കോട്ടയം: താൻ രാജിവെച്ചതിനെത്തുടര്‍ന്ന്​ ഒഴിവുവന്ന രാജ്യസഭാ സീറ്റ് ​ജോസ്​ കെ. മാണി വീണ്ടും ഏറ്റെടുത്തതി​നെച്ചൊല്ലി കേരള കോണ്‍ഗ്രസ്​ എമ്മില്‍ തര്‍ക്കം. അഞ്ച്​ എം.എല്‍.എമാരും മുന്നിട്ടിറങ്ങി ജോസ്​ കെ. മാണിയെ സ്ഥാനാര്‍ഥിയാക്കിയത്​ പാര്‍ട്ടിക്കുള്ളില്‍ ചേരിതിരിവിന്​ കാരണമായിട്ടുണ്ട്​​. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍​ മുന്‍ഗണന നല്‍കണമെന്നായിരുന്നു ഭൂരിപക്ഷം നേതാക്കളുടെയും വാദം.

യു.ഡി.എഫിലായിരി​ക്കെ 2018ലാണ്‌ ജോസ് കെ. മാണിക്ക് ആറുവര്‍ഷ കാലാവധിയുള്ള രാജ്യസഭാ സീറ്റ് ലഭിച്ചത്​. യു.ഡി.എഫ്​ വിട്ടതോടെ 2021 ജനുവരിയില്‍ ജോസ്​ കെ. മാണി എം.പി സ്ഥാനം രാജിവെച്ചു. ഇതില്‍ അവശേഷിക്കുന്ന കാലയളവിലേക്കാണ്​ തെര​ഞ്ഞടുപ്പ്​. പ്രത്യേകിച്ച്‌​ സ്ഥാനമൊന്നുമില്ലാത്ത പാര്‍ട്ടി ചെയര്‍മാന്‍ ദേശീയ രാഷ്​ട്രീയത്തില്‍ പോകുന്നത്​ ഉചിതമാണെന്ന നിലപാടില്‍ എം.എല്‍.എമാര്‍ ഉറച്ചുനിന്നപ്പോള്‍ സംസ്ഥാന രാഷ്​ട്രീയത്തില്‍ പ്രവര്‍ത്തിച്ച്‌​​ കെ.എം. മാണിയെപ്പോലെ ക്രൈസ്​തവരു​െടയും കര്‍ഷകരുടെയും നേതാവായി പാലാ മണ്ഡലം തിരിച്ചുപിടിക്കാനായിരുന്നു മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ ഉപദേശം. ഇരുചേരിക്കുമിടയിലെ അഭിപ്രായ വ്യത്യാസം പാര്‍ട്ടിയുടെ ​സൈബര്‍ ഗ്രൂപ്പുകളില്‍ തര്‍ക്കമായി വളര്‍ന്നിട്ടുണ്ട്​. ​

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലായില്‍ തോറ്റതോടെ അപ്രതീക്ഷിത നേട്ടം ​കൈവന്ന ചിലര്‍ ജോസ്​ കെ. മാണിയെ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന്​ പാര്‍ട്ടിക്കുള്ളില്‍ ആരോപണമുണ്ട്​. കച്ചവടതാല്‍പര്യമുള്ള പാര്‍ട്ടിയിലെ ചിലരാണ്​ നീക്കങ്ങള്‍ക്ക്​ ചുക്കാന്‍ പിടിക്കുന്നതെന്നും കോട്ടയം ജില്ലയിലെ പ്രമുഖ സി.പി.എം നേതാവി​ന്‍റ ഇടപെടലും ജോസ്​ കെ. മാണിക്ക്​ എതിരായ നീക്കങ്ങള്‍ക്ക്​ പിന്നിലുണ്ടെന്നും ഒരുവിഭാഗം ആരോപിക്കുന്നു. സ്ഥാനാര്‍ഥിത്വത്തിലൂടെ ജോസ്​ കെ. മാണി അധികാരമോഹിയായി ചിത്രീകരിക്കപ്പെടും.

സര്‍ക്കാറി​ന്‍റ പ്രോ​ട്ടോകോളില്‍ ഉള്‍പ്പെടുന്ന സ്ഥാനത്ത്​ പാര്‍ട്ടി ചെയര്‍മാന്‍ എത്തുന്നത്​ നല്ലതാണെന്ന നിലപാടാണ്​ എം.എല്‍.എമാരെ പിന്തുണക്കുന്നവര്‍ ഉയര്‍ത്തിക്കാട്ടുന്നത്​. മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ ഇത്​ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും അവര്‍ പറയുന്നു. അതിനിടെ, രാജ്യസഭ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്​ ഭരണഘടനാ വിരുദ്ധമാണെന്ന്​ ചൂണ്ടിക്കാട്ടി ഒരുവിഭാഗം പ്രവര്‍ത്തകരും നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്​. പാര്‍ട്ടി ഭരണഘടനയുടെ 16ാം വകുപ്പ്​ 10ാം ഉപവകുപ്പ്​ പ്രകാരം നിയമസഭയിലേക്കും പാര്‍ലമെന്‍റിലേക്കുമുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിക്കേണ്ടത്​ സ്​റ്റിയറിങ്​ കമ്മിറ്റിയാണ്​.

പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന 101 അംഗങ്ങളുടെ സ്​റ്റിയറിങ്​ കമ്മിറ്റിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നതിനാല്‍ എം.എല്‍.എമാര്‍ ഏകപക്ഷീയമായി ജോസ്​ കെ. മാണിയുടെ പേര്​ പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ്​ അവരുടെ ആരോപണം. നവംബര്‍ 29ന്​ നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ നവംബര്‍ 16 വരെ സമയമുണ്ട്​. എന്നിട്ടും പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേര്‍ന്ന്​ ജോസ്​ കെ. മാണിയെ പ്രഖ്യാപിച്ചതില്‍ ഒരു വിഭാഗം നേതാക്കള്‍ അസ്വസ്ഥരാണ്​. ഭരണഘടനയുടെ 22ാം വകുപ്പ്​ നാലാം ഉപവകുപ്പ്​ പ്രകാരം സ്​റ്റിയറിങ്​ കമ്മിറ്റിയുടെ താഴെയാണ്​ പാര്‍ലമെന്‍ററി പാര്‍ട്ടിയുടെ സ്ഥാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക