
സാമ്ബത്തിക തട്ടിപ്പ് കേസില്‍ മോൻസൻ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശിനിയും സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറുമായ എറണാകുളം തൃക്കാക്കര ചേലൂർ, എല്‍ദോറാഡോ 10 ബിയില്‍ (തിരുവനന്തപുരം കരമന ഭാഗത്ത് ഫ്ലാറ്റില്‍ താമസിക്കുന്ന) നിധി ശോശാ കുര്യൻ (38) എന്നയാളെയാണ് കോട്ടയം വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
വാകത്താനം നാലുന്നക്കല്‍ സ്വദേശികളായ ദമ്ബതികളെ പുരാവസ്തു ബിസിനസില്‍ പങ്കാളികളാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇവരുടെ കൈയില്‍ നിന്നും 85 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് നടപടി. കബളിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ദമ്ബതികള്‍ പോലീസില്‍ പരാതി നല്‍കുകയും വാകത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ 22 ലക്ഷം ഇവരുടെ അക്കൗണ്ടില്‍ വന്നതായി കണ്ടെത്തുകയും, തുടർന്ന് നടത്തിയ തിരച്ചിലില്‍ ഇവരെ എറണാകുളത്തു നിന്ന് പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ഈ കേസിലെ മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി.
സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറായ നിധി കുര്യൻ ഒറ്റയ്ക്ക് കാറില്‍ ഇന്ത്യ മുഴുവൻ യാത്രചെയ്താണ് ശ്രദ്ധനേടിയത്. സാമൂഹിക മാധ്യമങ്ങളില്‍ യുവതിക്ക് നിരവധി ഫോളോവേഴ്സുമുണ്ട്.