പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലെടുത്ത പോക്സോ കേസില്‍ തമിഴ്നാട് ബി.ജെ.പിയുടെ സാമ്ബത്തിക കാര്യ മേധാവി എം.എസ്.ഷാ അറസ്റ്റില്‍. മധുര സ്വദേശിയായ വിദ്യാർഥിനിയെ ഷാ പീഡിപ്പിച്ചെന്ന് കാണിച്ച് പിതാവ് നല്‍കിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ വർഷമാണ് എം.എസ്. ഷാക്കെതിരെ മധുര സൗത്തിലെ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിക്കാരന്റെ ഭാര്യയുമായി വിവാഹേതര ബന്ധമുണ്ടായിരുന്ന ഷാ, 15കാരിയായ പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
ഷാ മകളുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതായി പരാതിക്കാരൻ വ്യക്തമാക്കി. ഇതേക്കുറിച്ച് മകളോട് ചോദിച്ചപ്പോള്‍ അമ്മ സ്‌കൂളില്‍ വിടാതെ ബി.ജെ.പി നേതാവിന്റെ വീട്ടിലെത്തിച്ച് തനിച്ചാക്കിയെന്നും ഷാ പലപ്പോഴായി ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് മകള്‍ പറഞ്ഞത്.
മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിന്റെ നിർദേശ പ്രകാരമാണ് കേസില്‍ അന്വേഷണമാരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരന്റെ ഭാര്യക്കും ഷാക്കുമെതിരെ പോക്സോ കേസ് ചുമത്തുകയായിരുന്നു. പിന്നാലെ ഒളിവില്‍ പോയ ഷാ, തിങ്കളാഴ്ച പിടിയിലാകുകയായിരുന്നു.