![](https://keralaspeaks.news/wp-content/uploads/2025/02/n6505718421738685360583319c6725f5fbb7c81fe97a8e641fb2a0e263985237bb0805cd78c2be860f8b84-780x450.jpg)
രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയില്‍ ബജറ്റ് സമ്മേളനത്തിലെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി.അടുത്ത 25 വര്‍ഷത്തേക്കുള്ള ലക്ഷ്യപത്രമാണ് രാഷ്ട്രപതി അവതരിപ്പിച്ചത്. വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു.
10 വർഷത്തിനിടെ ഈ സർക്കാർ നാലു കോടി പാവങ്ങള്‍ക്ക് വീട് നല്‍കി. 12 കോടി ശൗചാലയങ്ങള്‍ നിർമ്മിച്ചു. എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചു. ചിലര്‍ അധികാരം കിട്ടിയപ്പോള്‍ വലിയ മാളിക പണിയുകയാണ് ചെയ്തതെന്നും എഎപി നേതാവ് അരവിന്ദ് കെജ്രിവാളിനെ വിമര്‍ശിച്ച് മോദി പറഞ്ഞു.
ദരിദ്രരുടെ വീടുകളില്‍ പോയി ഫോട്ടോ സെഷൻ നടത്തുകയാണ് ചിലര്‍ ചെയ്യുന്നത്. അവർക്ക് സഭയില്‍ പാവങ്ങളുടെ ശബ്‍ദം ബോറിങായി അനുഭവപ്പെടും. ജനത്തിന്‍റെ പണം ജനത്തിനാണ്. അതാണ് ഈ സർക്കാരിന്‍റെ നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സര്‍ക്കാര്‍ അദാനി, അംബാനി എന്നിവര്‍ക്ക് വേണ്ടിയാണെന്ന് ഇതിനിടെ പ്രതിപക്ഷം ബഹളം വച്ചതോടെ പ്രതിപക്ഷം ഇടപെട്ടു. എന്നാല്‍, അവര്‍ക്ക് വലിയ നിരാശയുണ്ടാകുമെന്നും എന്തെങ്കിലുമൊക്കെ പറഞ്ഞോട്ടെയെന്നുമായിരുന്നു മോദിയുടെ പരിഹാസം.
സർക്കാർ പദ്ധതികളെ യൂണിസെഫ് പോലും അംഗീകരിച്ചു. ആദായ നികുതി ഭാരത്തില്‍ നിന്ന് മധ്യവർഗത്തെ ഒഴിവാക്കി. 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കി. പത്ത് വർഷത്തിനിടെ പരിധി രണ്ട് ലക്ഷത്തില്‍ നിന്ന് 12 ലക്ഷമായാണ് ഉയർത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിനിടെ വിരമിക്കില്ലെന്ന സന്ദേശവും നരേന്ദ്ര മോദി നല്‍കി. ഇത് തന്‍റെ മൂന്നാമത്തെ ഊഴമേ ആയിട്ടുള്ളൂ. ഏറെക്കാലം രാജ്യത്തിന്റെ വികസനത്തിനായി താനുണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.