തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കോട്ടയത്ത് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ രാജി നാടകം. പാർട്ടി ജില്ലാ അധ്യക്ഷൻ സജി മഞ്ഞക്കടമ്പിലാണ് പദവികളിൽ നിന്നും പാർട്ടിയിൽ നിന്നും രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫുമായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകൾ മൂലമാണ് രാജി എന്ന് സജി മഞ്ഞകടമ്പിൽ വ്യക്തമാക്കി.

മോൻസിന്റെ ഏകാധിപത്യമാണ് പാർട്ടിയിൽ നടക്കുന്നതെന്നും ഈ നിലയിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നും ആണ് സജീവ് മഞ്ഞകടമ്പിൽ വ്യക്തമാക്കിയത്. ഏതാനും ദിവസങ്ങളായി പ്രചരണ രംഗത്ത് സജിയുടെ അസാന്നിധ്യം യുഡിഎഫ് ക്യാമ്പുകളിൽ സംശയം ഉണർത്തിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ഇന്ന് രാവിലെയാണ് സജി മഞ്ഞക്കടമ്പിൽ രാജി പ്രഖ്യാപിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സജി മഞ്ഞകടമ്പിലിന്റെ രാജിയോട് കോട്ടയത്ത് യുഡിഎഫ് കേന്ദ്രങ്ങൾ തണുപ്പൻ മട്ടിലാണ് പ്രതികരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഒരു രീതിയിലും ബാധിക്കില്ല കാരണം കോൺഗ്രസ് ആണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് എന്ന് യുഡിഎഫ് കേന്ദ്രങ്ങൾ വ്യക്തമാക്കി. ജോസഫ് ഗ്രൂപ്പിന്റെ സംഘടനാ സംവിധാനം കോട്ടയം മണ്ഡലത്തിൽ പൊതുവേ ദുർബലമാണ് അതുകൊണ്ടുതന്നെ കോൺഗ്രസിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

സജി മഞ്ഞക്കടമ്പിൽ കെഎം മാണിയുടെ പാർട്ടിയിലാണ് രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്. തീരെ ചെറുപ്പത്തിൽ തന്നെ കരൂർ പഞ്ചായത്ത് പ്രസിഡന്റ് കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ എന്നീ പദവികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പാർട്ടി പിളരുമ്പോൾ യൂത്ത് ഫ്രണ്ട് എം സംസ്ഥാന അധ്യക്ഷനായിരുന്നു. 2016ൽ പൂഞ്ഞാർ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധമുണർത്തിയ സജി മഞ്ഞകടമ്പിലിന് കെഎം മാണി യൂത്ത് ഫ്രെണ്ട്‌ എം സംസ്ഥാന അധ്യക്ഷ പദവി നൽകി സമവായത്തിൽ എത്തുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസഫ് ഗ്രൂപ്പിന് ഏറ്റുമാനൂർ നിയമസഭാ മണ്ഡലം ലഭിച്ചപ്പോൾ ഇദ്ദേഹം സ്ഥാനാർഥിത്വ പ്രതീക്ഷകൾ വച്ച് പുലർത്തിയിരുന്നു. ഇത്തവണ ലോക്സഭാ ടിക്കറ്റിനും ഇദ്ദേഹം പരസ്യമായി അവകാശവാദം ഉന്നയിച്ചിരുന്നു.

ജോസ് കെ മാണിയുടെയും, ഇടതുമുന്നണിയുടെയും നിശിത വിമർശകനാണ് സജി മഞ്ഞക്കടമ്പിൽ. അതിനാൽ തന്നെ ഏവരും ഇപ്പോൾ ഉറ്റുനോൽക്കുന്നത് ഇദ്ദേഹം ജോസ് കെ മാണി പാളയത്തിലേക്ക് ചേക്കേറുമോ എന്നാണ്. ജോസ് കെ മാണിക്കും പാർട്ടിക്കും നിർണായകമായ തെരഞ്ഞെടുപ്പിൽ അവർ ഇദ്ദേഹത്തെ ഒപ്പം കൂട്ടാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല. വലിയ അണികളും വോട്ട് ബാങ്ക് ഒന്നുമില്ലെങ്കിലും പ്രചരണപരമായി ഇത് ഉപയോഗിക്കാനാവും ജോസ് കെ മാണി ക്യാമ്പ് ശ്രമിക്കുക. എന്നാൽ സജിയെ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിലേക്ക് എത്തിച്ചാൽ അവിടെ പൊട്ടിത്തെറികൾ ഉണ്ടാകാനുള്ള സാധ്യതയും വലുതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക