
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നില്‍ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നത് പോക്സോ നിയമത്തിലെ സെക്ഷൻ 11 പ്രകാരം കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിന് തുല്യമാണെന്നും ശിക്ഷാർഹമാണെന്നും കേരള ഹൈക്കോടതി. കേസിലെ രണ്ടാം പ്രതിയായ വ്യക്തിയും ഒന്നാം പ്രതിയായ കുട്ടിയുടെ അമ്മയുമായി കുട്ടി കാണ്‍കെ ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടുവെന്നാണ് കേസ്. പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ സാധനങ്ങള്‍ വാങ്ങാൻ പറഞ്ഞയച്ച ശേഷം പ്രതികള്‍ ലോഡ്ജ് മുറിയില്‍ ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടെന്നാണ് ആക്ഷേപം.
മുറി പൂട്ടാത്തതിനാല്‍ സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്ബോള്‍ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നത് പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടി കണ്ടു. തുടർന്ന് കുട്ടിയെ രണ്ടാം പ്രതി കഴുത്തില്‍ പിടിച്ച് തള്ളുകയും കവിളില്‍ അടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. സെക്ഷൻ 75, 294 (ബി), 341, 323, 34 എന്നിവ പ്രകാരം രണ്ടാം പ്രതി ശിക്ഷാർഹനാണെന്നും കുട്ടികളോടുള്ള ജുവനൈല്‍ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ) ഓഫ് ചില്‍ഡ്രൻ ആക്റ്റ്, സെക്ഷൻ 11 (ലൈംഗിക പീഡനം), പോക്‌സോ നിയമത്തിലെ 12 (ലൈംഗിക പീഡനത്തിനുള്ള ശിക്ഷ) എന്നിവയും നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.