കേരള സർക്കാരിന്റെ ബംബർ ലോട്ടറി വ്യാജമായി നിർമ്മിച്ച് വിറ്റ് സിപിഎം നേതാവ്. പുനലൂർ റ്റി.ബി ജംഗ്ഷനിലെ കുഴിയില്‍ വീട്ടില്‍ താമസിക്കുന്ന ബൈജുഖാൻ (38) ആണ് ലോട്ടറി വ്യാജമായി നിർമ്മിച്ച് വിറ്റത്.സംഭവത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം പുനലൂർ നോർത്ത് ലോക്കല്‍ കമ്മിറ്റി അംഗമാണ് ബൈജുഖാൻ.
വ്യാജമായി ഇയാള്‍ നിർമ്മിച്ച് വിറ്റ ലോട്ടറിയില്‍ നിരവധി പേർക്ക് സമ്മാനം ലഭിച്ചിരുന്നു. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവർ ബൈജുഖാന്റെ പക്കല്‍ നിന്നും ലോട്ടറി വാങ്ങിയിരുന്നു. ഇവർ ഈ ടിക്കറ്റുമായി ഏജൻസികളെ സമീപിച്ചു. ടിക്കറ്റില്‍ സംശയം തോന്നിയ ഏജൻസി ഉടമകള്‍ പുനലൂരിലെ ഏജൻസിയുമായി ബന്ധപ്പെട്ടു. ഇതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.
-->
പുനലൂരിലെ ഏജൻസിയില്‍ നിന്നും 680 ടിക്കറ്റ് ആയിരുന്നു ബൈജുഖാൻ വാങ്ങിയത്. പിന്നീട് ഇത് കളർ പ്രിന്റ് എടുത്ത് വില്‍പ്പന നടത്തുകയായിരുന്നു. തട്ടിപ്പ് പുറത്തായതോടെ പുനലൂരിലെ ഏജൻസിയാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ പോലീസ് കോടതിയില്‍ ഹാജരാക്കി. നിലവില്‍ ഇയാള്‍ റിമാൻഡിലാണ്. ഡിവൈഎപ്‌ഐ മുൻ വില്ലേജ് സെക്രട്ടറിയാണ് ബൈജുഖാൻ. പുനലൂർ ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ താത്കാലിക ലിഫ്റ്റ് ഓപ്പറേറ്റർ കൂടി ആയിരുന്നു. ടി.ബി ജംഗ്ഷനില്‍ രണ്ട് കടകള്‍ സജ്ജീകരിച്ചായിരുന്നു ഇയാളുടെ ലോട്ടറി വില്‍പ്പന. ഡിസംബർ 12 മുതല്‍ 24 വരെയായിരുന്നു ഇവിടെ ഇയാള്‍ ലോട്ടറി വിറ്റിരുന്നത്.
മിനി പമ്ബ എന്ന പേരില്‍ കൂടി അറിയപ്പെടുന്ന സ്ഥലമാണ് ടി.ബി ജംഗ്ഷൻ. മണ്ഡലകാലത്ത് ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഈ തിരക്ക് മുതലെടുത്തുകൊണ്ടായിരുന്നു ഇയാളുടെ ലോട്ടറി വില്‍പ്പന. വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ അയ്യപ്പഭക്തർ ആയിരുന്നു ഇയാളുടെ കയ്യില്‍ നിന്നും ടിക്കറ്റ് വാങ്ങിയ ഭൂരിഭാഗം പേരും. പലനാടുകളില്‍ നിന്നും ഉള്ളവർ ആയതിനാല്‍ തട്ടിപ്പ് പുറത്തറിയില്ലെന്നായിരുന്നു ബൈജുഖാൻ കരുതിയിരുന്നത്.
ചക്കുളത്തമ്മ ലക്കി സെന്ററില്‍ നിന്നായിരുന്നു ബൈജുഖാൻ ലോട്ടറി വാങ്ങിയത്. 332 രൂപയ്ക്ക് ആയിരുന്നു ലോട്ടറികള്‍ വാ്ങ്ങിയത്. പിന്നീട് ഇത് 400 രൂപയ്ക്ക് വില്‍പ്പന നടത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണ്.
അതേസമയം സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തി. ലോട്ടറി കടകള്‍ വഴി ലക്ഷങ്ങളുടെ തട്ടിപ്പ് ആണ് ബൈജുഖാൻ നടത്തിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക