ന്യൂഡല്‍ഹി: തെലുങ്കാനയില്‍ രേവന്ദ് റെഡ്ഡിയിലൂടെ അത്ഭുതകരമായ വിജയം കൈവരിക്കാൻ സാധിച്ചതിന്റെ ആവേശത്തിലാണ് കോണ്‍ഗ്രസ്. ഇതിന്റെ ചുവടുപിടിച്ച് ആന്ധ്രയിലും പുതിയ കരുനീക്കം നടത്താനാണ് നീക്കം. വൈ.എസ്.ആര്‍ കുടുംബത്തിലെ അസ്വാരസ്യം മുതലാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കുറച്ചുകമായി ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുമായി അത്ര നല്ല സുഖത്തിലല്ല സഹോദരി ഷര്‍മിള. ഇവരെ കോണ്‍ഗ്രസിലേക്ക് അടുപ്പിച്ചു തെരഞ്ഞെടുപ്പിന്റെ മുൻനിരയില്‍ പ്രതിഷ്ഠിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

ഇതിന്റെ സാധ്യതകള്‍ ആരായാൻ ഇന്നോ നാളെയോ ഷര്‍മിള ഡല്‍ഹിയിലെത്തി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഷര്‍മിളയെ നേതൃത്വത്തില്‍ കൊണ്ടുവരുന്നത് ഗുണം ചെയ്യുമോയെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് നേട്ടമാകുമെന്ന് 90% ആന്ധ്ര നേതാക്കളും മറുപടി നല്‍കി. വൈ.എസ്.ആറിന്റെ മകള്‍ എന്നതാണ് ഷര്‍മിളയെ അനുകൂലിക്കാൻ കാരണമായി നേതാക്കള്‍ പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന നേതാക്കളുമായി നേതൃത്വം നടത്തുന്ന അവലോകന യോഗത്തിനിടെയാണ് രാഹുല്‍ ഇക്കാര്യം ചോദിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വോട്ടുവിഹിതം 2% മാത്രമായി ചുരുങ്ങിയ ആന്ധ്രയില്‍ നേതൃത്വം അദ്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. അതേസമയം, പാര്‍ട്ടിയെ വീണ്ടെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുമുണ്ട്.ആന്ധ്ര മുന്മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകളും ഇപ്പോഴത്തെ മുഖ്യമന്ത്രി വൈ.എസ്.ജഗന്മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ ഷര്‍മിളയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നത് ഇതിനു സഹായിക്കുമെന്നും കരുതുന്നു. ആദ്യം പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുക. അടുത്ത ഘട്ടത്തില്‍ അധികാരം പിടിക്കുന്ന വിധത്തിലേക്ക് പ്രവര്‍ത്തനം കേന്ദ്രീകരിക്കുക. ഇതാണ് കോണ്‍ഗ്രസ് മുന്നില്‍ വെക്കുന്ന തന്ത്രം.

തെലങ്കാനയില്‍ കോണ്‍ഗ്രസില്‍ ലയിക്കാൻ ശര്‍മിള ശ്രമിച്ചിരുന്നെങ്കിലും ആന്ധ്രയില്‍ കേന്ദ്രീകരിക്കാനായിരുന്നു തെലങ്കാന ഘടകം മുന്നോട്ടുവച്ച നിര്‍ദ്ദേശം. ഒറ്റയ്ക്കു മത്സരിക്കുമെന്ന പ്രഖ്യാപനം പോലും ഉപേക്ഷിച്ച്‌ കോണ്‍ഗ്രസിന് പൂര്‍ണ പിന്തുണ നല്‍കുകയാണ് ഷര്‍മിള ചെയ്തത്. ജഗനുമായി അസ്വാരസ്യമുണ്ടെങ്കിലും നേരിട്ടുള്ള പോരിന് ഷര്‍മിള താല്‍പര്യപ്പെട്ടിരുന്നില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഉറപ്പു വിശ്വസിച്ച്‌ പരീക്ഷണത്തിന് അവര്‍ ഇറങ്ങുമോയെന്നതാണ് ചോദ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക