ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ പിടിമുറുക്കി ഇഡി. തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും ഭാരത് രാഷ്ട്ര സമിതി നേതാവുമായ കവിത റാവുവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ന്യൂഡല്‍ഹിയില്‍നിന്ന് ഹൈദെരാബാദിലെത്തിയ ആദായനികുതി, ഇ ഡി ഉദ്യോഗസ്ഥർ ഹൈദരാബാദിലെ കവിതയുടെ വസതിയില്‍ വെള്ളിയാഴ്ച ഉച്ചയോടെ പരിശോധന നടത്തിയിരുന്നു. പിന്നാലെയാണ് അറസ്റ്റുവാര്‍ത്തകള്‍ പുറത്തുവരുന്നത്.

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ കുറ്റാരോപിതയായ കവിതയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിരവധി തവണ ആദായ നികുതി വകുപ്പും ഇ ഡി യും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, നോട്ടീസിനെതിരെ കവിത സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മദ്യശാല ലൈസൻസ് ലഭിക്കാൻ ആം ആദ്മി പാർട്ടി (എഎപി) നേതാക്കള്‍ക്ക് 100 കോടി രൂപ കൈക്കൂലി നല്‍കിയ ‘സൗത്ത് ഗ്രൂപ്പിൻ്റെ’ ഭാഗമായിരുന്നു കവിതയെന്നാണ് ഇഡിയുടെ ആരോപണം. ആരോപണങ്ങള്‍ നിഷേധിച്ച കവിത, ഇഡി നോട്ടീസുകളെ മോദി നോട്ടീസ് എന്നാണ് വിശേഷിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2022 ഡിസംബർ 12ന്, കേസുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥരുടെ ഒരു സംഘം കവിതയുടെ ഹൈദരാബാദിലെ വസതിയിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഏഴ് മണിക്കൂറിലേറെയാണ് സിബിഐ സംഘം അന്ന് മൊഴിയെടുത്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയായ ഇൻഡോസ്പിരിറ്റ്‌സ് എം ഡി സമീർ മഹേന്ദ്രുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കവിതയെ പ്രതി ചേർത്തത്‌.

എങ്ങനെയാണ് തട്ടിപ്പ് നടത്തിയത് എന്നതിന്റെ വിശദമായ വിവരണം ഇ ഡി കുറ്റപത്രത്തില്‍ നല്‍കിയിരുന്നു. എഎപി കമ്മ്യൂണിക്കേഷൻ ഇൻ ചാർജ് വിജയ് നായർ ഇൻഡോസ്പിരിറ്റ്‌സ് എം ഡി സമീർ മഹേന്ദ്രുവിന് മൊത്ത വ്യാപാര ബിസിനസ് വാഗ്ദാനം ചെയ്തിരുന്നു. തുടർന്നങ്ങോട്ട് ഈ ആശയവിനിമയം ഊട്ടി ഉറപ്പിച്ചത് കവിതയുമായുള്ള ഫോണ്‍ കോളുകളും മെസ്സേജുകളുമാണെന്നാണ് ഇ ഡി കണ്ടെത്തല്‍.

ഡല്‍ഹി ബിസിനസില്‍ നിക്ഷേപം നടത്താൻ അരുണിന് താല്‍പ്പര്യമുണ്ടെന്നും അരവിന്ദ് കെജ്രിവാളുമായി സൗഹൃദമുള്ള വ്യക്തിയാണെന്നും വിജയ് നായര്‍, സമീർ മഹേന്ദ്രുവിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ കൂട്ടുകെട്ടില്‍ പങ്കുചേരാൻ ആദ്യഘട്ടത്തില്‍ മഹേന്ദ്രു തയ്യാറായില്ല. ബിസിനസില്‍ നിക്ഷേപിക്കാൻ തയ്യാറാവാതെ ഓഹരി ആവശ്യപ്പെട്ടു എന്നുള്ളതായിരുന്നു ഇതിന് കാരണം. തുടർന്ന് കവിതയ്ക്കു വേണ്ടിയാണ് ബിസിനസില്‍ താല്‍പര്യം കാണിച്ചതെന്ന് അരുണ്‍ പറഞ്ഞിരുന്നു എന്നും മഹേന്ദ്രുവിന്റെ മൊഴിയിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക