ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ഗുജറാത്തില്‍ പോളിങ് ബൂത്ത് കൈയേറി ഇവിഎം പിടിച്ചെടുത്ത് കള്ളവോട്ട് ചെയ്തും സംഭവം സോഷ്യല്‍മീഡിയയിലൂടെ ലൈവിട്ടും ബിജെപി എം.പിയുടെ മകൻ. ഗുജറാത്തിലെ ദാഹോദ് മണ്ഡലത്തിലെ ബിജെപി എംപിയായ ജസ്വന്ത്സിങ് ഭാഭോറിന്റെ മകൻ വിജയ് ഭാഭോർ ആണ് ഇവിഎം കൈക്കലാക്കി കള്ളവോട്ട് ചെയ്തത്. ദാഹോദിലെ സാന്ത്രാപൂർ താലൂക്കിലെ പർഥംപൂർ ഗ്രാമത്തിലാണ് സംഭവം.

വിജയ് ഭാഭോറും കൂട്ടാളികളും കൂടിയാണ് ബൂത്തിലേക്ക് അതിക്രമിച്ചുകയറിയത്. ബൂത്തില്‍ അതിക്രമിച്ചു കയറുന്നത് മുതല്‍ ചെയ്ത എല്ലാ കാര്യങ്ങളും ഇവർ സോഷ്യല്‍മീഡിയയില്‍ ലൈവ് ചെയ്യുകയും ചെയ്തു. ലൈവില്‍ ആദ്യം ഇവിഎം കാണിക്കുകയും പിന്നീട് ഇതില്‍ കള്ളവോട്ട് ചെയ്യുന്നതും ചുവന്ന ലൈറ്റ് കത്തുന്നതും കാണാം. ഇടയ്ക്ക് തടയാൻ എത്തുന്ന പോളിങ് ബൂത്ത് ഉദ്യോഗസ്ഥരെ ഇവർ അധിക്ഷേപിക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവം വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ ഇയാള്‍ ഇത് ഡിലീറ്റ് ചെയ്തു. എന്നാല്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. നീക്കം ചെയ്യുന്നതിന് മുമ്ബ് സേവ് ചെയ്ത വീഡിയോ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ എക്സിലൂടെ പുറത്തുവിട്ടിട്ടുണ്ട്.’ബിജെപി നേതാവിന്റെ മകനും പാർട്ടി പ്രവർത്തകനുമായ വിജയ് ഭാഭോർ ഗുജറാത്തിലെ ദഹോദിലെ പോളിങ് ബൂത്ത് തട്ടിയെടുത്ത് ആ സംഭവം മുഴുവൻ സോഷ്യല്‍മീഡിയയില്‍ ലൈവ് സ്ട്രീം ചെയ്തു. പിന്നീട് അത് ഡിലീറ്റ് ചെയ്തു. റിപ്പോർട്ടുകള്‍ പ്രകാരം അയാള്‍ ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും മറ്റുള്ളവരുമായി കള്ളവോട്ട് ചെയ്യുകയും ചെയ്തെന്നാണ് ആരോപണം. ഇത് പ്രാദേശിക വാർത്താ ചാനലുകള്‍ റിപ്പോർട്ട് ചെയ്യുകയും ദേശീയ ചാനലുകള്‍ നിശബ്ദത പാലിക്കുകയും ചെയ്യുന്നു’- മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തു.

അതേസമയം, ബൂത്ത് പിടിച്ചെടുക്കല്‍ സംഭവത്തില്‍ ദാഹോദിലെ കോണ്‍ഗ്രസ് സ്ഥാനാർഥി ഡോ. പ്രഭാബെൻ തവിയാദ് വിജയ് ഭാഭോറിനെതിരെ ജില്ലാ കലക്ടർക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതർ ഉറപ്പ് നല്‍കിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ നടന്ന വോട്ടെടുപ്പില്‍ ദാഹോദില്‍ 58.66% പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മുഴുവൻ സീറ്റുകളും ബിജെപി നേടിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക