ജനുവരി 25 മുതല്‍ യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തുടക്കമാകുമെന്ന് കണ്‍വീനര്‍ എംഎം ഹസന്‍ അറിയിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായിട്ടാണ് ആദ്യദിനം കൂടിക്കാഴ്ച നടക്കുക. കോട്ടയം സീറ്റിലെ ജോസഫ് ഗ്രൂപ്പിൻറെ അവകാശവാദം ആകും പ്രധാന ചർച്ച. കോട്ടയത്ത് ഫ്രാൻസിസ് ജോർജ് സ്ഥാനാർത്ഥി ആകണമെന്ന് നിബന്ധനയോടെ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൻറെ അവകാശവാദം അംഗീകരിക്കാനാണ് സാധ്യത.

29 ന് മുസ്ലീം ലീഗ്, 30 ന് ആര്‍എസ് പി, കേരള കോണ്‍ഗ്രസ് ജേക്കബ്, 31 ന് കേരള ഡെമോക്രാറ്റിക് പാര്‍ട്ടി, ജെഎസ്‌എസ്, ഫെബ്രുവരി ഒന്നിന് സിഎംപി,ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ നിശ്ചയിച്ച ദിവസങ്ങളില്‍ സഭാനടപടികള്‍ കഴിഞ്ഞയുടനെ ഘടകകക്ഷി നേതാക്കളുമായുള്ള ചര്‍ച്ചകള്‍ കന്റോമെന്റ് ഹൗസില്‍ നടക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുസ്ലിം ലീഗ് അധിക സീറ്റിന് ആവശ്യം ഉന്നയിക്കാൻ സാധ്യതയുണ്ട്. എന്നാൽ ലീഗിന്റെ ന്യായമായ ആവശ്യമാണ് എന്ന് അംഗീകരിച്ചുകൊണ്ട് തന്നെ വിട്ടുവീഴ്ച ആവശ്യപ്പെടാനാണ് സാധ്യത. അതുകൊണ്ടുതന്നെ ലീഗ് നിലവിലെ രണ്ട് സിറ്റിംഗ് സീറ്റുകളിൽ മാത്രമാവും മത്സരിക്കുക. ആർഎസ്പിക്ക് അവരുടെ സിറ്റിംഗ് സീറ്റ് ആയ കൊല്ലം തന്നെ ലഭിക്കും. നിലവിൽ എംപിയായ എം കെ പ്രേമചന്ദ്രൻ തന്നെയാവും ഇവിടെ സ്ഥാനാർത്ഥിയാകുക.

മുന്നണിയിലെ സീറ്റ് വിഭജനം പൂർത്തിയാക്കിയാൽ ഉടൻതന്നെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടക്കും. നിലവിൽ എംപി ഇല്ലാത്ത ആലപ്പുഴ മണ്ഡലവും, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മത്സരരംഗത്ത് ഉണ്ടാവില്ല എന്ന് അറിയിച്ചതിനെ തുടർന്ന് ഒഴിവു വരുന്ന കണ്ണൂർ മണ്ഡലവും ആണ് പുതിയ സ്ഥാനാർത്ഥികളെ കണ്ടെത്തേണ്ട മണ്ഡലങ്ങൾ. കെ മുരളീധരൻ മത്സരിക്കാൻ സമ്മതിച്ചാൽ വടകരയിലും പുതിയ സ്ഥാനാർത്ഥിയെ കോൺഗ്രസ് കണ്ടെത്തേണ്ടതുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക