മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുൻപ് 15കാരനുമായുള്ള ബന്ധത്തില്‍ കുഞ്ഞുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ രാജിവച്ച് ഐസ്ലാൻഡിലെ വിദ്യാഭ്യാസ ശിശുക്ഷേമ മന്ത്രി ആസ്തില്‍ദൂർ ലോവ തോർസ്ഡോട്ടിർ. ഐസ്ലാൻഡിലെ പ്രമുഖ മാധ്യമമായ വിസിറിന് നല്‍കിയ അഭിമുഖത്തിലെ വിവാദ പരാമർശത്തിന് പിന്നാലെയാണ് 58കാരിയുടെ രാജി.
വിശ്വാസ പഠന ഗ്രൂപ്പില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു ബന്ധമെന്നാണ് ആസ്തില്‍ദൂർ ലോവ തോർസ്ഡോട്ടിർ വിശദമാക്കിയത്. മന്ത്രിക്ക് 22 വയസ് പ്രായമുള്ള സമയത്തായിരുന്നു നിയമ വിധേയമല്ലാത്ത ഈ ബന്ധം. ഒരു വർഷത്തിന് ശേഷം ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടായെന്നുമാണ് ആസ്തില്‍ദൂർ ലോവ തോർസ്ഡോട്ടിർ വിശദമാക്കിയത്. വെളിപ്പെടുത്തല്‍ ദേശീയ തലത്തില്‍ വൻ വിവാദമായതിന് പിന്നാലെയാണ് രാജി.
-->
തനിക്കുണ്ടായ കുഞ്ഞുമായി ബന്ധപ്പെടാൻ കുഞ്ഞിന്റെ പിതാവിനെ അനുവദിച്ചില്ലെന്നും ഇവർ വിശദമാക്കി. എന്നാല്‍ കുഞ്ഞിന് ഒരു വർഷം പ്രായമാകുന്നത് വരെ കുഞ്ഞിന്റെ അച്ഛൻ തനിക്കൊപ്പമാണ് ഉണ്ടായിരുന്നതെന്നും ഇവർ കൂട്ടിച്ചേർത്തു. മകനുമായി ബന്ധപ്പെടാനാവുന്നില്ലെന്ന് പരാതി പ്രായപൂർത്തിയാകാത്ത കാമുകൻ ഉയർത്തിയതായാണ് ഐസ്ലാൻഡിലെ നീതി മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്ന പരാതി. 18 വയസില്‍ താഴെ പ്രായമുള്ളവരുമായി ലൈംഗിക ബന്ധം പുലർത്തുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ പുലർത്തുന്ന രാജ്യമാണ് ഐസ്ലാൻഡ്.
പ്രായപൂർത്തിയാകാത്ത വ്യക്തിയുമായി അധ്യാപകർ, തൊഴിലുടമകള്‍ എന്നിങ്ങനെ ഉയർന്ന പദവിയിലുള്ളവർക്ക് ലൈംഗികബന്ധത്തിന് അനുമതിയില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷയാണ് ലഭിക്കുക. യൌവ്വനകാലത്തെ പിഴവ് എന്നാണ് ബന്ധത്തേക്കുറിച്ച് ആസ്തില്‍ദൂർ ലോവ തോർസ്ഡോട്ടിർ വിശദമാക്കിയത്. ആ ബന്ധം പിരിഞ്ഞിട്ട് 36 വർഷം കഴിഞ്ഞു. ഒരുപാട് കാര്യങ്ങളില്‍ ഇക്കാലത്ത് മാറ്റമുണ്ടായി. ഇന്നത്തേത് പോലെയായിരുന്നെങ്കില്‍ മറ്റൊരു രീതിയിലായിരുന്നു ആ ബന്ധത്തെ സമീപിച്ചിരിക്കുകയെന്നുമാണ് ആസ്തില്‍ദൂർ ലോവ തോർസ്ഡോട്ടിർ പറയുന്നത്.
മന്ത്രാലയത്തിനും രാജ്യത്തിനും വേണ്ടി ചെയ്ത പ്രവർത്തനങ്ങളെ ഈ സംഭവത്തിന്റെ പേരില്‍ തെറ്റായി ചിത്രീകരിക്കുന്നതിനോട് അനുകൂലമല്ല. പാർലമെന്റില്‍ തുടരാൻ താല്‍പര്യമുണ്ടെന്നുമാണ് അവർ വിശദമാക്കിയത്. വിഷയവുമായി ബന്ധപ്പെട്ട് ആസ്തില്‍ദൂർ ലോവ തോർസ്ഡോട്ടിറുമായി ബന്ധത്തിലായിരുന്ന കൌമാരക്കാരന്റെ ബന്ധുക്കള്‍ പ്രധാനമന്ത്രിയെ സമീപിച്ചതിന് പിന്നാലെയാണ് രാജി. താൻ മന്ത്രിയായിരുന്നാല്‍ ഇതുപോലെയുള്ള വിഷയം വീണ്ടും വീണ്ടും ഉയർത്തിക്കൊണ്ട് വരും. അത് സമാധാന പൂർവ്വമായുള്ള സർക്കാരിന്റെ പ്രവർത്തനത്തിന് അനുകൂലമല്ലെന്നും വ്യക്തമാക്കിയാണ് രാജി.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക