ലൈഫ് മിഷൻ കേസില്‍ എം. ശിവശങ്കറിന് ജാമ്യം അനുവദിച്ച്‌ സുപ്രീംകോടതി. ചികിത്സയ്ക്ക് വേണ്ടിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം സുപ്രീംകോടതി തള്ളി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ ആറ് മാസമായി ജയിലില്‍ കഴിയുകയാണ്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് മാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 15 നാണ് ലൈഫ് കോഴ കേസില്‍ ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്.

സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് എന്നീ കേസുകളില്‍ നേരത്തെ ശിവശങ്കര്‍ ജയിലില്‍ കിടന്നിരുന്നു. വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കരാര്‍ നല്‍കാൻ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് നിലവില്‍ ശിവശങ്കര്‍ അറസ്റ്റിലായത്. കോഴ ആരോപണം കെട്ടിചമച്ച കഥയാണെന്നാണ് ശിവശങ്കര്‍ പറഞ്ഞത്. സ്വപ്നയുടെ ലോക്കറിനെക്കുറിച്ച്‌ അറിയില്ലെന്നും ശിവശങ്കര്‍ പറഞ്ഞിരുന്നു. യുഎഇയുടെ സഹായത്തോടെ നിര്‍ധനര്‍ക്കായി ഫ്ലാറ്റ് നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ യൂണിടാക്കിന് ലഭിക്കുന്നതിനു വേണ്ടി കോഴ വാങ്ങി എന്നാണ് ശിവസങ്കറിനെതിരായ കേസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യൂണിടാക്ക് എംഡിയായ സന്തോഷ് ഈപ്പൻ 4 കോടി 48 ലക്ഷം രൂപ കോഴ നല്‍കിയെന്ന് നേരത്തെ മൊഴി നല്‍കിയിരുന്നു. ശിവശങ്കറിന്‍റെ സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍റേയും സ്വപ്ന സുരേഷിന്‍റെയും പേരിലുള്ള ലോക്കറില്‍നിന്നും ഒരു കോടി രൂപ കണ്ടെത്തുകയും ചെയ്തു. ഇത് ശിവശങ്കറിനുള്ള കോഴപ്പണമാണെന്ന് തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ സ്വപ്ന സുരേഷ് മൊഴി നല്‍കി. എന്നാല്‍ ചോദ്യം ചെയ്യലിന്‍റെ ഒരു ഘട്ടത്തിലും ശിവശങ്കര്‍ അന്വേഷണ സംഘത്തോട് സഹകരിച്ചിരുന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക