KeralaNewsPolitics

കർഷക ആത്മഹത്യകൾ പെരുകിയിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ല; റബറിന്റെയും നെല്ലിന്റെയും താങ്ങ് വിലയിൽ ജനങ്ങളെ വഞ്ചിച്ചു; ക്ഷേമ പെൻഷൻ ഔദാര്യമാണെന്ന് ഹൈക്കോടതിയിലെ നിലപാട് സർക്കാരിന്റെ ഇടതുപക്ഷ മുഖം നഷ്ടപ്പെടുത്തി: നിയമസഭയിൽ പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് മാണി സി കാപ്പൻ – വീഡിയോ കാണാം.

സംസ്ഥാനത്ത് ഓരോ വർഷം കഴിയുന്തോറും കർഷക ആത്മഹത്യകൾ വർദ്ധിക്കുകയാണെന്നും ഈ വിഷയത്തിൽ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും മാണി സി കാപ്പൻ എംഎൽഎ കുറ്റപ്പെടുത്തി. റബ്ബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിച്ച് അധികാരം നേടിയവർ കേവലം 10 രൂപ മാത്രം വർദ്ധിപ്പിച്ച് കർഷകരെ അപമാനിച്ചു എന്നും എംഎൽഎ ചൂണ്ടിക്കാട്ടി. നെല്ലിന്റെ താങ്ങുവില കേന്ദ്രസർക്കാർ വർധിപ്പിക്കുന്നതിന് അനുപാതികമായി വർദ്ധിപ്പിക്കാൻ പോലും കഴിവില്ലാത്ത സംസ്ഥാന സർക്കാരാണ് ഭക്ഷ്യ രംഗത്തെ സ്വയം പര്യാപ്തതയെ കുറിച്ച് വീണ്ടും പറയുന്നത് എന്നും എംഎൽഎ പരിഹസിച്ചു.

ad 1

പാലായിൽ കർഷക വിളകൾക്ക് അടിസ്ഥാന വിലയുറപ്പാക്കാനും, നിരവധി ആളുകൾക്ക് തൊഴിൽ ലഭ്യമാക്കാനും ഉതകുന്ന ഫുഡ് പാർക്കും, കോൾഡ് സ്റ്റോറേജും സ്ഥാപിക്കണമെന്നും മാണി സി കാപ്പൻ ആവശ്യപ്പെട്ടു. ക്ഷേമ പെൻഷനുകളിലെ പ്രതിമാസ തുക 2500 രൂപയായി വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേമ പെൻഷനുകൾ പൗരന്റെ അവകാശമല്ല, സർക്കാരിന്റെ ഔദാര്യമാണ് എന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം കൊടുത്ത സർക്കാരിന് ഇടതുപക്ഷം മുഖം നഷ്ടമായതായും എംഎൽഎ ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ad 4

നിരവധി യുവജനങ്ങൾ ഓരോ വർഷവും വിദേശത്തേക്ക് വിദ്യാഭ്യാസത്തിനായി പാലായനം ചെയ്യുന്ന വിഷയവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ കുട്ടിയുടെ മാതാപിതാക്കളും ലക്ഷക്കണക്കിന് രൂപയാണ് വിദേശ പഠനത്തിനും താമസത്തിനും ആയി ചിലവഴിക്കുന്നത്. ഇതുമൂലം സംസ്ഥാനത്തുണ്ടാകുന്നത് ഗുരുതരമായ മസ്തിഷ്ക ചോർച്ചയും സാമ്പത്തിക ചോർച്ചയും ആണ്. ജനിച്ച മണ്ണിൽ അഭിമാനത്തോടുകൂടി ജീവിക്കുവാൻ യുവാക്കൾക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ad 3

പാലാ രൂപത ചൂണ്ടച്ചേരിയിൽ ലോ കോളേജ് തുടങ്ങാൻ അപേക്ഷ സമർപ്പിച്ചിരുന്ന വിഷയവും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമ പഠനത്തിനായി അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്ന കുട്ടികൾക്ക് പഠനസൗകര്യം സ്വന്തം സംസ്ഥാനത്ത് ഒരുക്കുവാൻ സർക്കാർ തയ്യാറാവണമെന്നും രൂപതയുടെ ആവശ്യം പരിഗണിച്ച് പാലായിൽ ലോ കോളേജ് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമാനമായി നഴ്സിംഗ് സീറ്റുകളിലും 10% എങ്കിലും വർദ്ധനവ് വരുത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

ad 5

കുട്ടികൾക്ക് ഉച്ചക്കഞ്ഞി കൊടുക്കുന്നതിന്റെ പേരിൽ ഇപ്പോൾ പ്രധാന അധ്യാപകർക്ക് സാമ്പത്തിക ബാധ്യതയുണ്ടാവുകയാണ് അതുകൊണ്ടുതന്നെ പ്രധാന അധ്യാപക പദവി ഏറ്റെടുക്കാൻ ആരും തയ്യാറാവുന്നില്ല. സാധാരണക്കാരെ നികുതിയിനത്തിൽ ഞെക്കിപ്പിടിയുന്ന സർക്കാർ വൻ തുക നികുതി കുടിശികയുള്ള വൻകിടക്കാരെ സർക്കാരിൻറെ ധൂർത്ത് പരിപാടികളുടെ സ്പോൺസർമാർ ആക്കി മാറ്റി സംരക്ഷിക്കുകയാണെന്നും എംഎൽഎ ആരോപിച്ചു. നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയെ എതിർത്ത് സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button