2024 ല്‍ നടക്കേണ്ട പൊതുതിരഞ്ഞെടുപ്പ് 2023 ഡിസംബറില്‍ നടന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുന്നു. പശ്ചിംമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇത്തരമൊരു പ്രവചനവുമായി ആദ്യം രംഗത്ത് വരുന്നത്. പിന്നാലെ ഇതിനെ പിന്താങ്ങിക്കൊണ്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമെത്തി. വൈകീട്ടോടെ കേന്ദ്ര സര്‍ക്കാര്‍ എല്‍പിജി വിലയില്‍ ഇളവ് പ്രഖ്യാപിച്ചതും ചര്‍ച്ചകള്‍ക്ക് ആക്കം പകരുകയായിരുന്നു.

എല്‍പിജിക്ക് 200 രൂപ കുറച്ചത് സ്വാഭാവികമായ നടപടിയെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെടുമ്ബോഴും രാഷ്ട്രീയ ലക്ഷ്യമാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് പിന്നിലെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്. ബിജെപി പൊതുതിരഞ്ഞെടുപ്പിനുള്ള കളം ഒരുക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നു. ‘ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നിശ്ചിത സമയത്തിന് മുമ്ബ് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചേക്കാം. രാജ്യത്ത് എപ്പോള്‍ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടക്കാം. ഇത് കണക്കിലെടുത്ത് പ്രതിപക്ഷം ഇപ്പോള്‍ തന്നെ ഒന്നിച്ച്‌ നില്‍ക്കണം’- എന്നാണ് നിതീഷ് കുമാര്‍ പറഞ്ഞത്. നിശ്ചിത സമയത്തിന് ആറോ ഏഴോ മാസം മുമ്ബ് തന്നെ കേന്ദ്രം തിരഞ്ഞെടുപ്പ് നടത്തിയേക്കുമെന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് താൻ പറഞ്ഞിരുന്നതായി ബിഹാര്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഈ വര്‍ഷം അവസാനമാണ് നടക്കേണ്ടത്. ഈ തെരഞ്ഞെടുപ്പകള്‍ക്കൊപ്പം തന്നെ ലോക്സഭ തിരഞ്ഞെടുപ്പും നടത്താന്‍ കേന്ദ്ര തീരുമാനിക്കുമോയെന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. അങ്ങനെയങ്കില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാമെന്ന വിശ്വാസം ബിജെപി നേതാക്കള്‍ക്കുണ്ട്.

നിലവില്‍ അധികാരത്തിലുള്ള മധ്യപ്രദേശില്‍ മാത്രമല്ല, അടുത്ത ഡിസംബറില്‍ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന മറ്റ് നാല് സംസ്ഥാനങ്ങളിലും ബി ജെ പി ശക്തമായ പോരാട്ടമാണ് നേരിടുന്നതെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഗ്യാസ് വില കുറയ്ക്കുന്നത് അടക്കമുള്ള നടപടികളെന്നതുമാണ് ശ്രദ്ധേയം. ഗ്യാസിന് പിന്നാലെ പെട്രോള്‍ വിലയിലും ഉടന്‍ കുറവുണ്ടായേക്കുമെന്ന പ്രതീക്ഷയുമുണ്ട്.

അധികാരത്തിലെത്തിയാല്‍ 500 രൂപയ്ക്ക് പാചക വാതക സിലിണ്ടറുകള്‍ നല്‍കുമെന്നാണ് മധ്യപ്രദേശിലേയും തെലങ്കാനയിലേയും കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ധാനം എന്നതും ശ്രദ്ധേയമാണ്. എല്‍പിജി വില വര്‍ധനവ് അടക്കം ഉയര്‍ത്തിക്കാട്ടിയായിരുന്നു കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേട്ടം കൊയ്തത്. ഈ സാഹചര്യത്തില്‍ കൂടിയാണ് എല്‍പിജി വില കുറയ്ക്കാന്‍ കേന്ദ്രം തയ്യാറായതെന്ന വിലയിരുത്തലും ശക്തമാണ്.കഴിഞ്ഞ തവണ നഷ്ടമായ ലോക്സഭ സീറ്റുകള്‍ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ പ്രവര്‍ത്തനവും ചര്‍ച്ചകളില്‍ ഇടം പിടിച്ചിട്ടുണ്ട്. 2019ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റ 161 ലോക്‌സഭാ സീറ്റുകളില്‍ വരുന്ന 1000 നിയമസഭാ മണ്ഡലങ്ങളില്‍ സംസ്ഥാന നേതാക്കളെയോ ഭാരവാഹികളെയോ കളത്തില്‍ ഇറക്കി വിജയം പിടിച്ചെടുക്കാനാണ് പാര്‍ട്ടി തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക