തന്റെ മകൻ പ്രണവിന് വാഹനങ്ങളോട് വലിയ താത്പര്യമില്ലെന്ന് അമ്മ സുചിത്ര മോഹൻലാല്‍. അച്ഛനെ പോലെ തന്നെ മകനും കാറുകളോടോ വാഹനങ്ങളോടോ വലിയ ക്രേസ് ഒന്നുമില്ലെന്ന് സുചിത്ര പറഞ്ഞു. പ്രണവ് ഉപയോഗിക്കുന്ന വാഹനം ബ്രെസ കാർ ആണ്. ഒരുപാട് വർഷമായി ഇത് തന്നെയാണ് ഉപയോഗിക്കുന്നത്.
പഴയ വണ്ടി മാറ്റി പുതിയ വണ്ടി എടുത്തുകൂടേയെന്ന് ആരെങ്കിലും ചോദിച്ചാലും അതിന്റെ ആവശ്യമില്ല, തനിക്ക് ഇത് തന്നെ മതിയെന്നാണ് പ്രണവ് നല്‍കുന്ന മറുപടിയെന്നും സുചിത്ര പറഞ്ഞു. ഒരു ഓണ്‍ലൈൻ പോർട്ടലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുചിത്ര ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്രെസ എടുക്കുന്നതിന് മുൻപ് പ്രണവ് ഉപയോഗിച്ചിരുന്നത് ഫോക്‌സ്‌വാഗണ്‍ കാറാണ്. അത് കൊടുത്തിട്ടാണ് ബ്രെസ വാങ്ങിയത്.
വാഹനം സ്വയം ഡ്രൈവ് ചെയ്യാനാണ് പ്രണവിന് ഇഷ്ടം. വലിയ വിലകൂടിയ വാഹനങ്ങളോടൊന്നും അവന് താത്പര്യമില്ലെന്നും സുചിത്ര അറിയിച്ചു. താരങ്ങള്‍ക്കും ചെറുപ്പക്കാർക്കുമെല്ലാം വാഹനങ്ങളോടുള്ള താത്പര്യ കൂടുതല്‍ സംബന്ധിച്ച ചോദ്യത്തിനായിരുന്നു സുചിത്ര ഈ മറുപടി നല്‍കിയത്. മകനും ഭർത്താവും ഏത് വണ്ടി ഉപയോഗിച്ചാലും തനിക്ക് പ്രശ്‌നമില്ല. അവരുടെ സുരക്ഷയാണ് എപ്പോഴും തനിക്ക് പ്രധാനം.
അവരെല്ലാം വണ്ടിയില്‍ ഒരുപാട് യാത്ര ചെയ്യുന്നവരല്ലേ, അതിനാല്‍ സുരക്ഷ വേണമെന്ന് മാത്രമാണ് താൻ ആഗ്രഹിക്കുന്നത്. മോഹൻലാല്‍ അധികം വാഹനം ഡ്രൈവ് ചെയ്യാറില്ലെന്നും മറ്റാരെങ്കിലുമാണ് കൂടുതലായും വാഹനം ഓടിക്കാറെന്നും സുചിത്ര കൂട്ടിച്ചേർത്തു.