അമിതനിയന്ത്രണത്തിലൂടെ പോലീസ് തൃശ്ശൂർ പൂരത്തിന്റെ ശോഭ കെടുത്തിയെന്ന് വ്യാപക ആരോപണം ഉയരുന്നതിനിടെ മുൻ കമ്മിഷണർ യതീഷ് ചന്ദ്രയുടെ പൂരപ്പറമ്ബിലെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. യതീഷ് ചന്ദ്ര തൃശ്ശൂർ കമ്മിഷണറായിരുന്ന കാലത്ത് അദ്ദേഹം പൂരത്തിനെത്തിയവരോട് മാന്യമായി പെരുമാറുന്നതും അവരോടൊപ്പം പൂരം ആഘോഷിക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.

തൃശ്ശൂർ പൂരം അലങ്കോലമാക്കിയതിനുപിന്നില്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് വ്യാപകമായ ആക്ഷേപം ഉയർന്നിരുന്നു. ഇതിനുപിന്നാലെ മുഖ്യമന്ത്രി പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. പോലീസിന്റെ ഭാഗത്തുനിന്ന് അനാവശ്യ നിയന്ത്രണങ്ങളുണ്ടായെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സിറ്റി പോലീസ് കമ്മിഷണർ അങ്കിത് അശോകൻ, അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശനൻ എന്നിവരെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ സ്ഥലംമാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൃശ്ശൂർ പൂരത്തിന് ആനകള്‍ക്ക് നല്‍കാൻ കൊണ്ടുവന്ന പട്ടയും കുടമാറ്റത്തിനെത്തിച്ച കുടയും കമ്മിഷണർ അങ്കിത് അശോകൻ തടയുന്നതിന്റെ ദൃശ്യങ്ങള്‍ ഞായറാഴ്ച പുറത്തുവന്നിരുന്നു. ‘എടുത്തു കൊണ്ട് പോടാ പട്ട’ എന്ന് കമ്മിഷണർ ആക്രോശിക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. വെള്ളിയാഴ്ച അർധരാത്രിക്കുശേഷം തിരുവമ്ബാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പിനും ആള്‍വരവിനും തടസ്സമാകുംവിധം റോഡ് തടഞ്ഞപ്പോള്‍ പൂരം ചടങ്ങുമാത്രമാക്കാൻ ദേവസ്വം തീരുമാനിച്ചിരുന്നു. പോലീസിന്റെ നിലപാടിനെതിരേ പരാതിപ്പെട്ടിട്ടും ഫലമുണ്ടാകാത്തതിനെത്തുടർന്നാണ് കടുത്ത തീരുമാനമെടുത്തത്.

പൂരം ചെറിയ ചടങ്ങാക്കാൻ തീരുമാനിച്ചതോടെ രാത്രി 11.30-നുതുടങ്ങി രണ്ടിന് അവസാനിക്കേണ്ട തിരുവമ്ബാടിയുടെ പഞ്ചവാദ്യം ഒന്നരയോടെ അവസാനിപ്പിച്ചു. ഒമ്ബത് ആനകള്‍ അണിനിരന്നത് ഒന്നാക്കി. പന്തലുകളിലെ ദീപാലങ്കാരം അണച്ചു. വെടിക്കെട്ട് അനിശ്ചിതത്വത്തിലായി. പൂരചരിത്രത്തില്‍ ഇതാദ്യമായിരുന്നു ഈ വിധത്തിലുള്ള പ്രതിസന്ധി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക