വിശ്വനാഥൻ അഭിപ്രായപ്പെട്ടു. എഴുത്തു വഴിയിൽ ഇനിയും ഏറെ മുന്നേറണമെന്നും അതിനായി പ്രതിഭയും പ്രയത്നവും തീക്ഷണമാക്കണമെന്നു സുരേഷ് നായർ പറഞ്ഞു. കഥകൾ പൂർണ്ണ വിരാമത്തിലവസാനിപ്പിക്കാതെ കഥയുടെ തുടർച്ച വായനക്കാരന് വിട്ടുകൊടുക്കുന്ന രീതി, കഥകളിലെവാക്കുകളുടെ നിയന്ത്രണവും മായാദത്തിൻ്റെ എഴുത്തിൻ്റെ പ്രത്യേകതയാണെന്ന് ഷാബു ഭാർഗവൻ അഭിപ്രായപ്പെട്ടു. അനുഭവങ്ങൾ ഭാവനയുടെ താളത്തിലേറ്റിയാണ് മായാദത്തിൻ്റെ എഴുത്തു രീതിയെന്ന് അഭിലാഷ് പറഞ്ഞു.