മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ കെപിസിസി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ മുരളീധരനും രംഗത്ത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെയും പ്രധാനമായി ഉന്നമിട്ടാണ് കെ മുരളീധരൻ രംഗത്തുവന്നത്. പ്രവര്‍ത്തക സമിതിയില്‍ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് ലഭിക്കാതെ പോയതിന്റെ നിരാശയിലാണ് മുരളി. സംസ്ഥാന നേതൃത്വത്തെ നിരന്തരം വിമര്‍ശിച്ചു ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധപിടിച്ചു പറ്റാനും പാര്‍ട്ടിയില്‍ അസംതൃപ്തരെ ഉള്‍പ്പെടുത്തി പുതുചേരിക്കുമാണ് മുരളീധരൻ ഒരുങ്ങുന്നത്. ഇതിന്റെ സൂചനയെന്ന നിലയിലാണ് ഇപ്പോള്‍ തുറന്നടിച്ചു രംഗത്തെത്തിയതും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പരസ്യമായി മുരളീധരൻ പ്രഖ്യാപിച്ചതില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. അതുകൊണ്ട് തന്നെ മുരളിയെ അവഗണിക്കാനാണ് നീക്കം. ഇത് കൂടി തിരിച്ചറിഞ്ഞാണ് മുരളീധരൻ വീണ്ടും രംഗത്തുവന്നത്. ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുള്ള നിരന്തര അവഗണന കാരണമാണെന്നും പ്രവര്‍ത്തകസമിതയില്‍ ക്ഷണിതാവാകാൻ ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തക സമിതിയിലേക്ക് സര്‍വീസ് ബ്രേക്ക് പറഞ്ഞ് ചിലര്‍ വെട്ടിയെന്നും എന്നാല്‍ തന്റെ ബ്രേക്കിനോളം സര്‍വീസില്ലാത്തവരാണ് പ്രവര്‍ത്തക സമിതിയിലെന്നും മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കുറപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിയമസഭയിലേക്ക് മത്സരിച്ച്‌ ജയിച്ചാലും താൻ മന്ത്രിയാകില്ല. അപ്പോഴും തഴയാൻ ന്യായീകരണങ്ങളുണ്ടാകും. ചെന്നിത്തല പറഞ്ഞത് പോലെ സമുദായം ചൂണ്ടിക്കാട്ടി തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് വെട്ടിമാറ്റും. പുതുപ്പള്ളിയില്‍ താരപ്രചാരകരുടെ പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്താഞ്ഞത് മനപ്പൂര്‍വമാണ്. മികച്ച വിജയമുണ്ടായത് പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തേക്കാളുപരി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ക്ക് ദുരനുഭവങ്ങള്‍ ഏറെയുണ്ടായതുകൊണ്ടാണ്.

അടുത്ത തവണ യുഡിഎഫിന് ഭരണം ലഭിക്കുമെന്നത് ഉറപ്പുള്ള കാര്യമാണ്. എന്നാലിപ്പോള്‍ പടവെട്ടാനുള്ള സാഹചര്യമല്ല എന്നതുകൊണ്ടാണ് പലകാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്നതെന്നും മുരളീധരൻ പറഞ്ഞു. കഴിഞ്ഞ ദിവസം തനിക്ക് മന്ത്രിസ്ഥാനം നഷ്ടമായതിനെ കുറിച്ചും മുരളീധരൻ രംഗത്തുവന്നിരുന്നു. 2011ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെന്ന് മുരളീ പറഞ്ഞു.കഴിഞ്ഞുപോയ കാര്യങ്ങളാണെന്നും അതേ കുറിച്ച്‌ ഇനി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേര്‍ച്ചു.

‘അന്ന് തനിക്കൊരു മെച്ചം കിട്ടി. വട്ടിയൂര്‍കാവില്‍ എംഎല്‍എയായതുകൊണ്ട് മന്ത്രിയായില്ലെങ്കില്‍ കൂടി തിരുവനന്തപുരം നഗരത്തില്‍ നിറഞ്ഞുനില്‍ക്കാൻ പറ്റി. അന്ന് താൻ മന്ത്രിയാകാതിരിക്കാൻ ആരൊക്കെ നീക്കം നടത്തിയെന്നൊക്കെ അറിയാം. കഴിഞ്ഞുപോയ വിഴുപ്പ് ഇനി അലക്കിയിട്ട് കാര്യമില്ല. സ്വാഭാവികമായി മന്ത്രി സ്ഥാനം കിട്ടുമെന്ന് പ്രതീക്ഷിച്ചു. അന്നും ഞാൻ പരാതി പറയാൻ പോയില്ല, ചോദിക്കാനും പോയില്ല. ആ സമയത്തൊക്കെ കൊടുത്തേ ശീലമുള്ളൂ, വാങ്ങി ശീലമില്ല’- കെ മുരളീധരൻ പറഞ്ഞു.അതേസമയം ചെന്നിത്തയും സംസ്ഥാന നേതൃത്വത്തിനെതിരെ അതൃപ്തിയിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പു മുന്നില്‍ നില്‍ക്കവേയാണ് നേതാക്കള്‍ ഉടക്കുമായി രംഗത്തു വരുന്നതെന്നും ശ്രദ്ധേയമാണ്. അടൂര്‍ പ്രകാശിനെയും കെ. മുരളീധരനെയും ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാൻ പാടില്ലായിരുന്നു എന്ന് ചെന്നിത്തല പറഞ്ഞത് പുതിയ പോരിലേക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക