പാലാ നിയോജകമണ്ഡലം തങ്ങളുടെ ഏറ്റവും വലിയ ശക്തി കേന്ദ്രം ആണെന്നാണ് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം അവകാശപ്പെടുന്നത്. കേരളമാകെ ഇടതു തരംഗം വീശിയ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 15,000ത്തിലധികം വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പനോട് പരാജയപ്പെട്ടിട്ടും ഈ അവകാശവാദം ഉപേക്ഷിക്കാൻ ഇവർ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ തോമസ് ചാഴികാടൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുമ്പോൾ പാലാ നിയോജകമണ്ഡലത്തിൽ നിന്ന് വൻഭൂരിപക്ഷം നേടും എന്നൊക്കെയാണ് ജോസ് കെ മാണിയുടെ സൈബർ പടകൾ അവകാശപ്പെടുന്നത്.

എന്നാൽ ഇന്ന് ജോസ് കെ മാണിയെയും കേരള കോൺഗ്രസ് കേന്ദ്രങ്ങളെയും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയും രാഷ്ട്രീയമായി കനത്ത പ്രഹരം ഏൽപ്പിക്കുകയും ചെയ്ത ഒരു സംഭവമാണ് പാലാ നഗരസഭയിൽ ഉണ്ടായത്. നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് ഇന്ന് തിരഞ്ഞെടുപ്പ് ആയിരുന്നു. നാലംഗ സ്റ്റാൻഡിങ് കമ്മിറ്റിയിൽ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഒരു പ്രതിനിധിയും സിപിഎമ്മിന്റെ രണ്ട് പ്രതിനിധികളും ഉൾപ്പെടെ ഭരണപക്ഷത്തിന് മൂന്നു പ്രതിനിധികളും പ്രതിപക്ഷമായ യുഡിഎഫിന് കോൺഗ്രസിൽ നിന്നുള്ള ഒരു അംഗവുമാണ് ഉണ്ടായിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരള കോൺഗ്രസ് ജോസ് കെ എം മാണി വിഭാഗം പ്രതിനിധി അധ്യക്ഷ സ്ഥാനത്തേക്ക് നോമിനേഷൻ കൊടുത്തപ്പോൾ പ്രതിപക്ഷ നിരയിൽ നിന്ന് കോൺഗ്രസിന്റെ ഏക പ്രതിനിധിയും നോമിനേഷൻ സമർപ്പിച്ചു. രണ്ട് സിപിഎം അംഗങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നതോടെ ഇരു സ്ഥാനാർത്ഥികൾക്കും ഓരോ വോട്ട് ലഭിക്കുകയും തുടർന്ന് വിജയിയെ നിശ്ചയിക്കാൻ നറുക്കെടുക്കുകയും ആയിരുന്നു. നറുക്കെടുപ്പിൽ ഭാഗ്യം പിന്തുണച്ചതോടെ കോൺഗ്രസ് പ്രതിനിധിയായ ലിസികുട്ടി മാത്യു പാലാ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു.

വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നത് സിപിഎം പാർലമെന്ററി പാർട്ടി ലീഡർ ബിനു പുളിക്കകണ്ടം, സ്വതന്ത്ര കൗൺസിലർ ഷീബ ജിയോ എന്നിവരാണ്. ബിനു തന്റെ ഇയർ പോഡ് മോഷ്ടിച്ചു എന്ന് ആരോപണമുയർത്തി പോലീസിൽ പരാതി കൊടുത്ത വ്യക്തിയാണ് മത്സരാർത്ഥിയായിരുന്ന ജോസ് ചീരാങ്കുഴി. കള്ളൻ എന്ന് മുദ്രകുത്തിയ ആളെ വോട്ട് ചെയ്ത് വിജയിപ്പിക്കാൻ ആണ് സിപിഎം പാർലമെന്ററി പാർട്ടി ലീഡററോട് കേരള കോൺഗ്രസ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ടേമിൽ ബിനു പുളിക്കകണ്ടത്തിന് നഗരസഭ അധ്യക്ഷ പദവി ലഭിക്കേണ്ടതായിരുന്നു. ജോസ് കെ മാണി മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധപ്പെട്ടാണ് ഈ അവസരം നിഷേധിച്ചത്.

ഇത്തരത്തിൽ മുന്നണിയിലെ ഘടകകക്ഷി പ്രതിനിധികളെ ബോധപൂർവ്വം അവഹേളിച്ചും പരിഹസിച്ചും മുന്നോട്ട് പോകുന്ന ജോസ് കെ മാണിയുടെയും അനുയായികളുടെയും രാഷ്ട്രീയ ധാർഷ്ട്യത്തിന് ലഭിച്ച തിരിച്ചടിയാണ് ഇന്ന് പാലാ നഗരസഭയിൽ ഉണ്ടായതെന്നാണ് രാഷ്ട്രീയ വൃത്തങ്ങളും ജനങ്ങളും പൊതുവിൽ വിലയിരുത്തുന്നത്. കോട്ടയം ജില്ലയിലെ കേരള കോൺഗ്രസ് സിപിഎം അണികൾക്കിടയിൽ സുഗമമായ ഒരു ബന്ധം ഇപ്പോഴും സ്ഥാപിതമായിട്ടില്ല. പാലാ നഗരസഭയിൽ ഇരു കൂട്ടരും തമ്മിൽ നിരന്തരം ഏറ്റുമുട്ടലാണ്. അതുകൊണ്ടുതന്നെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരാജയം ഏകദേശം ഉറപ്പിച്ചു തന്നെയാണ് തോമസ് ചാഴികാടൻ മത്സര രംഗത്തുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക