
മധ്യതിരുവിതാംകൂറിന്റെ ഷോപ്പിംഗ് സംസ്കാരത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് സ്ഥാപിതമായ ലുലു മാൾ ഉദ്ഘാടനം പൂർത്തിയായി. കേരളത്തിലെ ലുലുവിന്റെ അഞ്ചാമത്തെ മാൾ ആണ് കോട്ടയത്തേത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കോട്ടയം എംപി ഫ്രാൻസിസ് ജോർജ്, രാജ്യസഭാ എംപിമാരായ ജോസ് കെ മാണി, ഹാരിസ് ബീരാൻ, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, മലയാള മനോരമ ചീഫ് എഡിറ്റർ മാമൻ മാത്യു എന്നിവർ മുഖ്യാതിഥികളായി.
ചടങ്ങിൽ എം എ യൂസഫലി നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായി. ചെറുപ്പക്കാർ കൂട്ടത്തോടെ രാജ്യം വിടുന്ന പ്രവണതയെ സൂചിപ്പിച്ച് കേരളം മുതിർന്ന പൗരന്മാരുടെ സ്വർഗ്ഗമായി മാറരുതെന്ന് യൂസഫലി ആവശ്യപ്പെട്ടു. താൻ സന്ദർശിച്ച വിദേശരാജ്യങ്ങളിൽ ഗ്രാമ നഗരഭേദമില്ലാതെ മലയാളികളായ ചെറുപ്പക്കാരെ കണ്ടുമുട്ടിയിട്ടുണ്ട് എന്ന പറഞ്ഞ യൂസഫലി നമ്മുടെ നാട്ടിലെ പഴയ നിയമങ്ങൾക്ക് പൊളിച്ചെഴുത്ത് ആവശ്യമാണെന്നും, പുതിയ സംരംഭങ്ങൾ ഉയർന്നുവരണമെന്നും ചൂണ്ടിക്കാട്ടി.