
തമിഴ്‌നാട് – ശ്രീലങ്ക കപ്പല്‍ സര്‍വീസ് പുനരാരംഭിക്കാൻ തീരുമാനം. തമിഴ്നാട്ടിലെ നാഗപട്ടണത്തിനും വടക്കന്‍ ശ്രീലങ്കന്‍ തലസ്ഥാനമായ ജാഫ്‌നയ്ക്കടുത്ത കാങ്കേശന്‍ തുറയ്ക്കും ഇടയിലുള്ള യാത്രക്കപ്പല്‍ സര്‍വീസ് ആണ് മേയ് 13-ന് പുനരാരംഭിക്കുക. 13-ന് നാഗപട്ടണം തുറമുഖത്തുനിന്നാണ് കപ്പല്‍ പുറപ്പെടുക. ഇതിനു മുന്നോടിയായി മേയ് പത്തിന് കപ്പല്‍ നാഗപട്ടണം തുറമുഖത്ത് നങ്കൂരമിടും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14-ന് നാഗപട്ടണം തുറമുഖത്തുനിന്നാണ് സര്‍വീസ് തുടങ്ങിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍, പിന്നീടുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ഒക്ടോബര്‍ 20-ന് സര്‍വീസ് നിര്‍ത്തി. അന്തമാനില്‍ നിര്‍മിച്ച ‘ശിവഗംഗ’ കപ്പലാണ് സര്‍വീസിനായി ഉപയോഗപ്പെടുത്തുക. താഴത്തെ ഡെക്കില്‍ 133 സീറ്റും മുകളിലത്തെ ഡെക്കില്‍ 25 സീറ്റും ഉണ്ടാകും. നാഗപട്ടണത്തുനിന്ന് കാങ്കേശന്‍ തുറയിലേക്കുള്ള 60 നോട്ടിക്കല്‍ മൈല്‍ താണ്ടാന്‍ ഏകദേശം മൂന്നര മണിക്കൂര്‍ സമയമെടുക്കും.