‘ഇനി ചെയ്യരുത് ട്ടോ മോനെ’, മോഷണക്കേസില്‍ പിടിയിലായ പ്രതിയുമായി തെളിവെടുപ്പിനെത്തിയപ്പോള്‍ അധ്യാപിക നല്‍കുന്ന ഉപദേശമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്. തന്റെ മോന്റെ പ്രായമേയുള്ളൂ എന്നുപറഞ്ഞ്, മോഷണക്കേസില്‍ പിടിയിലായ യുവാവിനോടാണ് മോഷണം നടന്ന വീട്ടിലെ അധ്യാപിക ഉള്ളുതുറന്ന് കാര്യങ്ങള്‍ പറയുന്നത്. പാലക്കാട് തൃത്താലയില്‍ കഴിഞ്ഞദിവസം പോലീസ് നടത്തിയ തെളിവെടുപ്പിനിടെയായിരുന്നു സംഭവം.

അധ്യാപിക മോഷ്ടാവിനോട് പറയുന്ന വാക്കുകള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളിലും വൈറലാവുകയായിരുന്നു.തൃത്താല സ്വദേശിയും സ്കൂള്‍ അധ്യാപികയുമായ മുത്തുലക്ഷ്മിയാണ് തന്റെ വീട്ടില്‍ മോഷണശ്രമം നടത്തിയ കള്ളനെ നേരിട്ടുകണ്ടപ്പോള്‍ ഉപദേശവും നല്‍കിയത്. സെപ്റ്റംബര്‍ 14-ന് പുലര്‍ച്ചെയാണ് മുത്തുലക്ഷ്മിയുടെ ‘ലക്ഷ്മിവിലാസം’ വീട്ടില്‍ മോഷണശ്രമം നടന്നത്. സംഭവദിവസം അധ്യാപിക ബെംഗളൂരുവിലെ മകളുടെ വീട്ടിലായിരുന്നു. അന്നേദിവസം തന്നെ സമീപത്തെവീട്ടില്‍നിന്ന് പണവും കവര്‍ന്നിരുന്നു. ഈ കേസുകളില്‍ പ്രതിയായ കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി ഇസ്മായിലി(31)നെ കഴിഞ്ഞദിവസമാണ് തൃത്താല പോലീസ് പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് പ്രതിയുമായി മുത്തുലക്ഷ്മിയുടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിയപ്പോഴാണ് അധ്യാപിക ഇനി മോഷ്ടിക്കരുതെന്ന് യുവാവിനോട് ഉപദേശിച്ചത്. എന്തിനാണ് ഇങ്ങനെ ചെയ്യണേ മോനെ എന്നുപറഞ്ഞാണ് മുത്തുലക്ഷ്മി സംസാരിച്ചുതുടങ്ങിയത്. ”ഇനി ചെയ്യരുത് ട്ടോ മോന, ഞാനൊരു ടീച്ചറാണ്. കുട്ടികളെ എല്‍.കെ.ജി. മുതല്‍ പഠിപ്പിക്കുന്ന ടീച്ചറാണ്. അക്ഷരം പറഞ്ഞുകൊടുക്കുന്നതാണ്. എന്റെ 38 വയസ്സിലെ ജീവിതത്തിനിടെ എന്റെ അച്ഛൻ, അമ്മ, ഭര്‍ത്താവ് എന്നിവരെയൊക്കെ നഷ്ടപ്പെട്ടതാണ്. എനിക്ക് രണ്ട് പെണ്‍കുട്ടികളാണ്.

ഈ കുട്ടി ഡിഗ്രി കഴിഞ്ഞതാണ്. അതിനൊരു ജോലി കിട്ടി. ഞങ്ങളെയടുത്ത് ഒന്നുമില്ല. ഇപ്പോഴാണ് എന്റെ കുട്ടിക്കൊരു ജോലി കിട്ടിയത്. ആ ഒരു സാഹചര്യം മനസിലാക്കണം. ഞങ്ങളുടെ മാത്രമല്ല. എല്ലാ വീടുകളിലും ഇതുപോലെയുള്ള ആള്‍ക്കാരാണ്. നല്ലതായിട്ട് പെരുമാറാൻ ശ്രമിക്കുക. എന്റെ മോനെപോലെ, എന്റെ മോന്റെ പ്രായേ ആയിട്ടുണ്ടാവുകയുള്ളൂ നിനക്ക്”, എന്നായിരുന്നു അധ്യാപികയുടെ വാക്കുകള്‍. മുത്തുലക്ഷ്മി തന്റെ ജീവിതസാഹചര്യമെല്ലാം പറയുമ്ബോള്‍ കൈയില്‍ വിലങ്ങുമായി തലതാഴ്ത്തി നില്‍ക്കുകയായിരുന്നു പ്രതിയായ ഇസ്മായില്‍. അധ്യാപിക പറഞ്ഞുനിര്‍ത്തിയതിന് പിന്നാലെ ഇത് അവസാനത്തെയാകണമെന്ന് ഒപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനും പ്രതിയോട് പറയുന്നത് വീഡിയോയില്‍ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക