കേരള ഹൈക്കോടതി കെട്ടിടത്തോട് ചേർന്ന് അഭിഭാഷക അസോസിയേഷൻ ഓഫീസ് സ്ഥിതി ചെയ്യുന്ന പരിസരത്തെ പാർക്കിങ് ഗ്രൗണ്ടില്‍ രാത്രി നിർത്തിയിട്ടിരുന്ന പത്തോളം കാറുകള്‍ പഞ്ചറായി. രാവും പകലും അതീവ സുരക്ഷയുള്ള സ്ഥലമാണിത്. ഹൈക്കോടതി പരിസരമെന്ന നിലയ്ക്കുള്ള പോലീസ് നിരീക്ഷണത്തിന് പുറമെ സ്ഥിരം സുരക്ഷാ ജീവനക്കാരുമുണ്ട്.
തൊട്ടടുത്ത ചേംബർ ബില്‍ഡിങ്ങില്‍ ഓഫീസുള്ള അഭിഭാഷകരല്ലാതെ മറ്റാരും ഇവിടെ വാഹനങ്ങള്‍ പാർക്ക് ചെയ്യാറില്ല. അതുകൊണ്ട് തന്നെ അഭിഭാഷകരെ ലക്ഷ്യമിട്ട് തന്നെയുള്ള ഉപദ്രവമാണെന്ന് വ്യക്തമാണ്. സെക്യൂരിറ്റി ഉള്ളത് കൊണ്ട് തന്നെ പുറത്ത് നിന്നാരും ഇവിടേക്ക് കടന്നുകയറില്ല, പ്രത്യേകിച്ച് ഓഫീസ് സമയം കഴിഞ്ഞാല്‍. അതുകൊണ്ട് തന്നെ അഭിഭാഷക അസോസിയേഷനാണ് പ്രതിസ്ഥാനത്ത്.
-->
ഒന്നിലേറെ വാഹനങ്ങളുള്ളവർ സ്ഥിരമായി ഇവിടെ പാർക്ക് ചെയ്തുപോകാറുണ്ടെന്നും അത് പറ്റില്ലെന്നും അറിയിച്ച് അസോസിയേഷൻ കഴിഞ്ഞ ദിവസം നോട്ടീസ് ഇറക്കിയിരുന്നു. അങ്ങനെ കാറുകള്‍ നിർത്തിയിട്ട് പോകുന്നവർ ആറാം തീയതിക്കുള്ളില്‍ നീക്കം ചെയ്യണമെന്നും അത് കഴിഞ്ഞാല്‍ വാഹനങ്ങള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ക്ക് അസോസിയേഷൻ ഉത്തരവാദിയല്ലെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു. ഇതാണ് അസോസിയേഷനെ സംശയനിഴലിലാക്കുന്നത്.
ഗവണ്‍മെൻ്റ് പ്ലീഡർമാർ അടക്കമുള്ളവരുടെ വാഹനങ്ങള്‍ പഞ്ചറായിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ നിന്നെത്തിയ ശേഷം സുരക്ഷിത സ്ഥാനമെന്ന നിലയ്ക്ക് ഈ പരിസരത്ത് വാഹനം നിർത്തിയിട്ട് പോകുന്ന അഭിഭാഷകരുണ്ട്. അത്തരം അത്യാവശ്യക്കാരെ പോലും ഉപദ്രവിക്കുന്നതാണ് ഇപ്പോഴത്തെ നീക്കമെന്നും അസോസിയേഷൻ മുൻകൈയ്യെടുത്ത് കാറുകള്‍ പഴയപടിയാക്കണമെന്നും ആവശ്യം പലരും ഉന്നയിക്കുന്നുണ്ട്. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ്റെ അംഗങ്ങള്‍ക്ക് തീർത്തും അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന നടപടിയാണ് ഇതെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിക്ക് പരാതി നല്‍കാനും ഒരുവിഭാഗം ഒരുങ്ങുന്നുണ്ട്.
അതേസമയം ആരോപണം ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ നിഷേധിച്ചിട്ടുണ്ട്. സ്ഥിരമായി വാഹനം പാർക്ക് ചെയ്തുപോകുന്നവർക്ക് പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരിട്ട് ഫോണില്‍ വിളിച്ചും അറിയിച്ചിട്ടുണ്ട്. അത്തരക്കാരുടെ പട്ടിക ഹൈക്കോടതി സുരക്ഷാ വിഭാഗത്തിന് നല്‍കിയിട്ടുമുണ്ട്. അതിനപ്പുറത്തൊരു നടപടിയിലേക്കും കടന്നിട്ടില്ല എന്നാണ് വിശദീകരണം. കുഴപ്പം കാണിച്ചവരെ കണ്ടെത്താൻ അസോസിയേഷനും ശ്രമിക്കുകയാണെന്നും അംഗങ്ങള്‍ ഉള്‍പ്പെട്ട വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഭാരവാഹികള്‍ വിശദീകരിച്ചിട്ടുണ്ട്.
അതിനിടെ കുഴപ്പമുണ്ടാക്കാൻ ബോധപൂർവം തന്നെ ആരോ ശ്രമിച്ചതിൻ്റെ തെളിവുകള്‍ സ്ഥലത്ത് നിന്ന് കിട്ടി. ടയർ വാല്‍വിൻ്റെ ക്യാപ്പിനുള്ളില്‍ കല്ലുവച്ച് അടച്ചിരിക്കുന്നതായാണ് കണ്ടെത്തിയത്. എല്ലാ കാറുകളിലും ഇതേ മട്ടില്‍ തന്നെയാണ് ചെയ്തിരിക്കുന്നത്. 24 മണിക്കൂർ അതീവ സുരക്ഷയുള്ള ഇത്തരമൊരു സ്ഥലത്ത് കടന്നുകയറി ഇത്രയധികം വാഹനങ്ങളില്‍ ഇങ്ങനെ ചെയ്യാൻ ആർക്ക് കഴിയുമെന്ന കാര്യം വിഷയത്തെ കൂടുതല്‍ ദുരൂഹമാക്കുകയാണ്. ഇതോടെ പോലീസ് അന്വേഷണം വേണമെന്ന തരത്തിലും അഭിഭാഷകർ അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക