ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും തൃശ്ശൂരും വിജയം ഉറപ്പെന്ന് വിലയിരുത്തി സംസ്ഥാന ബി.ജെ.പി നേതൃത്വം. ആറ്റിങ്ങലിലും പത്തനംതിട്ടയിലും അട്ടിമറി സംഭവിക്കാമെന്നും നേതൃത്വം വിലയിരുത്തുന്നു. ബൂത്ത് തലത്തില്‍നിന്ന് ലഭിച്ച കണക്കുകള്‍ വിലയിരുത്തിയാണ് സംസ്ഥാന നേതൃത്വം ഈ നിഗമനങ്ങളില്‍ എത്തുന്നത്.

ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് മാത്രമല്ല 20 ശതമാനം വോട്ടുനേടി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ബൂത്തുതല നേതൃത്വങ്ങള്‍ നല്‍കിയിട്ടുള്ളത്.2019-ല്‍ 3,16,000 വോട്ടുനേടിയ തിരുവനവനന്തപുരത്ത് ഇത്തവണ 3,60,000 വോട്ടുനേടി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വിജയിക്കും. രണ്ടാം സ്ഥാനത്ത് ശശി തരൂർ ആയിരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജയത്തിന് അടിത്തറയാകുന്ന ലീഡ് കണക്കുകൾ: നേമത്ത് 20,000, വട്ടിയൂർക്കാവില്‍ 15,000, കഴക്കൂട്ടത്ത് 8000, തിരുവനന്തപുരം സിറ്റിയില്‍ 5000 വോട്ട് എന്നിങ്ങനെ ആയിരിക്കും. പാറശാലയില്‍ രണ്ടാം സ്ഥാനത്തെത്തും. കോവളത്തും നെയ്യാറ്റിൻകരയിലും മൂന്നാമത് തന്നെയെങ്കിലും വലിയ മുന്നേറ്റമുണ്ടാകുമെന്ന വലിയ ആത്മവിശ്വാസമാണ് ഉള്ളത്.

തൃശ്ശൂരില്‍ എന്തായാലും സുരേഷ് ഗോപി വിജയിക്കുമെന്നാണ് വിലയുത്തല്‍. ബിജെപി നാല് ലക്ഷം വോട്ടുപിടിക്കും. 3,80,000 വോട്ടുനേടി യു.ഡി.എഫ് ആയിരിക്കും രണ്ടാംസ്ഥാനത്ത്. തൃശ്ശൂർ, മണലൂർ, ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തും നാട്ടികയിലും പുതുക്കാടും രണ്ടാം സ്ഥാലത്തും എത്തി വിജയത്തിന് അടിത്തറയിടുമെന്നാണ്കണക്കുകൂട്ടല്‍.

കേന്ദ്രമന്ത്രി വി മുരളീധരൻ മത്സരിച്ച ആറ്റിങ്ങളില്‍ ഇഞ്ചോടിഞ്ച് മത്സരം നടന്നു. മൂന്നുലക്ഷം വോട്ട് ഉറപ്പെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. വർക്കലയിലും ആറ്റിങ്ങലിലും ചിറയില്‍കീഴിലും ഒന്നാമത് എത്തുമെന്നാണ് കണക്കുകൂട്ടല്‍. 50,000 വോട്ട് അധികം കിട്ടാനുള്ള പണിയെടുത്തതിന്റെ കണക്ക് നിരത്തിയാണ് വിജയസാധ്യത കാണുന്നത്.

പത്തനംതിട്ടയില്‍ അനില്‍ ആന്റണി, മുൻപ് കെ. സുരേന്ദ്രൻ നേടിയ 2,97,000 വോട്ട് മറികടക്കാനുള്ള മുന്നേറ്റം നടത്തിയിട്ടുണ്ട്. ഓർത്തഡോക്സ്, നായർ, ഈഴവ വോട്ടുകള്‍ ഭിന്നിച്ചാല്‍ അത് ബിജെപിക്ക് ലഭിക്കുമെന്നാണ് ബൂത്തുതല റിപ്പോർട്ട്.

പാലക്കാടും ആലപ്പുഴയിലും വലിയ മുന്നേറ്റമുണ്ടാക്കുകയും രണ്ടാം സ്ഥാനത്തെത്തുകയും ചെയ്യും. കെ.സുരേന്ദ്രൻ മത്സരിച്ച വയനാട്ടില്‍ വോട്ട് ഇരട്ടിയാകും. തുഷാർ വെള്ളാപ്പള്ളിക്ക് കോട്ടയത്ത് രണ്ടരലക്ഷം വോട്ട് ഉറപ്പാണ്. ഇന്ന് ചേരുന്ന ബിജെപി സംസ്ഥാന ഭാരവാഹികളുടെയും പാർലമെന്റ് മണ്ഡലം ഇൻചാർജുമാരുടെയും യോഗം ഈ കണക്കുകള്‍ അവലോകനം ചെയ്യും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക