പാർലമെന്റ് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ കോട്ടയത്ത് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് തുടർച്ചയായ തിരിച്ചടികൾ. ഇന്നലെ പാലാ നഗരസഭയിൽ ഇടതുമുന്നണിയിലെ അനൈക്യം മൂലം സുപ്രധാനമായ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ജോസ് കെ മാണി വിഭാഗത്തിന് നഷ്ടപ്പെടുകയും കോൺഗ്രസിലെ ലിസി കുട്ടി മാത്യു തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ന് കോൺഗ്രസിൽ നിന്ന് കൂറുമാറി കേരള കോൺഗ്രസ് പക്ഷത്തെത്തിയ രാമപുരം പഞ്ചായത്ത് പ്രസിഡൻറ് ഷൈനി സന്തോഷിനെ കോടതി കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യയാക്കി.

രാമപുരം ഗ്രാമപഞ്ചായത്തിൽ പതിനെട്ട അംഗങ്ങൾ ആണുള്ളത്. ഷൈനി സന്തോഷ് ഉൾപ്പെടെ ഇടതുമുന്നണിക്ക് എട്ടംഗങ്ങളും യുഡിഎഫിന് ഏഴംഗങ്ങളും ബിജെപിക്ക് മൂന്നംഗങ്ങളും ആണുള്ളത്. ഷൈനി അയോഗ്യ ആയതോടുകൂടി യുഡിഎഫിനും എൽഡിഎഫിനും ഏഴംഗങ്ങൾ വീതമാണ് ഇനിയുള്ളത്. ഇതുകൊണ്ടുതന്നെ ഷൈനി സന്തോഷിന്റെ അയോഗ്യതയെ തുടർന്ന് ഒഴിവു വന്ന വാർഡിലെ ഉപതെരഞ്ഞെടുപ്പ് നിർണായകമാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോൺഗ്രസ് പ്രതിനിധിയായി വിജയിച്ച യുഡിഎഫ് പാനലിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയ വ്യക്തിയാണ് ഷൈനി സന്തോഷ്. മുന്നണി ധാരണ പ്രകാരം പഞ്ചായത്ത് പ്രസിഡൻറ് പദവി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കേണ്ട അവസരത്തിലാണ് ഷൈനി കൂറുമാറി കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിനൊപ്പം നിലയുറപ്പിച്ച് അധ്യക്ഷ സ്ഥാനം നിലനിർത്തിയത്. കൂറുമാറ്റത്തിന് പിന്നിൽ വൻ സാമ്പത്തിക ഇടപാടുണ്ടെന്ന ആരോപണവും കോൺഗ്രസ് ഉയർത്തിയിരുന്നു.

കോട്ടയം പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥി മത്സരിക്കുമ്പോൾ ജോസ് കെ മാണിക്കും കേരള കോൺഗ്രസിനും തുടർച്ചയായ തിരിച്ചടികളാണ് നേരിടേണ്ടി വരുന്നത്. അണികളുടെ ആത്മവീര്യവും ചോർന്നു പോകുന്നുണ്ട്. പൊതുവിൽ മണ്ഡലത്തിന് യുഡിഎഫ് അനുകൂല സ്വഭാവമാണ്. അതിനപ്പുറത്തേക്ക് തുടർച്ചയായി ലഭിക്കുന്ന ഇത്തരം തിരിച്ചടികൾ പരാജയത്തിനു മുന്നോടിയാണ് എന്ന ആശങ്ക കേരള കോൺഗ്രസ് ക്യാമ്പുകളിൽ വ്യാപിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക