പി.സി. ജോർജിനെ അനുനയിപ്പിക്കാൻ ബിജെപി സ്ഥാനാർഥി അനില്‍ ആന്റണി നേരിട്ടെത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ്ജിന്റെ പരാതി പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് ഇന്ന് വൈകിട്ട് പൂഞ്ഞാറിലെ വീട്ടിലെത്തുക. പിസി ജോര്‍ജ്ജിന്റെ പിന്തുണ തേടിയ ശേഷം മാത്രം മണ്ഡലപര്യടനം തുടങ്ങാനാണ് അനില്‍ ആന്റണി തീരുമാനിച്ചിരിക്കുന്നത്. അനില്‍ ആന്റണിയുടെ സ്ഥാനാർഥിത്വത്തെ പിസി ജോര്‍ജ്ജ് എതിർത്ത പശ്ചാത്തലത്തിലാണ് അനുനയ ശ്രമം.

പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അനില്‍ ആന്റണി ഇന്ന് പിസി ജോര്‍ജ്ജിനെ കാണാനെത്തുന്നത്. ബിജെപി ജില്ലാ നേതാക്കള്‍ക്കൊപ്പമാകും അനില്‍ ആന്റണി ഇന്ന് വൈകിട്ട് പിസി ജോർജിനെ കാണുക. അതേസമയം, പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെ സ്ഥാനാർഥിയാക്കിയതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി ദേശീയ നേത‍ൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദാംശങ്ങള്‍ തേടി. പി.സി. ജോർജിന്റെ പരസ്യ പ്രതികരണങ്ങളില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തനിക്ക് സ്ഥാനാർഥിത്വം നിഷേധിക്കപ്പെടാൻ കാരണം വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയുമാണെന്ന പി.സി. ജോർജിന്റെ പരാമർശത്തിനെതിരെ എൻഡിഎ ഘടകകക്ഷി കൂടിയായ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബിജെപി കേന്ദ്രനേതൃത്വത്തെയും പരാതി അറിയിച്ചിട്ടുണ്ട്. അനില്‍ ആന്റണിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതു മുതല്‍ പലതവണ പി.സി. ജോർജ് തന്റെ അനിഷ്ടം പരോക്ഷമായി പ്രകടിപ്പിച്ചിരുന്നു. പത്തനംതിട്ട മണ്ഡലത്തില്‍നിന്ന് തന്നെ ഒഴിവാക്കുന്നതിനായി പ്രവർത്തിച്ച തുഷാർ വെള്ളാപ്പള്ളിക്കും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ദൈവം കൊടുക്കുമെന്നും പി.സി. ജോർജ് പ്രതികരിച്ചിരുന്നു.

അതേസമയം, അനില്‍ ആന്റണിക്ക് സീറ്റ് നല്‍കിയതിനെതിരെ പത്തനംതിട്ട ബിജെപിയിലും പരസ്യ പ്രതിഷേധം ഉയർന്നിരുന്നു. നേതൃത്വത്തെ വിമർശിച്ച്‌ ബിജെപി ജില്ലാ നേതാവ് സമൂഹമാധ്യമത്തില്‍ പോസ്റ്റിടുകയും ചെയ്തു. അനിലിന്റെ സ്ഥാനാർഥിത്വത്തെ പിതൃശൂന്യനടപടിയെന്നു വിശേഷിപ്പിച്ച കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലിനെ പാർട്ടിയില്‍നിന്ന് പുറത്താക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക