ബി ജെ പി നേതാവും പത്തനംതിട്ടയിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുമായ അനില്‍ ആന്റണിക്കെതിരെ വീണ്ടും ആരോപണവുമായി വിവാദ ദല്ലാള്‍ ടി ജി നന്ദകുമാര്‍. അനില്‍ ആന്റണി സൂപ്പര്‍ ദല്ലാളാണെന്നും താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സ്ഥാപിക്കാന്‍ തെളിവുകള്‍ പുറത്ത് വിടും എന്നും നന്ദകുമാര്‍ പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനില്‍ ആന്റണി കള്ള ഒപ്പിട്ട് അനില്‍ അംബാനിയുടെ പേരില്‍ സിബിഐ ഡയറക്ടറുടെ വീട്ടില്‍ കയറി. നീര റാഡിയ ടേപ്പില്‍ ഇതിന് തെളിവുണ്ടെന്നും നന്ദകുമാര്‍ ആരോപിച്ചു. അനില്‍ സംശുദ്ധനല്ലെന്ന് വ്യക്തമാക്കാനാണ് അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചത്. ഡല്‍ഹിയിലെ സാഗര്‍ രത്‌ന ഹോട്ടലില്‍ വച്ചാണ് തന്റെ കൈയ്യില്‍ നിന്ന് അനില്‍ ആന്റണി പണം വാങ്ങിയത് എന്നും നന്ദകുമാര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘അനില്‍ ആന്റണി വന്നത് കറുത്ത ഹോണ്ട സിറ്റി കാറില്‍ ആണ്. ആ ഇടപാട് പിജെ കുര്യന്‍ സമ്മതിച്ചിരുന്നു. സി ബി ഐ ഡയറക്ടറുടെ വീട്ടില്‍ അനില്‍ പോയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് പണം അനിലിന് കൈമാറിയത്. അനില്‍ ആന്റണിയുടെ മാതാവ് എലിസബത്തിന് ഇതില്‍ പങ്കില്ല. എന്നാല്‍ അനിലിന്റെ പ്രോത്സാഹനം എലിസബത്താണ്. എകെ ആന്റണിക്കും ഇക്കാര്യങ്ങളെല്ലാം അറിയാം,’ നന്ദകുമാര്‍ പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ എ കെ ആന്റണിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് ഇതൊക്കെ നടന്നത് എന്നും അനില്‍ ആന്റണിയെ ബന്ധപ്പെട്ട് പണം കൊടുത്തിട്ടും കാര്യം നടക്കാതെ പോയവര്‍ ഇനി പിന്നാലെ പുറത്ത് വരും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനില്‍ ആന്റണിക്ക് 25 ലക്ഷം രൂപ നല്‍കിയിട്ടുണ്ട് എന്നും ഫോട്ടോയും വിഡിയോയും ഉള്‍പ്പെടെയുള്ള തെളിവുകള്‍ പുറത്തുവിടുമെന്നും നന്ദകുമാര്‍ പറഞ്ഞു.

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കാട്ടുകള്ളന്മാരുടെ കണക്കെഴുത്തുകാരന്‍ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എന്നിവരെ പ്രകാശ് ജാവ്‌ദേക്കര്‍ സമീപിച്ചിരുന്നു എന്നും ശോഭ സുരേന്ദ്രന്‍ വഴിയാണ് ജാവദേക്കര്‍ കുഞ്ഞാലിക്കുട്ടിയെ സമീപിച്ചത് എന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി അധ്യക്ഷനാകുന്നതിന് മുന്‍പ് കെ സുധാകരനെയും സമീപിച്ചിരുന്നു എന്നും നന്ദകുമാര്‍ പറയുന്നു.

സിപിഎമ്മില്‍ ഉള്ളവരെ താന്‍ വഴി സമീപിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അനാഥത്വത്തിലേക്ക് ആരും പോകില്ലെന്നായിരുന്നു മറുപടി നല്‍കിയത്. അനില്‍ ആന്റണി ഉള്‍പ്പടെ കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 20 എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും മൂന്നാമതാകും. ബി ജെ പി സ്ഥാനാര്‍ത്ഥിയായ തീപ്പൊരി നേതാവ് ഇപ്പോഴും പത്ത് ലക്ഷം രൂപ തന്നിട്ടില്ലെന്നും അവര്‍ പോണ്ടിച്ചേരി ഗവര്‍ണര്‍ ആവാന്‍ ശ്രമിച്ചു ഒരു കോടി കളഞ്ഞെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക