കോർപറേറ്റുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും സ്വന്തം വിലാസം വെളിപ്പെടുത്താതെ നല്‍കാവുന്ന സംഭാവനയായ ഇലക്ടറല്‍ ബോണ്ടുകള്‍ കഴിഞ്ഞ സാമ്ബത്തിക വർഷം ഏറ്റവും കൂടുതല്‍ കിട്ടിയത് ഭരണകക്ഷിയായ ബി.ജെ.പിക്ക്. 2022-23ല്‍ 1300 കോടി രൂപയാണ് ബി.ജെ.പി സംഭാവന പിരിച്ചത്. കോണ്‍ഗ്രസിന് കിട്ടിയതിന്റെ ഏഴിരട്ടി തുകയാണിത്.

കോണ്‍ഗ്രസിന് സംഭാവന വൻതോതില്‍ കുറയുകയും ചെയ്തു.കഴിഞ്ഞ സാമ്ബത്തിക വർഷത്തില്‍ ബി.ജെ.പിയുടെ മൊത്തം സംഭാവന 2120 കോടി രൂപയായിരുന്നു. ഇതില്‍ 61 ശതമാനവും ഇലക്ടറല്‍ ബോണ്ടുകളില്‍ നിന്നാണെന്ന് തിരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച പാർട്ടിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2021-22 വർഷത്തില്‍ ബി.ജെ.പിക്ക് ലഭിച്ച മൊത്തം സംഭാവന 1775 കോടി രൂപയായിരുന്നു. അതേവർഷം വർഷത്തില്‍ 1917 കോടി രൂപയായിരുന്ന പാർട്ടിയുടെ മൊത്ത വരുമാനം 2022-23ല്‍ 2360.8 കോടി രൂപയായി. അതേസമയം, 2021-22 വർഷത്തില്‍ 236 കോടി രൂപ ഇലക്ടറല്‍ ബോണ്ടുകളില്‍നിന്ന് സമാഹരിച്ച കോണ്‍ഗ്രസിന് കഴിഞ്ഞ വർഷം കിട്ടിയത് 171 കോടി രൂപ മാത്രമാണ്.

സമാജ്‌വാദി പാർട്ടിക്ക് 2022-23 ല്‍ ബോണ്ടുകളില്‍ സംഭാവന ലഭിച്ചില്ല. തെലുഗുദേശം പാർട്ടിക്ക് മുൻ വർഷത്തേക്കാള്‍ പത്തിരട്ടി തുക കിട്ടി. 2021-22ല്‍ 135 കോടി രൂപയാണ് ബി.ജെ.പിക്ക് നിക്ഷേപത്തിന് പലിശയായി ലഭിച്ചത്. കഴിഞ്ഞ വർഷം പലിശ 237 കോടി രൂപയായി ഉയർന്നു. വിമാനങ്ങളുടെയും ഹെലികോപ്ടറുകളുടെയും ഉപയോഗത്തിനായി ബി.ജെ.പി 78.2 കോടി രൂപ ചെലവഴിച്ചതായും റിപ്പോർട്ടില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക