കേരളത്തിലെ കോൺഗ്രസിൽ ഒരുപാട് നേതാക്കളുണ്ട് പക്ഷേ ഉമ്മൻചാണ്ടിക്കുശേഷം പതിനായിരങ്ങളെ ആകർഷിക്കാൻ കഴിയുന്ന ഒരു നേതാവ് പാർട്ടിക്ക് സംസ്ഥാനത്ത് ഇല്ല എന്നതായിരുന്നു പോരായ്മ. ഇതൊരു വലിയ പോരായ്മയായി മാറുന്നത് കോൺഗ്രസ് ഒരു കേഡർ പാർട്ടി അല്ലാത്തതുകൊണ്ടാണ്. ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന അവരുടെ ഹൃദയത്തിൽ പ്രത്യാശയും പ്രതീക്ഷയും ജനിപ്പിക്കുന്ന ഒരു ജനനായകന്റെ അഭാവം കോൺഗ്രസിനെ വല്ലാതെ ഉലച്ചിരുന്നു. അതിന് കാലം കാത്തു വച്ച മറുപടിയാണ് ഇന്നലെ വടകരയിൽ കണ്ടത്. പതിനായിരങ്ങളാണ് തെരുവിലിറങ്ങി ഷാഫി പറമ്പിൽ എന്ന യുഡിഎഫ് സ്ഥാനാർത്ഥിയുടെ മണ്ഡലത്തിലേക്കുള്ള വരവ് ആഘോഷിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അതിശക്തമായ സംഘടനാ സംവിധാനം ഉള്ള വടകരയിൽ അവർക്ക് പോലും സ്വപ്നം കാണാൻ കഴിയില്ലാത്ത വിധം ഒരു ജനസാഗരം.

മറുവശത്ത് പാലക്കാട് നിന്നുള്ള കാഴ്ചകൾ ഉള്ള് ഉലക്കുന്നതാണ്. തങ്ങളുടെ എംഎൽഎ വടകരയുടെ എംപി ആവാൻ പോകുന്നു എന്ന ബോധ്യം ഉൾക്കൊള്ളാൻ പാലക്കാട്ടെ വലിയൊരു വിഭാഗം ജനങ്ങൾക്ക് സാധിച്ചിട്ടില്ല. ഉള്ളിലടക്കാനാവാത്ത വിഷമം അവർ പ്രകടിപ്പിച്ചത് പ്രിയപ്പെട്ട എംഎൽഎ ഷാഫിയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞാണ്. കണ്ഠം, ഇടറാതെ വിതുമ്പാതെ ഷാഫി പാലക്കാട് നിന്നും വിട പറഞ്ഞു. ആ യാത്ര ഒരു പടപ്പുറപ്പാടായിരുന്നു. സിപിഎമ്മിന്റെ കോട്ടയിൽ കെ മുരളീധരൻ ഉയർത്തിക്കെട്ടിയ കോൺഗ്രസ് പതാക കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ച് മണ്ഡലം നിലനിർത്താനുള്ള വെല്ലുവിളി ഏറ്റെടുത്ത് ഒരു പടപ്പുറപ്പാട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു കാര്യം ഉറപ്പാണ്, പിണറായി വിജയനെക്കാൾ ഇടതുമുന്നണിയിൽ ജന സ്വീകാര്യതയുള്ള, മുഖ്യമന്ത്രി പദവിയിൽ ജനങ്ങൾ ആഗ്രഹിക്കുന്ന ശൈലജ ടീച്ചർ എന്ന ടീച്ചർ അമ്മ ലക്ഷക്കണക്കിന് വോട്ടുകൾക്ക് പരാജയപ്പെടും. കാരണം ഷാഫി വടകരയുടെ മണ്ണിൽ കാൽച്ചുവട്ടിയപ്പോൾ അണിനിരന്ന ആയിരങ്ങൾ വടകരയുടെ മണ്ണ് വിധിയെഴുതി കഴിഞ്ഞു എന്ന് തെളിയിക്കുന്നതായിരുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിലെ ഉന്നതർ ഷാഫി പറമ്പിലിനെ ഡൽഹിയിലേക്ക് രാഷ്ട്രീയ വനവാസത്തിന് അയച്ചതാണ് എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് ഉമ്മൻചാണ്ടിക്ക് ശേഷം കേരളക്കരയിൽ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് ജനങ്ങളുടെ വിശ്വാസം ആർജിച്ചെടുക്കാൻ ഇവൻ ഒരുത്തൻ മതിയാകും എന്ന തോന്നൽ ഉണ്ടാക്കി വടകരയിലെ ആദ്യ സായാഹ്നത്തിൽ ഷാഫി പറമ്പിൽ എന്ന യുവനേതാവ് ഉയർത്തി വിട്ട അലയൊലികൾ.

കേരളത്തിലെ 140 മണ്ഡലങ്ങളിലും സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു നേതാവാക്കി ഷാഫിയെ ഉയർത്തിക്കാട്ടി മുന്നോട്ടു പോയാൽ കേരളത്തിലെ കോൺഗ്രസിന് തുടർഭരണം നേടി കൊടുക്കാൻ പ്രാപ്തിയുള്ള മുഖ്യമന്ത്രിയായി ഈ യുവ നേതാവ് ഉയർന്നു വരും. അടിത്തട്ട് മുതൽ പ്രവർത്തിച്ച് പ്രവർത്തന മികവു മാനദണ്ഡമാക്കി ഉമ്മൻചാണ്ടി വളർത്തിയെടുത്ത യുവ നേതാവാണ് ഷാഫി പറമ്പിൽ. തന്റെ കാലശേഷം തന്നെക്കാൾ കരുത്തനായ പിൻഗാമിയെ കണ്ടെത്തി യൂത്ത് കോൺഗ്രസിന് സമ്മാനിച്ച ദീർഘദൃഷ്ടിയുള്ള നേതാവ്. മതേതര മുദ്രാവാക്യം മുറുകെപ്പിടിച്ച്, ഇ ശ്രീധരൻ എന്ന വൻമരം ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ച് പാലക്കാട് നിന്നും മൂന്നാമത് തുടർവിജയം നേടിയപ്പോൾ കോൺഗ്രസ് ഇനിയൊരിക്കൽ അധികാരത്തിൽ വന്നാൽ മന്ത്രി പദവി ഉറപ്പായും ലഭിക്കേണ്ട ഒരാളായി ഷാഫിയെ കോൺഗ്രസ് പ്രവർത്തകർ വിശേഷിപ്പിച്ചിരുന്നു.

പക്ഷേ വടകരയിലെ സ്ഥാനാർത്ഥിത്വം സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ഇയാളെ അകറ്റുമോ എന്ന ആശങ്ക സ്ഥാനാർത്ഥിക്ക് പട്ടിക വന്നപ്പോൾ ഒരു വലിയ വിഭാഗം കോൺഗ്രസുകാർക്ക് ഉണ്ടായിരുന്നു. എന്നാൽ ഷാഫി എന്ന ക്രൗഡ് പുള്ളറുടെ സാന്നിധ്യം സംസ്ഥാന ഭരണം പിടിക്കാൻ കോൺഗ്രസിന് അത്യന്താപേക്ഷികമായി മാറിയിരിക്കുന്നു. സംസ്ഥാനമുടനീളം ഇയാൾ പ്രചരണം നടത്തിയാൽ ഏതു കമ്മ്യൂണിസ്റ്റ് കോട്ടയും തകർന്നു വീഴുമെന്ന് ജനങ്ങൾ വിശ്വസിച്ച കാഴ്ചകളാണ് ഇന്ന് വടകരയിൽ കണ്ടത്. ഒരു കാര്യം നിസംശയം പറയാം കോൺഗ്രസിന് കാലം സമ്മാനിച്ച വജ്രായുധമാണ് ഷാഫി പറമ്പിൽ. ആയുധപ്പുരയിൽ വെച്ചു പൂട്ടി മൂർച്ച കളയാതെ കൃത്യമായി ഉപയോഗിച്ചാൽ പാർട്ടിക്ക് വിജയങ്ങളും തുടർ വിജയങ്ങളും ഭരണ കുത്തകയും നേടിയെടുക്കാൻ സഹായകരമാകുന്ന വജ്രായുധം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക