മന്ത്രിസഭ പുനഃസംഘടന മുൻധാരണ പ്രകാരം തന്നെ നടക്കുമെന്ന് എം വി ഗോവിന്ദൻ. മാദ്ധ്യമങ്ങള്‍ നടത്തുന്ന ച‌ര്‍ച്ചകളില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ഗണേഷ് കുമാറിന് മന്ത്രിയാകുന്നതിന് യോഗ്യതയില്ലെന്ന് ഇന്നലെ ഇടത് കൺവീനർ ഇ പി ജയരാജനും വ്യക്തമാക്കിയിരുന്നു. സോളാര്‍ ഗൂഢാലോചനയില്‍ ആരോപണവിധേയനാണെങ്കിലും ഗണേഷിന്റെ മന്ത്രിസ്ഥാനത്തെ അത് ബാധിക്കില്ല. സി.പി.എം നേതൃത്വത്തിന്റെ പൂര്‍ണ്ണപിന്തുണ ഗണേഷിനുണ്ട്.

ഇടത് മുന്നണിയോട് മുഖംതിരിഞ്ഞുനില്‍ക്കുന്ന എൻ.എസ്.എസ്സിലേക്കുള്ള ചവിട്ടുപടിയായിട്ടാണ് സി.പി.എം നേതൃത്വം ഗണേഷിനെ കാണുന്നത്. നിലവില്‍ എൻ.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് ഗണേഷ്. ഇതോടുകൂടി വെട്ടിൽ ആയിരിക്കുന്നത് ഇടതു മുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ കേരള കോൺഗ്രസ് ആണ്. തങ്ങളുടെ പാർട്ടി ചെയർമാന് എതിരെ സോളാർ വിവാദ നായികയുടെ കത്തിൽ ലൈംഗികാരോപണം എഴുതിച്ചേർപ്പിച്ച ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നത് പൊതുജനമധ്യത്തിൽ എങ്ങനെ വിശദീകരിക്കും എന്നതാണ് കേരള കോൺഗ്രസ് നേരിടുന്ന ഏറ്റവും പുതിയ പ്രതിസന്ധി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജോസ് കെ മാണിയുടെ രാഷ്ട്രീയ ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ ആരോപണമാണ് സോളാർ ലൈംഗിക ആരോപണം. അതുകൊണ്ടുതന്നെ ജോസ് കെ മാണിയുടെ പേര് കത്തിൽ എഴുതി ചേർത്തതാണ് എന്ന് വിവാദ നായികയുടെ അഭിഭാഷകം കൂടിയായ ഫെനി നടത്തിയ വെളിപ്പെടുത്തൽ ജോസ് കെ മാണിയെ സംബന്ധിച്ചിടത്തോളം വളരെയധികം ആശ്വാസകരമായിരുന്നു. ജോസിന്റെ പേരെഴുതി ചേർത്തത് ഗണേഷ് കുമാർ ആണെന്നും ഫെനി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. വിവാദനായികയും ഗണേഷ് കുമാറും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ചും സിബിഐ റിപ്പോർട്ടിൽ വിശദമായ പരാമർശങ്ങൾ ഉണ്ട്.

ഈ സാഹചര്യങ്ങൾ എല്ലാം ഉള്ളപ്പോഴും ഗണേഷ് കുമാറിനെ സിപിഎം സംരക്ഷിച്ചു നിർത്തി മന്ത്രിയാക്കിയാൽ അത് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് വലിയ തിരിച്ചടിയും നാണക്കേടുമാണ്. ഇതിനെതിരെ പരസ്യ പ്രതികരണവും മുന്നണിയിൽ പരാതിയും നൽകണമെന്ന് അണികളും നേതാക്കളും ആവശ്യപ്പെടുന്നുണ്ടെങ്കിലും 9 മാസത്തിനകം ജോസ് കെ മാണിയുടെ രാജ്യസഭാ കാലാവധി തീരുന്നതിനാൽ അദ്ദേഹത്തിന് ഒരു തുടരവസരം ലഭിക്കണമെങ്കിൽ സിപിഎം കനിയണം. അതുകൊണ്ടുതന്നെ എതിർ ശബ്ദമുയർത്താൻ സാധിക്കാതെ നിസ്സഹായനായി നിൽക്കുകയാണ് ജോസ് കെ മാണി.

ബാർകോഴയിൽ സിപിഎമ്മിനോട് പൊറുത്തതുപോലെ, സോളാറിൽ ഗണേഷിനോടും പൊറുക്കുകയേ മാർഗ്ഗമുള്ളൂ: കെഎം മാണിക്ക് എതിരെ ബാർകോഴ ആരോപണം ചൂണ്ടിക്കാട്ടി സംസ്ഥാനവ്യാപകമായി സമരം നടത്തിയതും അദ്ദേഹത്തെ അഴിമതിക്കാരനായി ചിത്രീകരിച്ചതും സിപിഎമ്മാണ്. അതുകൊണ്ടുതന്നെ ഇടതുപാളയത്തിൽ എത്തി മൂന്നുവർഷം പിന്നിടുമ്പോഴും ഈ രമ്യതപെടൽ ജനങ്ങളെ ബോധ്യപ്പെടുത്തുവാൻ ജോസ് കെ മാണിക്കും പാർട്ടിക്കും കഴിഞ്ഞിട്ടില്ല. അധികാരമോഹം മൂത്ത് പിതാവിനെ അപമാനിച്ചവരുടെ കൂടെ നിലപാടെടുത്ത മകൻ എന്ന ചീത്ത പേരാണ് രാഷ്ട്രീയ എതിരാളികൾ ജോസ് കെ മാണിക്ക് ചാർത്തി കൊടുക്കുന്നത്. ഇതിന് പിന്നാലെ ഗണേഷ് കുമാറിനെ മന്ത്രിയായി അംഗീകരിക്കേണ്ടി വരുന്നത് അധികാരമോഹി എന്ന ആക്ഷേപം തലയിൽ തുടരാൻ ഇടയാക്കും എന്നതാണ് കേരള കോൺഗ്രസ് നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക