സർവ്വകാല റെക്കോർഡുകൾ കടപുഴക്കി പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ മുന്നേറുകയാണ്. പുതുപ്പള്ളി മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രമാണ് ഫലപ്രഖ്യാപനം മുന്നേറുമ്പോൾ തിരുത്തപ്പെട്ടു കൊണ്ടിരിക്കുന്നത്. 12 തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ഉമ്മൻചാണ്ടിക്ക് ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന ഭൂരിപക്ഷം 32600 വോട്ട് ആണെങ്കിൽ ആ റെക്കോർഡ് ആണ് ഇപ്പോൾ ഒമ്പതാം റൗണ്ട് കഴിഞ്ഞപ്പോൾ തന്നെ ചാണ്ടി ഉമ്മൻ മറികടന്നിരിക്കുന്നത്. നിലവിലെ ഭൂരിപക്ഷം 37000 വോട്ട് കഴിഞ്ഞിരിക്കുന്നു. കോട്ടയം ജില്ലയിൽ ഒരു കോൺഗ്രസ് നേതാവ് നേടിയ ഏറ്റവും വലിയ ഭൂരിപക്ഷം എന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ റെക്കോർഡും ഇപ്പോൾ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ മറികടന്നിരിക്കുകയാണ്. കോട്ടയം ജില്ലയിൽ യുഡിഎഫ് നേതാവിനെ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം നിലവിൽ മോൻസ് ജോസഫിന് ആണ് അതും മറികടക്കാനുള്ള സാധ്യതകളാണ് ഇപ്പോൾ നിലനിൽക്കുന്നത്.
ശക്തി കേന്ദ്രങ്ങളിൽ തകർന്നടിഞ്ഞ് എൽഡിഎഫ്; കേരള കോൺഗ്രസ് അവകാശവാദങ്ങളും സിപിഎം അവകാശവാദങ്ങളും സ്വന്തം തട്ടകങ്ങളിൽ പൊളിഞ്ഞു
തങ്ങളുടെ ശക്തികേന്ദ്രം എന്ന് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം അവകാശപ്പെട്ടിരുന്ന പഞ്ചായത്തുകളാണ് അയർക്കുന്നതും അകലക്കുന്നവും. ഇവിടങ്ങളിൽ പാർലമെൻറിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ ജോസ് കെ മാണി നേടിയ ഭൂരിപക്ഷത്തെ പോലും കവച്ചുവെക്കുന്ന പ്രകടനമാണ് ചാണ്ടി ഉമ്മൻ നടത്തിയത്. ജോസ് കെ മാണിയും റോഷി അഗസ്റ്റിനും ഇവിടങ്ങളിൽ വീട് കേറി വരെ തിരഞ്ഞെടുപ്പ് പ്രചരണം ഇടതു സ്ഥാനാർഥിക്ക് വേണ്ടി നടത്തിയിട്ടും സ്വന്തം വോട്ടുകൾ പിടിച്ചു നിർത്താൻ പോലും അവർക്ക് കഴിഞ്ഞിട്ടില്ല. അയർക്കുന്നതും അകലുന്നത്തും യുഡിഎഫ് ലീഡ് പിടിച്ചുനിർത്താം എന്ന വ്യാമോഹവും, വെല്ലുവിളിയും അവർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. സമാനമായി വി എൻ വാസവന്റെ സ്വന്തം പഞ്ചായത്തായ പാമ്പാടിയിലും ഇടതു സ്ഥാനാർഥി പിന്നിൽ പോയി. സ്വന്തം പഞ്ചായത്തായ മണർകാടും ഇടതു സ്ഥാനാർത്ഥി പിന്നിൽ പോയി. കഴിഞ്ഞതവണ ഉമ്മൻചാണ്ടിക്ക് മേൽ ഇവിടെ അദ്ദേഹം ലീഡ് ചെയ്തിരുന്നു.
പാർലമെന്റിൽ കേരള കോൺഗ്രസിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി: ആറുമാസങ്ങൾക്കിപ്പുറം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ കോട്ടയത്ത് മത്സരിക്കാൻ സാധ്യത കേരള കോൺഗ്രസ് സ്ഥാനാർത്ഥിയാണ്. ജോസ് കെ മാണിയെ സംബന്ധിച്ചിടത്തോളം ഇടതുമുന്നണിയിൽ എത്തിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ കോട്ടയം നിലനിർത്തേണ്ടത് അഭിമാന പ്രശ്നമാണ്. പക്ഷേ പുതുപ്പള്ളിയിലെ യുഡിഎഫിന്റെ മഹാഭൂരിപക്ഷം സൂചിപ്പിക്കുന്നത് ശക്തമായ ഭരണ വിരുദ്ധ വികാരവും, ഇടതുമുന്നണിയിലേക്ക് പോയ കേരള കോൺഗ്രസിലന് തങ്ങളുടെ വോട്ടുകൾ ഒന്നും അങ്ങോട്ട് എത്തിക്കാൻ സാധിച്ചിട്ടില്ല എന്നുമാണ്.