ജോസ് കെ മാണിയെ പരസ്യമായി പിന്തുണയ്ക്കാൻ കേരള കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണ ഓഫീസ് ഉദ്ഘാടനത്തിന് എത്തിയ എൻഎസ്എസ് നേതാവ് സിപി ചന്ദ്രൻ നായർക്ക് ഇരട്ടപ്രഹരം. പതിറ്റാണ്ടുകളായി കൈവശമരുന്ന് മീനച്ചിൽ താലൂക്ക് എൻഎസ്എസ് അധ്യക്ഷ സ്ഥാനത്തുനിന്ന് ഇന്നലെ അദ്ദേഹത്തെ നീക്കം ചെയ്തിരുന്നു. തുടർനടപടികളുടെ ഭാഗമായി ഇന്ന് എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്നും സിപി ചന്ദ്രൻ നായരെ നീക്കം ചെയ്തു.

സിപിയുടെ പതനം പാലായിൽ ജോസ് കെ മാണിക്ക് അടുത്ത ആഘാതമാണ്. ഇടതുമുന്നണി കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായ തോമസ് ചാഴികാടന് എൻഎസ്എസ് പിന്തുണ ഇല്ല എന്ന് പറയാതെ പറയുന്നതാണ് നടപടി. എൻഎസ്എസ് പിന്തുണ തങ്ങളുടെ സ്ഥാനാർത്ഥിക്കാണെന്ന് വരുത്തി തീർക്കാനാണ് ജോസ് കെ മാണി ചന്ദ്രൻ നായരെ ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുപ്പിച്ചതും, ഭദ്രദീപം തെളിയിപ്പിച്ചതും, ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും. ഈ രാഷ്ട്രീയ നീക്കം തിരിച്ചറിഞ്ഞു തന്നെയാണ് എൻഎസ്എസ് നേതൃത്വവും ജനറൽ സെക്രട്ടറി സുകുമാരൻ നായരും മുഖമടച്ചുള്ള നടപടി സ്വീകരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെഎം മാണിയുടെ തണലിൽ ഇത്തരം കളികൾ ചന്ദ്രൻ നായർക്ക് പതിവുള്ളതാണ്. മാണിയോട് നേരിട്ട് ഉടക്കാൻ പലപ്പോഴും എൻഎസ്എസ് നേതൃത്വം തയ്യാറായിരുന്നില്ല. എന്നാൽ മാണിയുടെ മകന് മാണിക്കുള്ള പരിഗണന എൻഎസ്എസിൽ നിന്ന് ലഭിക്കില്ല എന്ന യാഥാർത്ഥ്യം ചന്ദ്രൻ നായർ തിരിച്ചറിഞ്ഞപ്പോഴേക്കും പദവികൾ എല്ലാം നഷ്ടപ്പെട്ടിരുന്നു. താലൂക്ക് യൂണിയൻ അധ്യക്ഷസ്ഥാനം പോയപ്പോഴും എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗത്വം നിലനിർത്താം എന്നാണ് അദ്ദേഹം കരുതിയിരുന്നത്. ജോസ് കെഎം മാണി വഴി സമ്മർദ്ദം ചെലുത്തി തുടർനടപടികൾ ഒഴിവാക്കാൻ ചന്ദ്രൻ നായർ ശ്രമിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇതെല്ലാം തള്ളിക്കളഞ്ഞു കൊണ്ടായിരുന്നു സുകുമാരൻ നായരുടെ ഇന്നത്തെ നീക്കം.

എൻഎസ്എസ് മേൽവിലാസം കൂടി നഷ്ടപ്പെട്ട സ്ഥിതിക്ക് ചന്ദ്രൻ നായർക്ക് കഷ്ടനഷ്ടങ്ങൾ അവസാനിച്ചിട്ടില്ല എന്ന് വേണം വിലയിരുത്താൻ. രാഷ്ട്രീയ നേതാക്കളുടെ തണലിൽ പാലാ സബ് രജിസ്ട്രാർ ഓഫീസിൽ അടക്കം വൻ സ്വാധീനം ചെലുത്തിയിരുന്ന വ്യക്തിയാണ് ആധാരം എഴുത്തുകാരൻ കൂടിയായ ചന്ദ്രൻ നായർ. സ്റ്റാമ്പ് പേപ്പർ പൂഴ്ത്തിവെപ്പും, കരിഞ്ചന്തയും ഇയാൾക്ക് ഉണ്ട് എന്ന ആക്ഷേപവും ശക്തമാണ്. പ്രകടമായ ജോസ് കെ മാണി ഭക്തി അതിരു കടന്നതിനാൽ ചന്ദ്രൻ നായരെ കുറിച്ച് വിജിലൻസിൽ പരാതിപ്പെടാനും ചില യുഡിഎഫ് കേന്ദ്രങ്ങളിൽ ആലോചനകൾ ശക്തമാണ്.

രാഷ്ട്രീയ പിന്തുണയുടെ തണലിൽ അഹങ്കാരത്തോടെ സമുദായ അംഗങ്ങളെ അടക്കി വാണ ചന്ദ്രൻ നായരോട് നായർ സമുദായത്തിനും അംഗങ്ങൾക്കും ഇപ്പോൾ മമതയില്ല. സ്വന്തം താല്പര്യങ്ങൾക്ക് അപ്പുറം ഇയാൾ ഒരിക്കൽ പോലും സമുദായ താൽപര്യങ്ങൾ സംരക്ഷിക്കാൻ നിലകൊണ്ടിട്ടില്ല എന്ന ആക്ഷേപവും ശക്തമാണ്. ശബരിമല വിഷയത്തിൽ അടക്കം ഇരട്ടത്താപ്പ് നയമാണ് ചന്ദ്രൻ നായർ സ്വീകരിച്ചത് വന്നത് എന്ന് ആരോപണമുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ ഇനിയും തിരിച്ചടികൾ ഇദ്ദേഹത്തെ കാത്തിരിപ്പുണ്ട് എന്ന് തന്നെയാണ് വിലയിരുത്തൽ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക