കെ.എസ്.ഇ.ബി പെൻഷൻ ഫണ്ടിലേക്ക് സര്‍ക്കാര്‍ നല്‍കേണ്ട 407.2 കോടി രൂപ ഉപഭോക്താക്കളുടെ ചുമലിലേക്ക് മാറ്റിയ നടപടി ഹൈകോടതി റദ്ദാക്കിയതോടെ വരാൻ പോകുന്ന വൈദ്യുതി നിരക്ക് വര്‍ധനയുടെ തോത് കുറഞ്ഞേക്കും. യൂണിറ്റിന് ശരാശരി 40 പൈസയോളം വര്‍ധിപ്പിക്കാനാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം ഒഴിവാകുന്നതോടെ 16-17 പൈസയുടെ കുറവ് വരേണ്ടതാണ്. വ്യവസായ ഉപഭോക്താക്കളുടെ സംഘടനകള്‍ നല്‍കിയ കേസിലാണ് വിധി.

പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം ഇതുവരെ സര്‍ക്കാറാണ് നല്‍കിവന്നിരുന്നത്. നേരത്തേയുണ്ടായ ധാരണയും അങ്ങനെയായിരുന്നു. 2014, 18 വര്‍ഷങ്ങളില്‍ വന്ന റെഗുലേഷനുകള്‍ പ്രകാരം സര്‍ക്കാറാണ് ഇത് നല്‍കിയത്. പലിശ മാത്രമാണ് ഉപഭോക്താക്കളുടെ മുകളില്‍ വന്നത്. എന്നാല്‍, 2021ലെ റെഗുലേഷനില്‍ കരടില്‍ ഇത് സര്‍ക്കാര്‍ ബാധ്യതയായാണ് കാണിച്ചിരുന്നതെങ്കിലും പിന്നീട് ഉപഭോക്താക്കളുടെ മുകളിലേക്ക് വന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സര്‍ക്കാറോ കെ.എസ്.ഇ.ബിയോ ഇത് ആവശ്യപ്പെട്ടിരുന്നില്ല. നിയമപ്രാബല്യം വന്നതോടെ കെ.എസ്.ഇ.ബി പ്രതീക്ഷിത വരവ്-ചെലവ് കണക്കില്‍ (എ.ആര്‍.ആര്‍) ഉള്‍പ്പെടുത്തിയതോടെയാണ് ഉപഭോക്താക്കളുടെ മുകളിലേക്ക് വന്നത്. ഇതോടെ കെ.എസ്.ഇ.ബി പെൻഷനുള്ള മാസ്റ്റര്‍ ട്രസ്റ്റിന്‍റെ പ്രിൻസിപ്പല്‍ (മുതല്‍) ഇനത്തില്‍ 2037 വരെ ഓരോ വര്‍ഷവും 407.2 കോടി വീതം നല്‍കേണ്ട ബാധ്യത സര്‍ക്കാറിന് ഒഴിവായി. ആ തുക നിരക്ക് വര്‍ധനയിലൂടെ ഉപഭോക്താക്കള്‍ നല്‍കേണ്ട സ്ഥിതിയായി. 21-27 കാലയളവിലേക്കുള്ള കമീഷന്‍റെ ഈ റെഗുലേഷൻ വ്യവസ്ഥയാണ് ഇപ്പോള്‍ റദ്ദായത്.

വൈദ്യുതി ബോര്‍ഡ് കമ്ബനിയാക്കിയപ്പോഴാണ് പെൻഷൻ ഫണ്ടിന്‍റെ കാര്യത്തില്‍ ധാരണ വന്നത്. 2013 വരെ പെൻഷനായവര്‍ക്കും അപ്പോള്‍ സര്‍വിസിലുണ്ടായിരുന്നവര്‍ക്കും വരുന്ന പെൻഷൻ ബാധ്യതക്കായാണ് ഫണ്ട് ഉണ്ടാക്കിയത്. അതിന് ശേഷമുള്ളവര്‍ക്ക് പങ്കാളിത്ത പെൻഷനാണ്. 2017ലാണ് ഫണ്ട് നിലവില്‍വന്നത്.

റെഗുലേഷൻ കമീഷന്‍റെ ഈ തീരുമാനമാണ് കോടതിയില്‍ ചോദ്യം ചെയ്തത്. കഴിഞ്ഞ ജൂണില്‍ നാല് വര്‍ഷത്തെ വൈദ്യുതി നിരക്ക് വര്‍ധന പ്രഖ്യാപിക്കാനാണ് കമീഷൻ തീരുമാനിച്ചത്. നിയമനടപടി വന്നതോടെ ഇത് നീട്ടിവെച്ചു. നിലവിലെ നിരക്ക് സെപ്റ്റംബര്‍ 30 വരെയോ പുതിയ ഉത്തരവ് വരുന്നതുവരെയോ കമീഷൻ പ്രാബല്യത്തിലാക്കി. എച്ച്‌.ടി-ഇ.എച്ച്‌.ടി ഉപഭോക്താക്കളുടെ അസോസിയേഷനാണ് കേസിന് പോയതെങ്കിലും എല്ലാ ഉപഭോക്താക്കള്‍ക്കും ഗുണം കിട്ടും വിധമാണ് വിധി വന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക